മന്ത്രി ജി.ആര്‍. അനില്‍ കേന്ദ്ര മന്ത്രി നരേന്ദ്ര സിങ്ങ് തോമറുമായി കൂടിക്കാഴ്ച നടത്തി

Spread the love

ന്യൂഡല്‍ഹി: സംസ്ഥാനത്തെ ഭക്ഷ്യധാന്യങ്ങള്‍ സൂക്ഷിക്കുന്നതിന് താലൂക്ക്തല ഗോഡൗണുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ഫണ്ട് ലഭ്യമാക്കുന്നതിന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ്ങ് തോമറുമായി കൂടിക്കാഴ്ച നടത്തി.
നിലവില്‍ സപ്ലൈകോ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ നിന്നും അരിയും മറ്റ് ധാന്യങ്ങളും എടുത്ത് പ്രൈവറ്റ് ഗോഡൗണുകള്‍ വാടകക്കെടുത്താണ് റേഷന്‍ കടകളിലേക്ക് ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുന്നത്. ഇത്തരത്തില്‍ സംസ്ഥാനത്തിന് ഭക്ഷ്യധാന്യങ്ങള്‍ സൂക്ഷിക്കുന്നതില്‍ പ്രതിവര്‍ഷം 49 കോടി രൂപ വാടകയിനത്തില്‍ ചിലവാകുന്നുണ്ട്. ഇത് പരിഹരിക്കുന്നതിനായി ഭക്ഷ്യ പൊതുവിതരണ വകുപ്പിന് സ്വന്തമായി 2022 – 23 പ്ലാന്‍ പദ്ധതിയില്‍ 83 റേഷന്‍ താലൂക്ക്തല ഗോഡൗണുകള്‍ സ്ഥാപിക്കും എന്ന് തീരുമാനമെടുത്തിട്ടുണ്ട്. ഇത്തരത്തില്‍ ഒരു ഗോഡൗണിന് ചിലവ് പ്രതീക്ഷിക്കുന്നത് 6 കോടിരൂപയാണ്. 83 ഗോഡൗണുകള്‍ നിര്‍മ്മിക്കുന്നതിന് ഏകദേശം 498 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്നു. പ്ലാന്‍ ബഡ്ജറ്റില്‍ നിന്നും ഇത്രയും തുക കണ്ടെത്താന്‍ കഴിയാത്തതിനാല്‍ കേന്ദ്ര കൃഷി വകുപ്പിന്റെ അഗ്രി ഇന്‍ഫ്രാ സ്‌ട്രെക്ച്ചര്‍ ഫണ്ട് ലഭ്യമാക്കുന്നതിന് കേന്ദ്ര കൃഷി മന്ത്രിക്ക് നിവേദനം നല്‍കി. പ്രധാന മന്ത്രിയുടെ 2021ലെ സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ സംസ്ഥാനത്തെ എല്ലാ ബ്ലോക്കുകളിലും ഭക്ഷ്യധാന്യഗോഡൗണുകള്‍ സ്ഥാപിക്കും എന്ന് പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര സര്‍ക്കാറിന്റെ ഈ സ്‌കീം പ്രകാരം 25 ഗോഡൗണുകള്‍ക്ക് രണ്ടു കോടി രൂപ വീതം സഹായധനം ലഭിക്കും. 50 കോടിക്ക് മുകളിലുള്ള തുകയ്ക്ക് 7.5 ശതമാനം പലിശയ്ക്ക് വായ്പ നല്‍കാമെന്നും കേന്ദ്ര മന്ത്രി ഉറപ്പു നല്‍കി. ഈ തുക കൃത്യമായി അടച്ചുതീര്‍ത്താല്‍ 3 ശതമാനം പലിശ ഒഴിവാക്കാമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഡയറക്ടര്‍ ഡോ.ഡി.സജിത് ബാബുവും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
കേന്ദ്ര ഭക്ഷ്യമന്ത്രി വിളിച്ചുചേര്‍ത്ത സംസ്ഥാന ഭക്ഷ്യ മന്ത്രിമാരുടെ ദേശീയ മീറ്റിംഗിലും ഇന്ന് (21.12.21) ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍ പങ്കെടുക്കും. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കമ്മ്യൂണിറ്റി മോഡല്‍ കിച്ചണുകള്‍ നടപ്പിലാക്കുന്നതിന് കഴിഞ്ഞ മാസം കേന്ദ്ര ഭക്ഷ്യ മന്ത്രി സംസ്ഥാന ഭക്ഷ്യ മന്ത്രിമാരുടെ യോഗം വിളിച്ചിരുന്നു. എല്ലാ സംസ്ഥാനങ്ങളിലും കമ്മ്യൂണിറ്റി മോഡല്‍ കിച്ചണുകള്‍ മെച്ചപ്പെട്ട നിലയില്‍ എങ്ങനെ നടപ്പിലാക്കാം എന്നതു സംബന്ധിച്ച റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുന്നതിന് രൂപീകരിച്ച 7 പേര്‍ ഉള്‍പ്പെട്ട കമ്മിറ്റിയില്‍ കേരളത്തില്‍ നിന്നും സിവില്‍ സപ്ലൈസ് കമ്മീഷണര്‍ ഡോ. ഡി.സജിത്ത് ബാബുവിനെയും ഉള്‍പ്പെടുത്തിയിരുന്നു.
കോവിഡ് പശ്ചാത്തലത്തില്‍ കേരളത്തില്‍ ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചന്‍ ലോക്ഡൗണ്‍ കഴിഞ്ഞതിന് ശേഷവും ജനകീയ ഹോട്ടലുകളായി പ്രവര്‍ത്തിച്ചുവരുന്നു. മണ്ണെണ്ണയുടെ ലഭ്യതയ്ക്കായി കേന്ദ്ര പെട്രോളിയം വകുപ്പു മന്ത്രിയുമായും കേന്ദ്ര ഭക്ഷ്യ മന്ത്രിയുമായും ഇന്ന് (21.12.21) ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍ കൂടിക്കാഴ്ച നടത്തും.

Author

Leave a Reply

Your email address will not be published. Required fields are marked *