ജൈവവൈവിധ്യ പുരസ്‌കാര ജേതാക്കളായി പിലിക്കോടും കിനാനൂര്‍ കരിന്തളവും

Spread the love

പുരസ്‌കാരങ്ങള്‍ മുഖ്യമന്ത്രി സമ്മാനിച്ചു.
കാസര്‍കോട്: ജൈവവൈവിധ്യം സംരക്ഷിക്കാന്‍ ജില്ലയിലെ ജൈവപരിപാലന സമിതികള്‍ മുന്നിട്ടിറങ്ങിയപ്പോള്‍ ജൈവവൈവിധ്യ ബോര്‍ഡിന്റെ മികച്ച ജൈവപരിപാലന സമിതികള്‍ക്കുള്ള സംസ്ഥാന അവാര്‍ഡുകള്‍ കാസര്‍കോട് ജില്ലയ്ക്ക്. ഒന്നാം സ്ഥാനം പിലിക്കോട് ഗ്രാമപഞ്ചായത്ത് മാതൃകാ ജൈവപരിപാലന സമിതിക്കും മൂന്നാം സ്ഥാനം കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത്ത് ജൈവ പരിപാലന സമിതിക്കുമാണ്. തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ നടന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിച്ചു. പിലിക്കോട് പഞ്ചായത്തില്‍ നിന്ന് വൈസ് പ്രസിഡന്റ് എ. കൃഷ്ണന്‍, ബി.എം.സി. കണ്‍വീനര്‍ എം.വിനയന്‍ എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. കിനാനൂര്‍ പഞ്ചായത്തില്‍ നിന്ന് പ്രസിഡന്റ് ടി.കെ.രവി, പഞ്ചായത്ത് സെക്രട്ടറി എന്‍.മനോജ് എന്നിവര്‍ ചേര്‍ന്നാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. ഒന്നാം സ്ഥാനത്തിന് ഒരു ലക്ഷം രൂപയും മൂന്നാം സ്ഥനത്തിന് 25000 രൂപയുമാണ് സമ്മാനത്തുക. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ അധ്യക്ഷനായി.
പൈതൃകത്തിലൂന്നി പിലിക്കോട് മാതൃക
വേറിട്ട ജനക്ഷേമ മാതൃകകള്‍ സൃഷ്ടിച്ച് ദേശീയ ശ്രദ്ധയാകര്‍ഷിച്ച പിലിക്കോടിന്റെ ജൈവവൈവിധ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് സംസ്ഥാനത്തെ മികച്ച ജൈവപരിപാലന സമിതിക്കുള്ള അവാര്‍ഡ്. നാടിന്റെ പച്ചപ്പിനെ തിരിച്ചുപിടിക്കാന്‍ പിലിക്കോട് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പൈതൃകം നാട്ട്മാവ് പദ്ധതി, പൈതൃകം വിത്തു ഉത്സവം, വിദ്യാലയങ്ങളില്‍ നടപ്പാക്കിയ ജൈവതാളം പദ്ധതി, ജൈവ വൈവിധ രജിസ്റ്റര്‍ തുടങ്ങിയ നിരവധി പ്രവര്‍ത്തനങ്ങളാണ് നടന്നത്.
നാടുനീങ്ങിക്കൊണ്ടിരിക്കുന്ന നാട്ടുമാവുകളേയും മാമ്പഴപ്പെരുമയേയും നില നിര്‍ത്താനായി ആവിഷ്‌കരിച്ച പൈതൃകം നാട്ട്മാവ് പദ്ധതിയും അതിനോട് അനുബന്ധിച്ച് നാട്ടു മാമ്പഴഫെസ്റ്റും നൂതന കാല്‍വെപ്പായിരുന്നു. ഫെസ്റ്റില്‍ ഒന്നാം സ്ഥാനം നേടിയ എഡിഎസ് 450 ഓളം നാടന്‍ മാവിന്‍ തൈകള്‍ ഉണ്ടാക്കുന്ന ഒരു നഴ്സറിയും നിര്‍മ്മിച്ചു. നാടന്‍ വാഴയിനങ്ങളെ സംരക്ഷിക്കാന്‍ ആവിഷ്‌കരിച്ച പൈതൃകം നാട്ട് വാഴ പദ്ധതിയും ജനങ്ങള്‍ ഏറ്റെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *