സ്ത്രീശക്തീകരണം ലക്ഷ്യമാക്കി ‘സമം’ പദ്ധതിക്ക് ജില്ലയില്‍ തുടക്കം

Spread the love

കോഴിക്കോട്: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേ നടക്കുന്ന അതിക്രമങ്ങള്‍ക്കും അസമത്വ പ്രവണതകള്‍ക്കും നേരേ സര്‍ഗാത്മകമായി പ്രതികരിച്ച് സമസ്തമണ്ഡലങ്ങളിലും സ്ത്രീപുരുഷസമത്വം, തുല്യനീതി എന്നീ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനും നടപ്പാക്കുന്നതിനുമായി സാംസ്‌കാരിക വകുപ്പ് ആവിഷ്‌കരിച്ച ‘സമം’ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. തുറമുഖ വകുപ്പു മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ ഉദ്ഘാടനം ചെയ്തു.
സര്‍ക്കാരിന്റെ നവോത്ഥാന പ്രക്രിയയുമായി ചേര്‍ന്നു നില്‍ക്കുന്നതാണ് സംസ്ഥാനത്തെ സ്ത്രീ പുരുഷ സമത്വമെന്ന് അദ്ദേഹം പറഞ്ഞു. തുല്യ പങ്കാളിത്തം,

ലിംഗനീതി എന്നിവയുമായി ബന്ധപ്പെട്ട് നിരവധി പരിപാടികള്‍ നേരത്തെ ആവിഷ്‌കരിച്ചിട്ടുണ്ടെങ്കിലും സമം പദ്ധതി നൂതനും വിപുലവുമായാണ് നടത്തുന്നത്.
ആശാന്‍, ഉള്ളൂര്‍, വള്ളത്തോള്‍, ശ്രീനാരായണ ഗുരു തുടങ്ങിയവരുടെ ചിന്താധാരകളുടെ കാലിക പ്രസക്തിയാണ് പദ്ധതിയിലൂടെ തെളിയുന്നത്. എല്ലാ പ്രായത്തിലുമുള്ള വനിതകള്‍ക്കും അന്തസ്സായി ജീവിക്കാനുള്ളപ്രയത്‌നങ്ങളും ഇടപെടലുകളും നടത്തുന്നതിനുള്ള പദ്ധതി ഏറ്റെടുത്ത സാംസ്‌കാരിക വകുപ്പിനും ജില്ലയില്‍ ഇത് നടപ്പാക്കുന്ന ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിനും കൃതജ്ഞത അറിയിക്കുന്നതായും മന്ത്രി പറഞ്ഞു. സമൂഹത്തില്‍ യാഥാസ്ഥിതികമനോഭാവവും പുരുഷാധിപത്യപ്രവണതകളും വളര്‍ന്നുവരുന്ന സാഹചര്യത്തിലാണ് സ്ത്രീശക്തീകരണം ലക്ഷ്യമാക്കി സമം പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. സാംസ്‌കാരികവകുപ്പിന് കീഴിലുള്ള പ്രമുഖസാംസ്‌കാരിക സ്ഥാപനങ്ങളാണ് പതിനാല് ജില്ലകളിലും പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.
ലിംഗനീതിയും തുല്യപങ്കാളിത്തവും കുടുംബത്തിനകത്തും സമൂഹത്തിന്റെ വിവിധ മേഖലകളിലും സാധ്യമാക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നതാണ് പദ്ധതി.
സമം പദ്ധതിയുടെ കോഴിക്കോട് ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ കോര്‍പ്പ റേഷന്‍, ജില്ലാ പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, ഗ്രാമപഞ്ചായത്ത് തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണത്തോടും ജില്ലയിലെ പ്രമുഖ സാംസ്‌കാരിക സ്ഥാപനങ്ങള്‍, വിദ്യാ ഭ്യാസസ്ഥാപനങ്ങള്‍, സംഘടനകള്‍, സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍, കുടുംബശ്രീ തുടങ്ങിയവയുടെ പങ്കാളിത്തത്തോടും കൂടി ഏകോപിപ്പിക്കുന്നത് കേരള ഭാഷാഇന്‍സ്റ്റിറ്റ്യൂട്ടാണ്. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വൈവിധ്യപൂര്‍ണമായ കലാ – സാംസ്‌കാരിക – വിദ്യാഭ്യാസപരിപാടികളും സെമിനാര്‍ – സംവാദങ്ങളുമാണ് മുഖ്യമായും സംഘടിപ്പിക്കുന്നത്.

Author

Leave a Reply

Your email address will not be published. Required fields are marked *