മെഡിക്കല്‍ കോളജ് ആശുപത്രി വികസനം; പുതിയ പദ്ധതികള്‍ തയാറാക്കാന്‍ തീരുമാനം

കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയുടെ വിവിധ വികസനത്തിനാവശ്യമായ പുതിയ പദ്ധതികള്‍ തയാറാക്കാന്‍ ആശുപത്രി വികസന സമിതി എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. സഹകരണ-രജിസ്ട്രേഷന്‍ വകുപ്പുമന്ത്രി വി.എന്‍. വാസവന്റെ നേതൃത്വത്തില്‍ കളക്ട്രേറ്റില്‍ കൂടിയ യോഗത്തിലാണ് തീരുമാനം. സമിതി ചെയര്‍മാനായ ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ അധ്യക്ഷയായി.
നേത്രരോഗവിഭാഗത്തില്‍ പുതിയ ഓപ്പറേഷന്‍ തീയേറ്റര്‍ സ്ഥാപിക്കുന്നതിന് 1.80 കോടി രൂപയുടെയും ന്യൂറോ സര്‍ജറി ഒ.റ്റി. വിഭാഗത്തില്‍ അനസ്തേഷ്യ വര്‍ക് സ്റ്റേഷന്‍ വാങ്ങുന്നതിനായി 30 ലക്ഷം രൂപയുടെയും പദ്ധതി തയാറാക്കും. ലാപ്രോസ്‌കോപ്പി സര്‍ജറി പദ്ധതിക്കും ഹോമോഗ്രാഫ്റ്റ് വാല്‍വ് ബാങ്ക് സ്ഥാപിക്കാനുള്ള പദ്ധതിക്കും രൂപരേഖ തയാറാക്കും. ഗതാഗത നിയന്ത്രണത്തിനായി ബൂം ബാരിയര്‍ സ്ഥാപിക്കാനും രണ്ടു കഫറ്റീരിയകള്‍ കൂടി നിര്‍മിക്കാനും പുതിയ സി.ടി. സ്‌കാന്‍ മെഷീന്‍ വാങ്ങാനും തീരുമാനിച്ചു. ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിയില്‍ ഫെലോഷിപ്പ് അനുവദിക്കും. ജീവനക്കാരുടെ വിവിധ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനും വിവിധ വിഷയങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുമായി മൂന്നംഗ സമിതിയെ നിയോഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *