ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ പ്രത്യേക വാക്സിനേഷന് യജ്ഞം
പരമാവധി സാമ്പിളുകള്‍ ജനിതക പരിശോധനയ്ക്ക് അയക്കും
മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു
തിരുവനന്തപുരം: ഹൈ റിസ്ക് അല്ലാത്ത രാജ്യത്തില്‍ നിന്നും വന്നയാള്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്വയം നിരീക്ഷണ വ്യവസ്ഥകള്‍ കര്‍ശനമായി നടപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്വയം നിരീക്ഷണത്തിലെ വ്യവസ്ഥകള്‍ എല്ലാവരും കൃത്യമായി പാലിക്കണം. സാമൂഹിക
ഇടപെടലുകള്‍, ആള്‍ക്കൂട്ടങ്ങളുള്ള സ്ഥലങ്ങള്‍, തീയറ്ററുകള്‍, മാളുകള്‍ എന്നിവ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണം. എറണാകുളത്ത് ഇന്നലെ ഒമിക്രോണ്‍ സ്ഥിരീകരിച്ചയാള്‍ കോങ്കോയില്‍ നിന്നും വന്നതാണ്. ഹൈ റിസ്ക് രാജ്യമല്ലാത്തതിനാല്‍ കേന്ദ്ര മാര്‍ഗനിര്‍ദേശമനുസരിച്ച് സ്വയം നിരീക്ഷണമായിരുന്നു അനുവദിച്ചത്. എന്നാല്‍ ഇദ്ദേഹം ധാരാളം ആളുകളെത്തുന്ന ഷോപ്പിംഗ് മാളിലും റസ്റ്റോറന്റുകളിലും ഉള്‍പ്പെടെ പോയിരുന്നു. അതിനാല്‍ തന്നെ ഇദ്ദേഹത്തിന്റെ സമ്പര്‍ക്ക പട്ടിക താരതമ്യേന വലുതാണ്. ഇദ്ദേഹത്തിന്റെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കി വരികയാണ്. റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കും. സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടേണ്ടതാണ്. എല്ലാ ജില്ലകളും ജാഗ്രത പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.
രോഗികള്‍ കൂടുന്ന സാഹചര്യമുണ്ടായാല്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ ജില്ലകള്‍ സജ്ജമാക്കിയിട്ടുണ്ട്. ആവശ്യമുള്ളവര്‍ക്ക് സ്വകാര്യ ആശുപത്രികളിലും ചികിത്സയില്‍ കഴിയാവുന്നതാണ്. എയര്‍പോര്‍ട്ടിലും സീപോര്‍ട്ടിലും നിരീക്ഷണം ശക്തമാക്കി. ഇവിടെയെല്ലാം ലാബുകള്‍ സജ്ജമാക്കിയിട്ടുണ്ട്.
ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്നും വരുന്നവരുടേയും മറ്റ് രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ റാന്‍ഡം പരിശോധനയില്‍ കോവിഡ് പോസിറ്റീവാകുന്നവരുടേയും ഇവരുടെ സമ്പര്‍ക്കത്തില്‍ വന്ന് കോവിഡ് പോസിറ്റീവാകുന്നവരുടേയും സാമ്പിളുകള്‍ ജനിതക പരിശോധനയ്ക്ക് അയക്കുന്നത് തുടരും. ഒമിക്രോണ്‍ സാഹചര്യത്തില്‍ കൂടുതല്‍ സാമ്പിളുകള്‍ ജനിതക പരിശോധനയ്ക്ക് അയക്കുന്നതാണ്. ക്ലസ്റ്ററുകള്‍ രൂപപ്പെടുന്ന പ്രദേശങ്ങളിലെ കോവിഡ് പോസിറ്റീവ് സാമ്പിളുകളും ജനിതക പരിശോധനയ്ക്ക് അയക്കും.
ഡിസംബര്‍ ഒന്നു മുതല്‍ സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങള്‍ വഴി ആകെ 1,47,844 യാത്രക്കാരാണ് എത്തിച്ചേര്‍ന്നിട്ടുള്ളത്. അവരില്‍ 8,920 പേരെ വിമാനത്താവളങ്ങളില്‍ വച്ചു തന്നെ പരിശോധിച്ചു. അതില്‍ 15 പേരാണ് കോവിഡ് പോസിറ്റീവായത്. അതില്‍ 13 പേര് ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്നും 2 പേര് മറ്റ് രാജ്യങ്ങളില്‍ നിന്നും വന്നവരാണ്. ഇവരുടെ എല്ലാവരുടേയും സാമ്പിളുകള്‍ ജനിതക പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഡിസംബര്‍ ഒന്നിന് മുമ്പ് ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്നും എത്തിയിട്ടുള്ള കോവിഡ് പോസിറ്റീവായിട്ടുള്ളവരുടേയും എട്ടാമത്തെ ദിവസം പരിശോധനാ ഫലം പോസിറ്റീവായിട്ടുള്ളവരുടേയും സാമ്പിളുകള്‍ ഉള്‍പ്പെടെ ആകെ 54 പേരുടെ സാമ്പിളുകളാണ് ജനിതക പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 44 പേരുടെ പരിശോധനാ ഫലം വന്നിട്ടുണ്ട്. അതില്‍ 39 പേര് ഡെല്‍റ്റാ വേരിയന്റ് പോസിറ്റീവും 5 പേര് ഒമിക്രോണ്‍ പോസിറ്റീവുമാണ്.
എറണാകുളത്ത് യുകെയില്‍ നിന്നും എത്തിയാള്‍ക്കാണ് ആദ്യം ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. അദ്ദേഹത്തിന്റെ സമ്പര്‍ക്കപ്പട്ടികയിലുള്ള ഭാര്യയ്ക്കും (38) ഭാര്യാ മാതാവിനും (67), കോങ്കോയില്‍ നിന്നും വന്ന മറ്റൊരാള്‍ക്കുമാണ് (37) ഇന്നലെ എറണാകുളത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ച യുവതിക്ക് (22) വിമാനത്തില്‍ നിന്നുള്ള സമ്പര്‍ക്കം മാത്രമാണുള്ളത്. ഇവര്‍ തിരുവനന്തപുരത്തെ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലാണുള്ളത്. എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണ്.
ഒമിക്രോണ്‍ സാഹചര്യത്തില്‍ വാക്സിനേഷന് ഡ്രൈവ് ശക്തിപ്പെടുത്താനും യോഗം തീരുമാനിച്ചു. നാളെയും മറ്റന്നാളും പ്രത്യേക വാക്സിനേഷന് യജ്ഞം സംഘടിപ്പിക്കും. വാക്സിന് എടുക്കാത്തവര്‍ ഉടന്‍ തന്നെ വാക്സിന് എടുക്കേണ്ടതാണ്. രണ്ടാം ഡോസ് വാക്സിന് എടുക്കാന്‍ സമയം കഴിഞ്ഞവരും എത്രയും വേഗം വാക്സിന് സ്വീകരിക്കണം. അവബോധം ശക്തിപ്പെടുത്തുന്നതാണ്. ബാക്ക് ടു ബേസിക്സ് അടിസ്ഥാനമാക്കി മാസ്ക്, സാനിറ്റൈസര്‍ ഉപയോഗം, സാമൂഹിക അകലം എന്നിവ പാലിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന് എന്‍. ഖോബ്രഗഡെ, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍മാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, ഡി.എംഒ..മാര്‍, ഡി.പി.എം.മാര്‍, സര്‍വയലന്‍സ് ഓഫീസര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.