വാഷിംഗ്ടണ്‍: കോവിഡ് 19 വൈറസിനെ നിയന്ത്രിക്കുവാന്‍ ബൈഡന്‍ ഭരണകൂടത്തിനു കഴിഞ്ഞുവെങ്കിലും, മാരകമായ ഡെല്‍റ്റാ, ഒമിക്രോണ്‍ വേരിയന്റിന്റെ ആഗമനത്തെ മുന്‍കൂട്ടി കണ്ടെത്തുന്നതില്‍ ഭരണകൂടം പരാജയപ്പെട്ടുവെന്ന് വൈസ് പ്രസിഡന്റ് കമല ഹാരീസ്.
ഡെല്‍റ്റാ, ഒമിക്രോണ്‍ ഇതിനകം തന്നെ അമേരിക്കയില്‍ എത്തിക്കഴിഞ്ഞിരിക്കുന്നു. ഒമിക്രോണ്‍ മറ്റേത് വേരിയന്റിനെക്കാളും അതിമാരകമാണെന്നും കമല അഭിപ്രായപ്പെട്ടു. ഡിസംബര്‍ 17 വെള്ളിയാഴ്ച ലോസ് ആഞ്ചലസ് ടൈംസിനു അനുവദിച്ച അനുവദിച്ച അഭിമുഖത്തിലാണ് അവര്‍ അഭിപ്രായം പരസ്യമായി പ്രകടിപ്പിച്ചത്.
അമേരിക്കയിലെ ഭൂരിപക്ഷം ശാസ്ത്രജ്ഞരും ഇതു കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടുവെന്നു മാത്രമല്ല, ഇപ്പോള്‍ ആരുടെ ഉപദേശത്തിനാണ് ഭരണകൂടം ഊന്നല്‍ നല്‍കേണ്ടതെന്നു വ്യക്തമല്ലെന്നും ഹാരിസ് കൂട്ടിച്ചേര്‍ത്തു.
വൈറസിനുമേല്‍ വിജയം നേടിയെന്ന ബൈഡന്‍ ഭരണകൂടത്തിന്റെ പ്രഖ്യാപനം അപക്വവും, അനവസരത്തിലുള്ളതായിരുന്നുവെന്ന ആരോപണം കമല തള്ളി. ജൂലൈ നാലിനു ഭരണകൂടം നടത്തിയ പ്രഖ്യാപനം, വൈറസ് പൂര്‍ണ്ണമായും അപ്രത്യക്ഷമായിട്ടില്ല, എന്നാല്‍ നമ്മുടെ ജീവിതത്തെ ഇനിമേല്‍ വൈറസിനു നിയന്ത്രിക്കാനാവില്ല, രാജ്യത്തിന്റെ വീര്യം തളര്‍ത്തുന്നതിനും അതിനായില്ല എന്നായിരുന്നുവെന്നും കമല ഹാരീസ് കൂട്ടിച്ചേര്‍ത്തു.
അടുത്ത പ്രസിഡന്റ് ഹാരിസ് ആകുമെന്ന കാഴ്ചപ്പാട് ഇപ്പോള്‍ പാടേ മാറിയെന്നും, ഡമോക്രാറ്റിക് പാര്‍ട്ടി ബൈഡന്‍ ഇനിയും മത്സരിക്കുന്നില്ലെങ്കില്‍ പകരം മറ്റൊരാളെ കണ്ടെത്തുന്നതിനുള്ള അണിയറ നീക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.