വഖഫ് ബോര്‍ഡ് നിയമനം പിഎസ്സിക്ക് വിട്ടത് പിന്‍വലിക്കണം: കെ.സുധാകരന്‍ എംപി

Spread the love

വഖഫ് ബോര്‍ഡ് നിയമനം പിഎസ് സിക്ക് വിട്ട സര്‍ക്കാര്‍ നടപടി അനുചിതമാണെന്നും അത് പിന്‍വലിക്കണമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.

മുസ്ലീം സംഘടനകള്‍ ഉയര്‍ത്തിയ ആശങ്കകള്‍ കണക്കിലെടുക്കാതെ വഖഫ് ബോര്‍ഡ് നിയമനം പിഎസ് സിക്ക് വിട്ട നടപടി പ്രതിഷേധാര്‍ഹമാണ്. മുസ്ലിം സമുദായത്തിന് ലഭിക്കുന്ന പരിരക്ഷ നഷ്ടപ്പെടാന്‍ ഇടയാക്കുന്നതാണ് സര്‍ക്കാര്‍ തീരുമാനം. വഖഫ് ബോര്‍ഡ് നിയമനം സുതാര്യവും കാര്യക്ഷമവുമാക്കാന്‍ പ്രത്യേക റിക്രൂട്ട്‌മെന്റ് ബോര്‍ഡ് രൂപീകരിക്കണമെന്ന മുസ്ലീം സമുദായ സംഘടനാ നേതാക്കളുടെ ബദല്‍ നിര്‍ദ്ദേശം പൂര്‍ണ്ണമായി അവഗണിച്ച സര്‍ക്കാര്‍ നടപടി അപലപനീയമാണ്.വഖഫ് നിയമനം പിഎസ് സിക്ക് വിടുക വഴി സിപിഎം വിവേചനമാണ് കാട്ടിയത്. മുസ്ലീം സമുദായങ്ങളുടെ വികാരം വ്രണപ്പെടുത്തുന്ന ഈ നടപടി പുനപരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളിലേക്ക് കോണ്‍ഗ്രസ് കടക്കുമെന്നും സുധാകരന്‍ പറഞ്ഞു.

മതം എന്നു പറയുന്നത് ഒരു സ്വകാര്യ പ്രസ്ഥാനമാണ്.എല്ലാ മതങ്ങള്‍ക്കും ഭരണഘടനാ പ്രകാരം അനുവദനീയമായ അവകാശങ്ങളുണ്ട്. അതില്‍ പ്രധാനം ഒരു മതത്തെ നിയന്ത്രിക്കുന്നത് ആ മതവിഭാഗത്തെ പ്രതിനിധാനം ചെയ്യുന്നവരാകണമെന്നതാണ്. അങ്ങനെയുള്ളതാണ് വഖഫ് ബോര്‍ഡ്.അതില്‍ സര്‍ക്കാരിന് നിയന്ത്രണമില്ലെന്നത് വസ്തുതയാണ്. മുസ്ലീം സമുദായ അംഗങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ഭരണഘടനാ അധികാരമുള്ള സമിതിയാണ് വഖഫ് ബോര്‍ഡ്. ഇങ്ങനെ പ്രവര്‍ത്തിക്കുന്ന വഖഫ് ബോര്‍ഡില്‍ പിഎസ് സി വഴി ആളുകളെ നിയമിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും സുധാകരന്‍ പറഞ്ഞു.

ദൂരവ്യാപകമായ ഭവിഷ്യത്തുകള്‍ക്ക് വഴിവെയ്ക്കുന്ന വീണ്ടുവിചാരമില്ലാത്ത നടപടിയാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. മതസൗഹാര്‍ദത്തെ ബാധിക്കുന്ന ഇത്തരം വിഷയങ്ങളില്‍ സര്‍ക്കാര്‍ കൂടുതല്‍ അവധാനത കാട്ടണം.നിയമനം പിഎസ് സിക്ക് വിട്ടതുവഴി തുല്യ നീതി,അവസര സമത്വം തുടങ്ങിയ വാദഗതികള്‍ ഉയര്‍ത്തി വഖഫ് ബോര്‍ഡിലെ നിയമനങ്ങളില്‍ മറ്റ് ഇതരവിഭാഗങ്ങള്‍ അവകാശവാദം ഉന്നയിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.ഇത് മനപൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ സംഘപരിവാറിന് കളമൊരുക്കുമെന്നും സുധാകരന്‍ പറഞ്ഞു.

 

Author

Leave a Reply

Your email address will not be published. Required fields are marked *