കോണ്‍ഗ്രസ് ബന്ധം; സിപിഎം ദേശീയ നേതൃത്വത്തെ പിണറായി സംഘം അട്ടിമറിച്ചെന്ന് കെ.സുധാകരന്‍ എംപി

Spread the love

ജനാധിപത്യ ചേരിയെ ശാക്തീകരിക്കാനുള്ള സിപിഎം ദേശീയ നേതൃത്വത്തിന്റെ ശ്രമങ്ങളെ പതിവുപോലെ ഇത്തവണയും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടുന്ന കേരള സംഘം അട്ടിമറിച്ചെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി.

ദേശീയതലത്തില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസുമായി കൂട്ടുകെട്ട് വേണ്ടെന്ന തീരുമാനം പോളിറ്റ് ബ്യൂറോ എടുത്തത് കേരള ഘടകത്തിന്റെ സമ്മര്‍ദ്ദം മൂലമാണോയെന്ന് വ്യക്തമാക്കണം. സിപിഎം നിലപാട് അങ്ങേയറ്റം ബുദ്ധിശൂന്യതയും വിവേകമില്ലായ്മയുമാണ്.

കേരളം മാത്രമാണ് സിപിഎമ്മിന് തുരുത്തായുള്ളത്. കേരള സിപിഎം നേതാക്കളുടെ നിലപാട് ബിജെപിക്ക് അനുകൂലമാണ്. കാലങ്ങളായി കേരളത്തില്‍ സിപിഎമ്മും ബിജെപിയും തുടരുന്ന രഹസ്യ സഖ്യമാണ് ഇത്തരം ഒരു നിലപാട് പിബിയില്‍ സ്വീകരിക്കാന്‍ കേരള നേതാക്കള്‍ക്ക് ഇന്ധനം പകര്‍ന്നത്. അന്ധമായ കോണ്‍ഗ്രസ് വിരോധം വച്ചുപുലര്‍ത്തുന്ന കേരളത്തിലെ സിപിഎം നേതാക്കളുടെ മൃദുഹിന്ദുത്വ സമീപനത്തിന് തെളിവാണ് പിബിയിലെ നിലപാട്.

വര്‍ഗീയ ഫാസിസത്തിനെതിരായ പോരാട്ടത്തില്‍ ജനാധിപത്യ മതേതര ശക്തികളെ സിപിഎം ഒറ്റിക്കൊടുക്കുകയാണ്.നരേന്ദ്ര മോദിയുടെ നയങ്ങളോടും നിലപാടുകളോടും യോജിക്കുന്ന നടപടികളാണ് അധികാരത്തില്‍ എത്തിയത് മുതല്‍ കേരള മുഖ്യമന്ത്രി പിന്തുടരുന്നത്.ബി.ജെ.പിയുടെ വര്‍ഗീയ ഫാസിസ്റ്റ് ഭീഷണിയെ ചെറുത്ത് തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മതേതര ജനാധിപത്യകക്ഷികളുടെ ദേശീയ ബദല്‍ രൂപപ്പെട്ടുവരുന്ന ഘട്ടത്തിലാണ് സിപിഎം കേരള ഘടകം പിന്നില്‍ നിന്നും കുത്തിയത്.

കേരളത്തില്‍ സമീപകാലത്ത് കോളിളക്കം സൃഷ്ടിച്ച ലാവ്‌ലിന്‍ കേസും സ്വര്‍ണ്ണക്കടത്ത് കേസും ബിജെപി നേതാക്കള്‍ പ്രതികളായ കഴുല്‍പ്പണക്കേസും എങ്ങനെ തെളിവുകളില്ലാതെ ആവിയായിപ്പോയി എന്ന് തിരിച്ചറിയാന്‍ സിപിഎം പിബിയിലെ കേരള നേതാക്കളുടെ നിലപാട് മാത്രം പരിശോധിച്ചാല്‍ മതിയെന്നും സുധാകരന്‍ പറഞ്ഞു.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യയിലാകെ സിപിഎമ്മിന് ലഭിച്ച വോട്ട് 0.55 ശതമാനവും സിപി ഐക്ക് 0.37 ശതമാനവുമാണ്.രണ്ടുപാര്‍ട്ടിക്കും കൂടി ഇന്ത്യയിലാകെ ഒരുശതമാനത്തില്‍ താഴെ വോട്ടുകള്‍ നേടാനാണ് കഴിഞ്ഞത്. തമിഴ്‌നാട്ടില്‍ ഉള്‍പ്പെടെ ഇടതുസ്ഥാനാര്‍ത്ഥികള്‍ രാഹുല്‍ ഗാന്ധിയുടെ ചിത്രം വെച്ചാണ് തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയതും വിജയിച്ചതും. എന്നിട്ടാണ് കോണ്‍ഗ്രസുമായി സഹകരിക്കില്ലെന്ന വിചിത്ര നിലപാട് സിപിഎം സ്വീകരിക്കുന്നത്.

കേരള നേതാക്കളുടെ സാമ്പത്തിക പ്രതാപത്തിന് മുന്നില്‍ സിപിഎം ദേശീയ നേതൃത്വം അടിയറവ് പറഞ്ഞിരിക്കുകയാണ് രാജ്യത്തിന്റെ മതേതരത്വവും അഖണ്ഡതയും ബലികഴിക്കുന്ന നിലപാട് പുനഃപരിശോധിക്കാന്‍ സിപിഎം തയ്യാറാകണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
—————–

Author

Leave a Reply

Your email address will not be published. Required fields are marked *