ചിക്കാഗോ: കോവിഡ് കാലത്തിനു അന്ത്യമായി എന്ന സൂചന നൽകി നടക്കുന്ന ആദ്യ ദേശീയ സമ്മേളനമായ ഇന്ത്യാ പ്രസ്ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (ഐപിസിഎന്‍എ) ദ്വിവര്‍ഷ അന്താരാഷ്ട്ര കോണ്‍ഫറന്‍സ് ചിക്കാഗോ റിനൈന്‍സണ്‍സ് ഹോട്ടലില്‍ ഈടുറ്റ ചര്‍ച്ചകള്‍കൊണ്ടും സൗഹൃദത്തിന്റെ നവ്യാന്തരീക്ഷം ഒരുക്കിക്കൊണ്ടും വമ്പിച്ച ജനപങ്കാളിത്തത്തോടെ സമാപിച്ചു. ഇനി ഫ്ളോറിഡയിലെ മയാമിയില്‍ കാണാം.
മൂന്നു ദിവസമായി നടന്ന സമ്മേളനത്തെ വിലയിരുത്തിയ മുഖ്യാതിഥി എന്‍.കെ പ്രേമചന്ദ്രന് കോണ്‍ഫറന്‍സിന്റെ വ്യത്യസ്ഥയും മികവും വിജ്ഞാനം പകരുന്ന ചര്‍ച്ചകളും വേറിട്ടതെന്ന് ചൂണ്ടിക്കാട്ടി. ‘ആഴവും പരപ്പും ഉള്ള ചര്‍ച്ചകള്‍ ഉള്ളടക്കത്തിന്റെ പ്രസക്തികൊണ്ട് ആരെയും പിടിച്ചിരുത്തുന്നതായിരുന്നു. ഇവിടെയുള്ള പ്രവാസികള്‍ കേരളത്തെപ്പറ്റി കാട്ടുന്ന ഉത്സുകതയും അവിടുത്തെ പ്രശ്നങ്ങളെപ്പറ്റിയുള്ള ആകുലതയും പങ്കുവെച്ചപ്പോള്‍ പുതിയ ഒട്ടേറെ ആശയങ്ങളാണ് ഉരുത്തിരിഞ്ഞുവന്നത്. കേരളത്തില്‍ നിന്നു വന്ന ഞങ്ങള്‍ക്ക് ഏറെ പഠിക്കാനുള്ള കാര്യങ്ങള്‍,’ സമാപന സമ്മേളനനത്തിൽ അദ്ദേഹം പറഞ്ഞു
പല പ്രവാസി സമ്മേളനങ്ങളിലും പങ്കെടുത്തിട്ടുണ്ട്. പക്ഷെ ഇതുപോലെ വിസ്മയാവഹമായ അനുഭവം ഉണ്ടായിട്ടില്ല. മാധ്യമ ചര്‍ച്ച രാഷ്ട്രീയ പ്രതിനിധികളും ഫൊക്കാന, ഫോമ, വേള്‍ഡ് മലയാളി കൗണ്‍സില്‍ തുടങ്ങിയവയും ഒത്തുചേര്‍ന്ന് പുതിയ തലത്തിലേക്കുയര്‍ത്തുന്ന കാഴ്ചയാണ് കണ്ടത്.
വിയോജിക്കാനുള്ള അവകാശമാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം. ജനാധിപത്യത്തിന്റെ സ്വത്വം ഉള്‍ക്കൊണ്ട് നടത്തിയ ചര്‍ച്ച ഐപിസിഎന്‍എയുടെ ഉജ്വലവിജയമാണ്. പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റിന്റേയും ജനറല്‍ സെക്രട്ടറി സുനില്‍ ട്രൈസ്റ്റാറിന്റേയും, ട്രെഷറർ ജീമോൻ ജോർജിന്റെയും നേതൃത്വത്തില്‍ സൗഹൃദത്തിന്റെ പുതിയ കൂട്ടായ്മയാണ് ഉടനീളം കണ്ടത്. മനം മടുപ്പിച്ച കോവിഡിനുശേഷം ഏറെ ഊര്‍ജം പകരുന്നതായിരുന്നു സമ്മേളനം. അത് ആവോളം ലഭിച്ചു.
പഴയ തലമുറയാണ് ഇപ്പോള്‍ പ്രവാസി സംഘടനകളില്‍ കൂടുതല്‍ കാണുന്നത്. അതു മാറണം. പുതിയ തലമുറ കൂടി രംഗത്തുവരണം.
നിങ്ങളുടെയൊക്കെ മാധ്യമ രംഗത്തോടുള്ള താല്പര്യം ആണ് ഈ സമ്മേളനത്തിലും പ്രതിഫലിക്കുന്നത്. അഭിവാദ്യത്തോടും ആശംസകളോടും വിലയ പ്രതീക്ഷകളോടുംകൂടി സമ്മേളനത്തിനു വിടചൊല്ലുന്നു- അദ്ദേഹം പറഞ്ഞു.
പ്രൗഡഗംഭീരമായ കോണ്‍ഫറന്‍സ് നടത്തിയ പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റിനും, മറ്റു ഭാരവാഹികള്‍ക്കും മാണി സി. കാപ്പന് എംഎല്‍എ അഭിവാദ്യമര്‍പ്പിച്ചു. സമ്മേളനം പകര്‍ന്നുതന്നത് പോസിറ്റീവ് എനര്‍ജിയാണ്. അതിനു തോമസ് ആല്‍വാ എഡിസന്റെ കഥയും അദ്ദേഹം വിവരിച്ചു.
തീരെ മികവില്ലാത്ത വിദ്യാർത്ഥി എന്ന നിലയിൽ എഡിസണെ സ്കൂളില്‍ നിന്നു പുറത്താക്കിയ കാര്യം പറയാതെ അമ്മ അദ്ദേഹത്തെ മറ്റൊരു സ്കൂളിലാക്കി. അദ്ദേഹം വലിയ പ്രതിഭയാണെന്നും അതിനാല്‍ മികച്ച സ്കൂളില്‍ ചേര്‍ക്കണമെന്നാണ് പഴയ സ്കൂള്‍ അധികൃതര്‍ പറഞ്ഞതെന്നും അമ്മ നുണ പറഞ്ഞു. അന്ന് അമ്മ സത്യം പറഞ്ഞിരുന്നെങ്കില്‍
പിതാവിനെപ്പോലെ ഒരു പോര്‍ട്ടറായി എഡിസണ് മാറുമായിരുന്നുവെന്ന് അദ്ദേഹം തന്നെ പറയുന്നു. പോസിറ്റീവ് എനര്‍ജി എന്തു ചെയ്യുമെന്നതിന്റെ തെളിവാണിത്- കാപ്പന് പറഞ്ഞു.
പ്രതിസന്ധികള്‍ കണക്കിലെടുക്കാതെ ഇത്തരമൊരു സമ്മേളനം സമ്മേളനം സംഘടിപ്പിച്ചത് വിസ്മയിപ്പിക്കുന്നുവെന്ന് റോജി ജോണ്‍ എം.എല്‍എ പറഞ്ഞു. തികച്ചും ഊർജസ്വലനായാണ് താനും നാട്ടിലേക്ക് മടങ്ങുന്നത്.
മാധ്യമരംഗം ഏറ്റവും വെല്ലുവിളി നേരിട്ട കാലമായിരുന്നു കഴിഞ്ഞ വർഷം. ചാനലിലെ വർണപ്പൊലിമ കാണുന്ന പ്രേക്ഷകർ തിരശീലക്കു പിന്നിലെ ദൈന്യത അറിഞ്ഞില്ല നാഷണൽ സെക്രെട്ടറി സുനിൽ ട്രൈസ്റ്റാർ തൻ്റെ സമാപന സമ്മേളന പ്രസംഗത്തിൽ പറഞ്ഞു. നീണ്ട 6 മാസത്തെ സംഘർഷ ഭരിതമായ കാത്തിരിപ്പിന് ശേഷം ചരിത്രപരമായ ഒരു വേദിയായി ഈ സമ്മേളനം മാറി. അമേരിക്കൻ കോൺസുലേറ്റ് തുറന്നത് നവംബർ 8 നു ക്ഷണിക്കപ്പെട്ട അതിഥികൾക്കെല്ലാം അന്ന് തന്നെ വിസ കിട്ടിയെന്നുള്ള അതിശയകരമായ സംഭവവും നടന്നു. അതിഥികളായി എത്തിയവർക്കും പങ്കെടുക്കുന്നവർക്കും പ്രസ് ക്ലബിന്റെ അഭിവാദ്യങ്ങൾ. സ്പോൺസർമാരായി തുണച്ചവരോടുള്ള നന്ദി നിസീമമാണ് സുനിൽ ട്രൈസ്റ്റാർ കൂട്ടിച്ചേർത്തു,
പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റ് സ്വാഗതമാശംസിച്ചു. ഇന്ത്യ പ്രസ് ക്ലബിന്റെ ഒൻപതാമത് കോൺഫറൻസിന്റെ കൊടി ഇറങ്ങുകയാണ്. എല്ലാവര്ക്കും ഈ മൂന്നു ദിവസങ്ങൾ വിനോദവും വിജ്ഞാനവും നൽകിയ നല്ല ദിവസങ്ങളായിരുന്നു എന്ന് ഞാൻ കരുതുന്നു. പങ്കെടുത്ത എല്ലാവരോടും നന്ദി പറയുന്നു.
ഗൗരവപൂർണമായ കാര്യങ്ങൾ ആണ് നാം ചർച്ച ചെയ്തത്. മാധ്യമപ്രവർത്തനത്തിനു ഗുണകരമായ കാര്യങ്ങൾ. സർവോപരി നമ്മുടെ സൗഹൃദങ്ങൾ പുതുക്കുന്നത്തിനു വീണ്ടുമൊരു അവസരം കിട്ടി. ഇതൊക്കെയല്ലേ പ്രധാനം? ഓരോ കോൺഫറൻസും ഒന്നിനൊന്നു മെച്ചം എന്നതാണ് ചരിത്രം. ആ ചരിത്രം ഇവിടെയും ആവർത്തിച്ചുവോ എന്ന് നിങ്ങളാണ് പറയേണ്ടത്. എന്തായാലും കോൺഫറൻസ് വിജയിപ്പിക്കാൻ ഞങ്ങൾ ആത്മാർത്ഥമായി ശ്രമിച്ചു എന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്.
ഈ സമ്മേളനം വിജയിപ്പിച്ചതിനു ഒട്ടേറെ പേരോട് നന്ദി പറയാനുണ്ട്. പ്രസ് ക്ലബ് എക്സിക്യൂട്ടിവ്, പ്രത്യേകിച്ച് ജനറൽ സെക്രട്ടറി സുനിൽ ട്രൈസ്റ്റാർ, ട്രഷറർ ജീമോൻ ജോർജ് എന്നിവർ ഓരോ കാര്യത്തിനും എന്നോടൊപ്പം അടിയുറച്ച് നിന്നു . അഡ്വൈസറി ബോർഡും ചെയർമാൻ മധു രാജനും വിലപ്പെട്ട നിർദേശങ്ങൾ നൽകി. സ്പോൺസർമാരെ പ്രത്യേകം സ്മരിക്കുന്നു. സംഭാരം നന്നായാൽ സദ്യ നന്നാകുമെന്ന ചൊല്ല് ആവർത്തിക്കുന്നു.
അവസാന നിമിഷത്തിലാണ് ബഹുമാനപ്പെട്ട എം.പി. പ്രേമചന്ദ്രനെ ക്ഷണിച്ചത്. അദ്ദേഹം സൗമനസ്യത്തോടെ ആ ക്ഷണം സ്വീകരിച്ചു. മാണി സി. കാപ്പൻ എം.എൽ.എ യും റോജി ജോൺ എം.എൽ.എ.യും വരുമെന്ന വാക്കു പാലിച്ചു. അതിൽ അത്യന്തം നന്ദിയുണ്ട്.
ഈ സമ്മേളനം അവസാനിക്കുമ്പോൾ പ്രസ് ക്ലബ് ഉയരങ്ങളിലേക്ക് പോകും എന്ന ശുഭപ്രതീക്ഷ ഞങ്ങൾക്കുണ്ട്. ഇനി വരുന്ന ഭാരവാഹികളുടെ നേതൃത്വത്തിൽ സംഘടന കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ. -ബിജു കിഴക്കേക്കുറ്റ് പറഞ്ഞു
സുവര്‍ണ ലിപികളില്‍ എഴുതപ്പെടാവുന്ന ഒരു ഏടാണ് ഈ സമ്മേളനമെന്ന് അഡൈ്വസറി ബോര്‍ഡ് ചെയര്‍ മധുരാജന്‍ പറഞ്ഞു. ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ സംഘടനയാണിത്. ഇവിടെ മുമ്പ് പങ്കെടുത്ത പല വിശിഷ്ടാതിഥികള്‍ ഉന്നത സ്ഥാനങ്ങളിലേക്ക് പോകുന്ന കാഴ്ചയാണ് കണ്ടത്. മാധ്യമശ്രീ നേടിയ വീണ ജോര്‍ജ് മന്ത്രിയായി. കെ.എന്‍ ബാലഗോപാലും മറ്റു പലരും മന്ത്രിയും സ്പീക്കറുമൊക്കെയായി. ചുരുക്കത്തില്‍ ഈ സമ്മേളനം വിജയത്തിലേക്കുള്ള ഒരു ചൂണ്ടുപലകയാണ്. ഇപ്പോൾ പങ്കെടുക്കുന്നവര്‍ക്കും അതു സംഭവിക്കട്ടെ എന്നു ആശംസിക്കുന്നു. വീണാ ജോര്‍ജിനെ പോലെ മാധ്യമരത്ന നേടിയ നിഷാ പുരുഷോത്തമനും മുന്നോട്ടു വരട്ടെ- അദ്ദേഹം പറഞ്ഞു. ഈ സംഘടനയുടെ പ്രഥമ സാരഥികളായ ജോർജ് ജോസഫും റെജി ജോര്‍ജും മികച്ച അടിത്തറയിൽ നല്ല മാതൃക കാട്ടിയതാണ് പ്രസ് ക്ലബിന്റെ വിജയത്തിന് കാരണമെന്ന് കരുതുന്നു
അങ്ങനെ സംഭവിച്ചാല്‍ പ്രേരണ കുറ്റത്തിനു മധുവിനെതിരേ കേസ് കൊടുക്കുമെന്ന് മനോരമ ടിവി ഡയറക്ടര്‍ ജോണി ലൂക്കോസ് പറഞ്ഞു. രാഷ്ട്രീയ രംഗത്ത് ഉണ്ടാകുന്ന നേട്ടങ്ങള്‍ മാത്രമാണ് വലിയ കാര്യമെന്ന തെറ്റായ ചിന്താഗതി നമ്മുടെ ഇടയില്‍ ഇല്ലാതാകണം- ജോണി ലൂക്കോസ് പറഞ്ഞു.
തനിക്ക് രാഷ്ട്രീയത്തില്‍ താത്പര്യമില്ലെന്നു മനോരമ ടിവി ന്യൂസ് എഡിറ്റര്‍ നിഷ പുരുഷോത്തമന് പറഞ്ഞു. നെഹ്റുവിന്റെ കാലത്ത് മാധ്യമ പ്രവര്‍ത്തനം സഹിഷ്ണുതയില്‍ അടിസ്തൃതമായിരുന്നു. ഇന്ന് അങ്ങനെയല്ല സ്ഥിതി. ഓരോ വാക്കും കീറി മുറിച് പരിശോധിക്കാൻ സോഷ്യല്‍മീഡിയ എതിര്‍പ്പിന്റെ കുന്തമുനയുമായി കാത്തിരിക്കുന്നു. അതിനാല്‍ മാധ്യമ പ്രവര്‍ത്തനം ഇന്ന് എളുപ്പമുള്ള കാര്യമല്ല- നിഷ പറഞ്ഞു.
അതിസാഹസികമായാണ് തങ്ങളെ ഇവിടെ എത്തിച്ചതെന്ന് ഏഷ്യാനെറ്റ് പ്രോഗ്രാം ഹെഡ് പ്രതാപ് നായര്‍ പറഞ്ഞു. എട്ടാം തീയതി കോണ്‍സുലേറ്റ് തുറന്നു. ഒമ്പതാം തീയതി വിസ കിട്ടി. പത്തിനു അമേരിക്കയിലേക്ക് വിമാനം കയറി. ഇതൊരു അപൂര്‍വ്വ സംഭവം തന്നെ.
അവിവാഹിതനായ റോജി ജോണ്‍ എംഎല്‍എയ്ക്ക് ഒരു അമേരിക്കന്‍ മലയാളി വധു ഉണ്ടാകട്ടെ എന്നു ഫോമാ പ്രസിഡന്റ് അനിയന് ജോര്‍ജ് പറഞ്ഞു. ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ്, വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ സുധീര്‍ നമ്പ്യാര്‍ എന്നിവരും ആശംസകള്‍ നേര്‍ന്നു.
കൈരളി ടിവിയുടെ ശരത് ചന്ദ്രന് എസ്, മാതൃഭൂമി ടിവി ഡപ്യൂട്ടി എഡിറ്റര്‍ സി. പ്രമേഷ് കുമാര്‍, ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ് ചാനൽ ഗ്രൂപ്പ് പ്രോഗ്രാം മേധാവി പ്രതാപ് നായർ എന്നിവര്‍ സംസാരിച്ചു .
സമ്മേളനത്തിന്റെ മുഖ്യ ഇനമായ അവാർഡുകൾ സമ്മേളനത്തിൽ വിതരണം ചെയ്തു. മാധ്യമശ്രീ അവാര്‍ഡ് നേടിയ ഏഷ്യാനെറ്റിന്റെ ഡല്‍ഹി റസിഡന്റ് എഡിറ്റര്‍ പ്രശാന്ത് രഘുവംശം, എന്‍.കെ. പ്രേമചന്ദ്രനില്‍ നിന്നു അവാർഡ് ഏറ്റുവാങ്ങി.
രണ്ടാം തവണയാണ് താന്‍ അമേരിക്കയില്‍ വരുന്നതെന്ന് പ്രശാന്ത് പറഞ്ഞു. അമേരിക്ക എന്നതുതന്നെ വലിയൊരു അനുഭവമാണ്. ഈ സമ്മേളനമാകട്ടെ ഏറെ ഉത്തേജനം പകരുന്നു. ഇവിടെ നടന്ന ചര്‍ച്ചകളില്‍ നിന്ന് ഏറെ അറിവ് നേടി- പ്രശാന്ത് രഘുവംശം പറഞ്ഞു. ക്യാഷ് അവാര്‍ഡ് പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റ് സമ്മാനിച്ചു.
ജന്മഭൂമിയുടെ ചീഫ് എഡിറ്റര്‍ കെ.എന്‍.ആര് നമ്പൂതിരിക്ക് മാധ്യമ പ്രതിഭ അവാര്‍ഡ് റോജി ജോൺ എം.എൽ.എ സമ്മാനിച്ചു. ക്യാഷ് അവാര്‍ഡ് പ്രസ് ക്ലബ് ട്രഷറർ ജീമോന്‍ ജോര്‍ജ് നല്കി.
താൻ അവാര്‍ഡുകള്‍ക്ക് അപേക്ഷിക്കുകയോ, അതു കിട്ടുകയോ ചെയ്തിട്ടില്ലെന്നു കെ.എൻ.ആർ. നമ്പൂതിരി പറഞ്ഞു. അവാർഡിനേക്കാൾ ഈ സമ്മേളനത്തില്‍ പങ്കെടുക്കാനായതാണ് ഏറെ സന്തോഷം പകർന്നത്. രാഷ്ട്രീയ ലേഖകന്‍ ആകാനാണ് ആഗ്രഹിച്ചതെങ്കിലും, സ്പോര്‍ട്സ് ലേഖകനാകാനായിരുന്നു തന്റെ നിയോഗം- അദ്ദേഹം പറഞ്ഞു.
നിഷാ പുരുഷോത്തമന് മാധ്യമരത്ന അവാര്‍ഡ് മാണി സി കാപ്പൻ എം.എൽ.എ സമ്മാനിച്ചു. ജനറല്‍ സെക്രട്ടറി സുനില്‍ ട്രൈസ്റ്റാര്‍ ക്യാഷ് അവാര്‍ഡ് നല്കി.
അടുത്ത പ്രസിഡന്റായി സുനില്‍ തൈമറ്റം ചാര്‍ജെടുക്കുന്നതിന്റെ സൂചനയായി സമാപനത്തില്‍ പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റ് ദീപം കൈമാറുകയും, സുനില്‍ തൈമറ്റം അത് നിലവിളക്കില്‍ തെളിയിക്കുകയും ചെയ്തു. 2022- 23 കാലത്താണ് പുതിയ ഭാരവാഹികള്‍ അധികാരമേല്‍ക്കുക.
പ്രസ്ക്ലബിന്റെ എക്സലന്‍സ് അവാര്‍ഡുകളും വിതരണം ചെയ്തു.