വന്യജീവി അക്രമം-മലയോരജനതയുടെ ജീവന്‍വെച്ച് സര്‍ക്കാരുകള്‍ വെല്ലുവിളിക്കുന്നു: വി.സി.സെബാസ്റ്റ്യന്‍

Spread the love

കോട്ടയം: വന്യജീവി അക്രമത്തിനു പരിഹാരം കാണാതെ മലയോരജനതയുടെ ജീവന്‍വെച്ച് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ കാലങ്ങളായി നടത്തുന്ന വെല്ലുവിളികള്‍ക്ക് അവസാനമുണ്ടാകണമെന്നും കാട്ടുപന്നിയെ ക്ഷുദ്രജീവിയായി കേരളത്തില്‍ പ്രഖ്യാപിക്കില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയുടെ നിലപാട് ധിക്കാരപരമാണെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

കാട്ടുപന്നി ശല്യം രൂക്ഷം; ജനകീയ സമരത്തിന് ഒരുങ്ങി കൃഷി സംരക്ഷണ സമിതി -  Malabar News - Most Reliable & Dependable News Portal

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വനംവകുപ്പ് മന്ത്രി നടത്തിയ ഡല്‍ഹിയാത്ര പ്രഹസനമായിമാറി. കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം തള്ളിക്കളഞ്ഞുവെന്നവാദമുന്നയിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടാന്‍ ശ്രമിക്കരുത്. കൃഷിയിടങ്ങളിലും ജനവാസകേന്ദ്രങ്ങളിലുമിറങ്ങിയുള്ള കാട്ടുപന്നിയുടെ ഉപദ്രവത്തിന്റെ ഗൗരവം കേന്ദ്രസര്‍ക്കാരിനെ ബോധ്യപ്പെടുത്തുന്നതില്‍ സംസ്ഥാന വനംവകുപ്പ് പരാജയപ്പെട്ടുവെന്നതാണ് യാഥാര്‍ത്ഥ്യം.

വന്യജീവി അക്രമത്താല്‍ കേരളത്തില്‍ ഈ വര്‍ഷം 100-ല്‍ പരം പേര്‍ മരിച്ചുവീണിട്ടും 52 പേര്‍ മാത്രമാണ് കൊല്ലപ്പെട്ടതെന്നുള്ള വനംവകുപ്പിന്റെ കണക്ക് പച്ചക്കള്ളമാണ്. ഇത്രയും മനുഷ്യജീവനെടുക്കപ്പെട്ടിട്ടും ഒരു നടപടിയുമില്ലാതെ കര്‍ഷകരുള്‍പ്പെടെ മലയോരജനതയുടെമേല്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നിരന്തരം കുതിരകയറുന്നത് സംഘടിച്ച് എതിര്‍ക്കേണ്ടിവരും. കാട്ടുപന്നികളെ ഒരു വര്‍ഷത്തേയ്ക്ക് മാത്രമായി ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്നുള്ള സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തില്‍ ആവശ്യപ്പെട്ടതുതന്നെ പ്രശ്‌നത്തിന്റെ ഗൗരവം നഷ്ടപ്പെടുത്തി. ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളിലും വിവിധ രാജ്യങ്ങളിലും തുടരുന്ന വന്യമൃഗ അംഗീകൃതവേട്ട പ്രക്രിയയാണ് സംസ്ഥാനത്തും വേണ്ടത്. ഇതിന് ഒരു വര്‍ഷമെന്ന സമയപരിധിയില്ല.

ജണ്ടയിട്ട് തിരിച്ചിരിക്കുന്ന വനാതിര്‍ത്തിക്കുള്ളില്‍ വന്യജീവികളെ സംരക്ഷിക്കേണ്ടത് വനംവകുപ്പിന്റെ ഉത്തരവാദിത്വമാണ്. ഇതിനായി വനാതിര്‍ത്തിയില്‍ കിടങ്ങുകളും ഭിത്തികളും സോളാര്‍ ഫെന്‍സിങ്ങും ഉള്‍പ്പെടെ സംരക്ഷണ കവചമൊരുക്കേണ്ടത് വനംവകുപ്പാണ്. കര്‍ഷകരുടെ കൃഷിഭൂമിയില്‍ അനധികൃതമായി കടന്നുവരുന്ന വന്യജീവികളെ വേട്ടയാടുവാന്‍ കര്‍ഷകന് അവകാശം നല്‍കുന്ന നിയമനിര്‍മ്മാണത്തിന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. വന്യമൃഗ അക്രമത്തില്‍ മരിച്ചുവീഴുന്ന കര്‍ഷകകുടുംബങ്ങളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കുകയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പേരില്‍ കൊലക്കുറ്റത്തിന് കേസെടുക്കുകയും വേണം. വന്യമൃഗങ്ങളെ ഇറക്കിവിട്ട് കര്‍ഷകരെ ആക്രമിച്ചും, കൊലചെയ്തും, ഭീകരാന്തരീക്ഷം സൃഷ്ടിച്ചും, കൃഷിഭൂമിയില്‍ നിന്ന് ബാക്കിയുള്ള കര്‍ഷകരെക്കൂടി കുടിയിറക്കി വനവിസ്തൃതി വര്‍ദ്ധിപ്പിക്കുവാനുള്ള വനംവകുപ്പിന്റെ കുതന്ത്രം വിലപ്പോവില്ലെന്നും കര്‍ഷകന്‍ നിയമം കൈയ്യിലെടുക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

അഡ്വ.വി.സി.സെബാസ്റ്റ്യന്‍
ദേശീയ സെക്രട്ടറി ജനറല്‍

Author

Leave a Reply

Your email address will not be published. Required fields are marked *