മഴ : തിരുവനന്തപുരം ജില്ല ജാഗ്രതയിൽ

Spread the love

മന്ത്രിമാരായ വി ശിവൻകുട്ടിയുടെയും ആന്റണി രാജുവിന്റെയും നേതൃത്വത്തിൽ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.

മഴ : തിരുവനന്തപുരം ജില്ല ജാഗ്രതയിൽ, മന്ത്രിമാരായ വി ശിവൻകുട്ടിയുടെയും ആന്റണി രാജുവിന്റെയും നേതൃത്വത്തിൽ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. മഴ കനത്തതോടെ തിരുവനന്തപുരം ജില്ലയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ മന്ത്രിമാരായ വി ശിവൻകുട്ടി,ആന്റണി രാജു എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേർന്നു. തിരുവനന്തപുരം മേയർ എസ് ആര്യ രാജേന്ദ്രൻ, ജില്ലാ കളക്ടർ നവജ്യോത് ഖോസ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, പോലീസ് – അഗ്നിശമന സേനാ- സേനാ വിഭാഗങ്ങളുടെ പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

യോഗത്തിലെ പ്രധാന തീരുമാനങ്ങൾ ഇനി പറയുന്നു. പാറ പൊട്ടിക്കുന്നതും മണ്ണെടുക്കുന്നതും താൽക്കാലികമായി നിർത്തി വെക്കും. നാശനഷ്ടങ്ങൾ അടിയന്തരമായി തിട്ടപ്പെടുത്തും. ആവശ്യമെങ്കിൽ കൂടുതൽ ദുരിതാശ്വാസക്യാമ്പുകൾ തുറക്കും. വകുപ്പുകൾ കൺട്രോൾ റൂമുകൾ തുറക്കുകയും അവയുടെ നമ്പറുകൾ പൊതു ജനങ്ങളിലേക്ക് എത്തിക്കാൻ നടപടിയെടുക്കുകയും ചെയ്യും. മരങ്ങൾ വീണാൽ ഉടൻ മുറിച്ചു മാറ്റാൻ നടപടിയുണ്ടാകും . വീഴാൻ സാധ്യതയുള്ള മരങ്ങൾ കണ്ടെത്തി വേണ്ട നടപടികൾ കൈക്കൊള്ളും. മത്സ്യത്തൊഴിലാളികൾ ജാഗ്രതാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നു എന്ന് ഉറപ്പുവരുത്തും. സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചാരണം നടത്തുന്നത് തടയാൻ പോലീസ് നടപടികൾ കൈക്കൊള്ളും. കാലാവസ്ഥാ മുന്നറിയിപ്പുകൾ ജനങ്ങളിലേക്കെത്തിക്കാൻ ബന്ധപ്പെട്ടവർ നടപടിയെടുക്കും.

പോലീസ് – അഗ്നിശമന സേനാ- സേനാ വിഭാഗങ്ങൾ ജാഗ്രതയിൽ ആണെന്ന് യോഗത്തിൽ പങ്കെടുത്ത പ്രതിനിധികൾ അറിയിച്ചു. അത്യാവശ്യങ്ങൾക്ക് അല്ലാതെ മലയോരങ്ങളിലൂടെ യാത്ര ചെയ്യരുതെന്ന് മുന്നറിയിപ്പ് നൽകും. നദീതീരങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രത നിർദ്ദേശം നൽകാനും ആവശ്യമെങ്കിൽ അവരെ മാറ്റി താമസിപ്പിക്കാനും തീരുമാനമായി.

Author

Leave a Reply

Your email address will not be published. Required fields are marked *