കോണ്‍ഗ്രസിനെ സാധാരണ ജനങ്ങളിലേക്ക് എത്തിച്ച് പാര്‍ട്ടിക്ക് ജനകീയമുഖം നല്‍കി ഒരു ബഹുജനസംഘടയാക്കി മാറ്റുന്നതില്‍ നിര്‍ണ്ണായക സംഭാവനകള്‍ നല്‍കിയ വ്യക്തിത്വമാണ് കെ.മാധവന്‍ നായരെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. സ്വാതന്ത്ര്യസമര സേനാനിയും കെപിസിസിയുടെ പ്രഥമ പ്രസിഡന്റുമായിരുന്ന കെ.മാധവന്‍ നായരുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച അനുസ്മരണം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം.
കേരളത്തിലെ ദേശീയ പ്രസ്ഥാനത്തിന്റെ ആദ്യകാല ചരിത്രമാണ് മാധവന്‍ നായരുടെ ജീവചരിത്രം. ദേശീയ സ്വാതന്ത്ര്യ പ്രവര്‍ത്തനം, ഖിലാഫത്ത് പ്രവര്‍ത്തനം, അയിത്തം ഉള്‍പ്പെടെയുള്ള സാമൂഹിക തിന്മകള്‍ക്കെതിരേയുള്ള പ്രവര്‍ത്തനം, വൈക്കം സത്യഗ്രഹം, ഗുരുവായൂര്‍ സത്യഗ്രഹം, മാതൃഭൂമി ദിനപത്രത്തിന്റെ ഉത്ഭവം തുടങ്ങി പല ജന്മങ്ങള്‍ കൊണ്ട് ഒരാള്‍ ചെയ്യേണ്ടവ 51 വയസുവരെ മാത്രം നീണ്ട ഒരു ജന്മം കൊണ്ട് ചെയ്തു തീര്‍ത്തയാളാണ് മാധവന്‍ നായര്‍.ജീവിതാന്ത്യം വരെ ഒരു പോരാളിയായിരുന്നു കെ.മാധവന്‍ നായരെന്നും സുധാകരന്‍ പറഞ്ഞു.
കെ.മാധവന്‍ നായരുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ശ്രീചിത്രഹോമില്‍ ലഡുവിതരണവും കെപിസിസിയില്‍ ജവഹര്‍ ബാല്‍മഞ്ച് കുട്ടികളുടെ നേതൃത്വത്തില്‍ കേക്ക് മുറിക്കലും സംഘടിപ്പിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറിമാരായ ടിയു രാധാകൃഷ്ണന്‍,ജിഎസ് ബാബു,ജി സുബോധന്‍, നിര്‍വാഹക സമിതി അംഗം ശരത്ചന്ദ്ര പ്രസാദ്, ഇബ്രാഹിംകുട്ടി കല്ലാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.