സാഹിത്യത്തിന് 2021 ലെ നൊബേൽ സമ്മാനം നേടിയ “അബ്ദുൾ റസാക്ക് ഗുർണയ്യുടെ കേരളത്തെക്കുറിച്ചുള്ള അറിവും കാഴ്ചപ്പാടും നമ്മൾ കേള്‍ക്കാതെ പോകുന്നു” എന്ന് എഴുത്തുകാരനും പത്രപ്രവർത്തകനുമായ മുസഫർ അഹമ്മദ്. വക്കം മൗലവി മെമ്മോറിയൽ ആൻഡ് റിസർച്ച് സെന്ററിന്റെയും ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബൽ സൗത്ത് സ്റ്റഡീസ് ആൻഡ് റിസർച്ചറിന്റെയും ആഭിമുഖ്യത്തിൽ നടന്ന ചർച്ചയിൽ “ഗുർണയുടെ ഭൂപടത്തിലെ കേരളം” എന്ന വിഷയത്തെക്കുറിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഗുർണയ്ക്ക് കേരളത്തെക്കുറിച്ച്, പ്രത്യേകിച്ചും മലബാറിനെയും അതിന്റെ ചരിത്ര പ്രാധാന്യത്തെക്കുറിച്ച് കൃത്യമായി അറിയാമായിരുന്നു. ഗൂര്‍ണ കേരളത്തെക്കുറിച്ചുള്ള തന്റെ അറിവ് അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍, അഭിമുഖങ്ങള്‍ എന്നിവയില്‍ വ്യക്തമാക്കുന്നുണ്ടു. എന്നാൽ മലയാളികള്‍ ഗൂര്‍ണയുടെ സാഹിത്യത്തെക്കുറിച്ചെഴുതുമ്പോള്‍ ഈ പ്രധാനപ്പെട്ട കാര്യം കടന്നുവരുന്നേയില്ല. കേരളം കാണാത്ത, എന്നാല്‍ കേരളത്തെ ചരിത്ര സന്ദര്‍ഭങ്ങളിലൂടെ മനസ്സിലാക്കിയ ഏക സാഹിത്യ നോബല്‍ ജേതാവ് ഗൂര്‍ണയായിരിക്കും,” മുസഫർ പറഞ്ഞു.
“ഗുർണയുടെ ശൃംഖലാ പ്രദേശങ്ങൾ എന്ന ആശയത്തിൽ മലബാര്‍ ഇന്ത്യന്‍ മഹാസമുദ്രതീരങ്ങളിലെ സുപ്രധാന പ്രദേശമാണ്. ഗുർണ ജനിച്ച സാന്‍സിബാറും ഇന്ത്യന്‍ മഹാസമുദ്ര പ്രദേശം ആയതിനാൽ, തന്റെ നാടുമായി ബന്ധപ്പെട്ടു കിടക്കുന്ന ശൃംഖലാ ദേശങ്ങളെക്കുറിച്ചു മനസ്സിലാക്കാന്‍ അതീവ താല്‍പര്യവും ജാഗ്രതയും കാണിച്ചിട്ടുണ്ട് ഗൂര്‍ണ. അദ്ദേഹത്തിന്റെ ‘കേരള ബന്ധ’ത്തിനുമുള്ള ഭൂരാഷ്ട്രതന്ത്രപരമായ കാരണവും അതാണ്,” അദ്ദേഹം പറഞ്ഞു.
“ഗൂര്‍ണയുടെ സാഹിത്യത്തെ ഇന്ത്യന്‍ മഹാസമുദ്രതീര ആഖ്യാനമായി കാണേണ്ടതുണ്ടെന്നും അതിന് മലബാര്‍ തീരത്തിന്റെ ചരിത്രമാണ് മലയാളിയെ ഏറ്റവും കൂടുതല്‍ സഹായിക്കുകയുമെന്ന യാഥാര്‍ഥ്യം കാണാതെ പോകുന്നു” എന്നും മുസഫർ പറഞ്ഞു. “ഗൂര്‍ണക്കുണ്ടായ പലായന അനുഭവം കോളനി കാലത്ത് മലബാറിലുമുണ്ടായിട്ടുണ്ട്. തൊഴില്‍ പ്രവാസത്തിനു തൊട്ടുമുമ്പുള്ള മലബാര്‍ ചരിത്രം, അതിലെ കോളനി വാഴ്ച്ചയുടെ അനുഭവങ്ങള്‍, സമുദ്രപാതയിലും കരയിലും തൂക്കുമരങ്ങളിലുമായി ഒഴുകിയ മനുഷ്യരക്തം, ഇതിനെല്ലാം ഗൂര്‍ണയുടെ സാഹിത്യ-ചിന്താ ലോകങ്ങളോട് വലിയ സമാനതയുണ്ട്. ഗൂര്‍ണ എഴുതി, മലയാളികള്‍ ഇതൊന്നും സാഹിത്യത്തില്‍ കൊണ്ടു വന്നില്ല. ഒരു വായനക്കാരന്‍ എന്ന നിലയില്‍ ഗൂര്‍ണയുടെ സാഹിത്യം മലയാളി എഴുതാതെ പോയ സാഹിത്യമാണെന്ന തോന്നലും ഉണ്ടാക്കുന്നു. നമുക്ക് നഷ്ടമായ സാഹിത്യം കൂടിയാണത്,” അദ്ദേഹം പറഞ്ഞു.
“ഗുർണയുടെ ജന്മദേശമായ സാന്‍സിബാര്‍ അടിമച്ചന്തകളുടേയും കച്ചവടത്തിന്റേയും കേന്ദ്രമായിരുന്നു. കേരള ചരിത്രം വിനില്‍ പോളിന്റെ അടിമ ചരിത്രത്തിന്റെ പശ്ചാത്തലത്തിൽ കൂടി വായിക്കുമ്പോള്‍ അധിനിവേശ കാലത്ത് സാന്‍സിബാറും കേരളവും എങ്ങിനെ സമാനമായ ദുരന്താനുഭവങ്ങളിലൂടെ കടന്നു പോയി എന്ന് മനസ്സിലാക്കാനാവും. അറബ് നാടുകളില്‍ ഒമാനിലേക്കാണ് സാന്‍സിബാറിലെ അടിമകളെ മുഖ്യമായും കൊണ്ടു പോയത്. പോര്‍ച്ചുഗീസുകാര്‍ മലബാറില്‍ ഹജ്ജ് കപ്പല്‍ മുക്കിക്കളഞ്ഞു നിരവധി പേരെ കൊന്നതിനു സമനമായ സംഭവങ്ങൾ കിഴക്കനാഫ്രിക്കയിലുമുണ്ടായിട്ടുണ്ട്. ഗുഡ്‌സും (ചരക്കുകള്‍) ഗോഡ്‌സും (ദൈവങ്ങള്‍) എങ്ങിനെ ഈ സമുദ്രപാതയിലൂടെ യമനിലും ആഫ്രിക്കയിലും മലബാറിലും എത്തിച്ചേര്‍ന്നു എന്നതിനെക്കുറിച്ചാലോചിക്കുമ്പോഴും സമാനതകള്‍ കണ്ടെത്താം,” മുസഫർ പറഞ്ഞു.
“സെമിറ്റിക്ക് മതങ്ങള്‍ എവിടെയാണെങ്കിലും അതിന്റെ സാംസ്‌ക്കാരിക പരിസരങ്ങളില്‍ നിന്നും എഴുതപ്പെടുന്ന സാഹിത്യത്തിന് പല സമാനതകളും കാണാനാകും. ‘പിഞ്ഞാണത്തിലെഴുത്തു’ തുടങ്ങിയ കാര്യങ്ങള്‍ ഇത്തരം കൃതികളിലെല്ലാം കടന്നു വരുന്നത് സമാനതകളുടെ ലോകത്തേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകും. പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ ‘സ്മാരക ശിലകളി’ല്‍ ഇങ്ങിനെയുള്ള ചില സന്ദര്‍ഭങ്ങള്‍ കണ്ടെത്താൻ കഴിയും. പി.എ.മുഹമ്മദ് കോയയുടെ ‘സുല്‍ത്താന്‍ വീട്’ അത്തരത്തിലുള്ള ഒരു രചനയാണ്. നോവലിലെ കഥാപാത്രങ്ങള്‍ ഇതേ മഹാസമുദ്ര തീരവാസികളാണെന്നതാണ് വസ്തുത. ഇന്ന് ആ നോവലിനെ അങ്ങിനെ പുനര്‍വായിക്കാന്‍ കഴിയും. തിക്കോടിയന്റെ ‘ചുവന്ന കടൽ’ ഈ നിരയിലെ മറ്റൊരു പ്രധാന കൃതിയാണ്. പക്ഷെ ‘ചുവന്ന കടലി’നെ നമ്മൾ ഗൗരവമായി കണ്ടില്ല,” അദ്ദേഹം പറഞ്ഞു.
മഹാത്മാഗാന്ധി സർവകലാശാലയിലെ പശ്ചിമേഷ്യ-പ്രവാസ പഠന വിദഗ്ദ്ധൻ ഡോ. എം. വി. ബിജുലാൽ ആധ്യക്ഷത വഹിച്ചു. കേരള ചരിത്ര ഗവേഷ കൗൺസിൽ ചെയർമാൻ ഡോ. മൈക്കൾ തരകൻ, സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് ഖദീജ മുംതാസ്, ഡോ. കെ.എം. സീതി, ഡോ. ഉമർ തറമേൽ, ഡോ. വി. മാത്യുകുര്യൻ, തുടങ്ങിയവർ സംസാരിച്ചു. ഡോ. ബി. ഇഖ്ബാൽ, ഡോ. പി.പി. രവീന്ദ്രൻ, പ്രൊഫ. സെബാസ്റ്റ്യൻ വട്ടമറ്റം തുടങ്ങിയവരും സംബന്ധിച്ചു.