കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ ഭാരത് ബോണ്ട് ഇടിഎഫ് മൂന്നാം ഘട്ടം നാളെ (ഡിസംബര്‍ 3) പുറത്തിറക്കുമെന്ന് എഡ്ല്‍വിസ് അസറ്റ് മാനേജ്മെന്റ് അറിയിച്ചു. ഡിസംബര്‍ ഒമ്പത് വരെ ലഭ്യമായിരിക്കും. ഇതിലൂടെ പ്രാഥമികമായി 1000 കോടി സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. അധികസമാഹരണ ഒപ്ഷനും ഉണ്ട്. കേന്ദ്ര ഇന്‍വെസ്റ്റ്മെന്റ് ആന്റ് പബ്ലിക് അസറ്റ് മാനേജ്മെന്റ് വകുപ്പിന്റെ ഈ ബോണ്ട് എഡ്ല്‍വിസ് മ്യൂച്വല്‍ ഫണ്ട് ആണ് രൂപകല്‍പ്പന ചെയ്ത് പുറത്തിറക്കുന്നത്. പുതിയ ഭാരത് ബോണ്ട് ഇടിഎഫ്, ഭാരത് ഫണ്ട് ഓഫ് ഫണ്ട് സീരീസുകളുടെ മെച്യൂരിറ്റി കാലാവധി 2032 ഏപ്രില്‍ 15വരെയാണ്.
ഭാരത് ബോണ്ട് ഇടിഎഫ് പദ്ധതി അതിന്റെ സുപ്രധാന ലക്ഷ്യങ്ങളില്‍ ചിലത് കൈവരിച്ചിട്ടുണ്ട്. ഇത് കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഏറെ സഹായകമായി. ബോണ്ട് വിപണിയിലേക്ക് നിക്ഷേപകര്‍ക്ക് അനായാസ പ്രവേശനം നല്കി. പ്രത്യേകിച്ച് സ്ഥിര നിക്ഷേപത്തിന് ഒരു ബദല്‍ തേടുന്ന റീട്ടെയ്ല്‍ നിക്ഷേപകര്‍ക്ക്. നിലവിലെ ഭാരത് ബോണ്ട് ഇടിഎഫുകളുടെ ആസ്തി മൂല്യത്തിലെ നല്ല വര്‍ധന കാണിക്കുന്നത് നിക്ഷേപകരുടെ ആത്മവിശ്വാസമാണ്. ഇത് വിപണിയെ നല്ലരീതിയില്‍ സ്വാധീനിച്ചതും സന്തോഷകരമാണ്- ധനമന്ത്രാലയം സെക്രട്ടറി തുഹിന്‍ കാന്ത പാണ്ഡെ പറഞ്ഞു.
എഡില്‍വിസ് മ്യൂച്വല്‍ ഫണ്ട് ഭാരത് ബോണ്ട് ഇടിഎഫ് വിപണിയിലിറക്കിയതോടെ ഇന്ത്യയില്‍ പാസീവ് ഡെറ്റ് വിഭാഗത്തില്‍ വളര്‍ച്ച ഉണ്ടായി. 2019ല്‍ ഭാരത് ബോണ്ട് ഇടിഎഫ് പുറത്തിറക്കിയതിനു ശേഷം 20ഓളം പാസീവ് ഡെറ്റ് ഫണ്ടുകള്‍ ഫയല്‍ ചെയ്യുകയും വിവിധ അസറ്റ് മാനേജ്മെന്റ് കമ്പനികള്‍ ഒമ്പത് പാസീവ് ഡെറ്റ് ഫണ്ടുകള്‍ പുറത്തിറക്കുകുയം ചെയ്തിട്ടുണ്ട്. 2021 ഒക്ടോബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം ഈ വിഭാഗത്തിന്റെ ആകെ ആസ്തി മൂല്യം 50,000 കോടി രൂപയോളമാണ്. 80 ശതമാനം വിപണി വിഹിതത്തോടെ എഡില്‍വിസ് എഎംസി ആണ് ഈ രംഗത്ത് മുന്നിലുള്ളത്. മൂന്നാം ഘട്ട ഭാരത് ബോണ്ട് ഇടിഎഫ് പുറത്തിറക്കുന്നതോടെ 2023, 2025, 2030, 2031 എന്നിങ്ങനെ അഞ്ച് മെച്യൂരിറ്റി കാലവധികളില്‍ നിക്ഷേപകര്‍ക്ക് സൗകര്യാര്‍ത്ഥം തെരഞ്ഞെടുക്കാം- എഡ്ല്‍വിസ് മ്യൂച്വല്‍ ഫണ്ട് സിഇഒ രാധിക ഗുപ്ത പറഞ്ഞു.
റിപ്പോർട്ട് : ASHA MAHADEVAN (Account Executive)