കരിപ്പൂർ: എയർപോര്‍ട്ടില്‍ യാത്രക്കാരെ ഇറക്കുന്നതിനും കൊണ്ടുപോവുന്നതിനും വേണ്ടി എത്തുന്ന വാഹനങ്ങൾക്ക് മൂന്ന് മിനിറ്റിലേറെ എയർപോർട്ടിന് മുന്നിൽ പാർക്ക് ചെയ്താൽ പിഴ ഈടാക്കുന്ന നടപടി പുനഃപരിശോധിക്കണമെന്നും, യാത്രക്കാരെ ഇറക്കുന്നതിനും കയറ്റുന്നതിനും കൂടുതൽ സമയം അനുവദിക്കണമെന്നും മലബാർ ഡെവലപ്മെൻറ് ഫോറം (എം.ഡി.എഫ്) ഭാരവാഹികൾ കരിപ്പൂർ എയർപോർട്ട് ഡയറക്ടർ ആർ. മഹാലിംഗത്തെ കണ്ടു ആവശ്യപ്പെട്ടു. യാത്രക്കാരെ ഇറക്കുന്നതിനും കയറ്റുന്നതിനും മൂന്ന് മിനിറ്റ് എന്നുള്ളത് ഇവിടെ എത്തുന്ന യാത്രക്കാർക്കും വാഹനങ്ങൾക്കും ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ടെന്നും, ഇത് യാത്രക്കാരും പാർക്കിംഗ് ജീവനക്കാരും തമ്മിൽ സംഘർഷാവസ്ഥ സൃഷ്ടിക്കുന്നുണ്ടെന്നും എം.ഡി.എഫ്. ഭാരവാഹികൾ ഡയറക്ടറെ ധരിപ്പിച്ചു.
യാത്രക്കാർക്ക് നേരിടുന്ന പ്രയാസങ്ങൾ പരിഹരിക്കുമെന്നും പാർക്കിംഗ് സമയം എയർപോർട്ടിൽ ഗതാഗത തടസ്സം നേരിടാത്ത രീതിയിൽ ബന്ധപ്പെട്ടവരുമായി ആലോചിച്ച് തീരുമാനമെടുക്കാമെന്നും അദ്ദേഹം എം.എഡി.എഫ് ഭാരവാഹികൾക്ക് ഉറപ്പ് നൽകി.
വിദേശയാത്രക്കാർക്ക് എയർപോർട്ടിൽ വെച്ച് നടത്തുന്ന ആർ.ടി.പി.സി.ആർ. ടെസ്റ്റിന് 2500 രൂപ അധിക നിരക്ക് ഈടാക്കുന്നത് ഒഴിവാക്കണമെന്നും കരിപ്പൂരിൽ നിന്നുമുള്ള ആഭ്യന്തര-വിദേശ സർവ്വീസുകൾ വർധിപ്പിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുള്ള നിവേദനം എം.ഡി.എഫ്. ഭാരവാഹികൾ ഡയറക്ടർക്ക് നൽകി.
എം.എഡി.എഫ്. ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ ഇടക്കുനി, ട്രഷറർ സന്തോഷ് കുറ്റ്യാടി, വൈസ് പ്രസിഡന്റ് അഷ്റഫ് കളത്തിങ്ങൽ പാറ, ചാപ്റ്റർ ഭാരവാഹികളായ അഡ്വ. നസീമ ഷാനവാസ്, ബിന്ദു ജോർജ്ജ്, അഷ്റഫ് കാപ്പാടൻ എന്നിവർ സംബന്ധിച്ചു.
ന്യൂയോര്‍ക്കില്‍ നിന്ന് യു.എ. നസീര്‍ അറിയിച്ചതാണ് ഈ വിവരങ്ങള്‍.
Karipur airport.jpeg
റിപ്പോർട്ട് : മൊയ്തീന് പുത്തന്‍ചിറ