തിരുവനന്തപുരം: നഗരത്തിലെ ഗതാഗതം സമഗ്രമായി പരിഷ്‌കരിക്കുന്നതിനും യാത്രാ ക്ലേശം പരിഹരിക്കുന്നതിനും കെ.എസ്.ആര്‍.ടി.സി ആരംഭിച്ച സിറ്റി സര്‍ക്കുലര്‍ സര്‍വീസ് തിരുവനന്തപുരം സെന്‍ട്രല്‍ ബസ് ടെര്‍മിനലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ളാഗ് ഓഫ് ചെയ്തു. നഗരത്തിന്റെ എല്ലാ കോണുകളിലേക്കും സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കാതെ തന്നെ തിരക്കേറിയ സമയങ്ങളില്‍ 10 മുതല്‍ 15 മിനിട്ട് വരെ ഇടവേളകളില്‍ ഇരുദിശകളിലേക്കും സഞ്ചരിക്കാവുന്ന തരത്തിലാണ് 7 സര്‍ക്കുലര്‍ റൂട്ടുകളില്‍ ബസനകള്‍ സര്‍വീസ് നടത്തുന്നത്.
എല്ലാ മേഖലകളേയും സ്പര്‍ശിക്കുന്ന സമയബന്ധിതമായ യാത്രാ ലക്ഷ്യം വച്ചാണ് സിറ്റി സര്‍ക്കുലര്‍ സര്‍വീസ് ആരംഭിച്ചതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. കെ.എസ്.ആര്‍.ടി.സിയില്‍ നടത്താനുദ്ദേശിക്കുന്ന വലിയ പരിഷ്‌കാരങ്ങളുടെ ആദ്യഘട്ടമാണ് സര്‍ക്കുലര്‍ സര്‍വീസുകളെന്നും രണ്ടാം ഘട്ടമായി തിരുവനന്തപുരം ജില്ലയുടെ ഗ്രാമപ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് സര്‍വീസുകള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
കൊച്ചി, കോഴിക്കോട് നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള പ്രത്യേക സര്‍വീസുകളും മൂന്നാം ഘട്ടമായി നടപ്പാക്കും.കെ.എസ്.ആര്‍.ടി.സിയുടെ ശമ്പള പരിഷ്‌ക്കരണം ഡിസംബറില്‍ ഉണ്ടാകുമെന്നും സുശീല്‍ ഖന്ന റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ കെ.എസ്.ആര്‍.ടി.സിയില്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍. അനില്‍ സര്‍ക്കുലര്‍ സര്‍വീസിന്റെ ഗുഡ് ഡേ ടിക്കറ്റും ഗൈഡ് ബുക്ക് പ്രകാശനവും നടത്തി. കെ.എസ്.ആര്‍.ടി.സി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ബിജു പ്രഭാകര്‍ സ്വാഗതം പറഞ്ഞു. യൂണിയന്‍ നേതാക്കളായ സി.കെ. ഹരികൃഷ്ണന്‍, കെ.എല്‍. രാജേഷ്, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഓപ്പറേഷന്‍സ് ജി.പി. പ്രദീപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.സിറ്റി സര്‍ക്കുലര്‍ സര്‍വീസുകളിലെ ഏതു ബസിലും ടിക്കറ്റെടുത്ത സമയം മുതല്‍ 24 മണിക്കൂര്‍ ദൂരപരിധിയില്ലാതെ ഒറ്റ ടിക്കറ്റില്‍ യാത്ര ചെയ്യാനുള്ള സൗകര്യം കെ.എസ്.ആര്‍.ടി.സി ഒരുക്കിയിട്ടുണ്ട്. ഗുഡ് ഡേ ടിക്കറ്റ് എന്ന പേരിലുള്ള ഈ യാത്രാ പദ്ധതിക്ക് പ്രാരംഭ ഓഫറായി 150 രൂപയുടെ ടിക്കറ്റ് 66 ശതമാനം ഡിസ്‌കൗണ്ടില്‍ 50 രൂപക്ക് യാത്രാക്കാര്‍ക്ക് ലഭിക്കും.