തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ ഫോണ്‍ സംവിധാനം കാര്യക്ഷമമാക്കുന്നതിന് ഉത്തരവിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. കാര്യങ്ങള്‍ അറിയാന്‍ സ്ഥാപനങ്ങളിലേക്ക് വിളിക്കാന്‍ പല ഓഫീസുകള്‍ക്കും ഫോണ്‍ നമ്പര്‍ ഇല്ല എന്ന പരാതിയെ തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദേശ പ്രകാരം പരിശോധന നടത്തിയിരുന്നു.
പ്രൈമറി തലം മുതല്‍ ഹയര്‍ സെക്കണ്ടറി തലം വരെയുള്ള എല്ലാ സ്ഥാപനങ്ങളിലും ലാന്‍ഡ് ഫോണ്‍ ഉണ്ടാകണം. പ്രവര്‍ത്തനക്ഷമമല്ലാത്ത ഫോണ്‍ കണക്ഷനുകള്‍ ഉണ്ടെങ്കില്‍ അത് ശരിയാക്കിയെടുക്കാന്‍ നടപടി വേണം. അത് സാധ്യമല്ലെങ്കില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അനുമതിയോടെ പുതിയ കണക്ഷന് എടുക്കണം.ഓരോ ദിവസവും ഓഫീസിലേക്ക് വരുന്ന കാളുകള്‍ അറ്റന്‍ഡ് ചെയ്യാന്‍ ഓഫീസ് മേധാവി റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ ഓഫീസ് ജീവനക്കാര്‍ക്ക് ഉത്തരവ് വഴി ചുമതല നല്‍കണം. ടെലിഫോണ്‍ വഴി പരാതി ലഭിക്കുകയാണെങ്കില്‍ അത് കൃത്യമായി രജിസ്റ്ററില്‍ രേഖപ്പെടുത്തണം. തുടര്‍ നടപടി രണ്ടാഴ്ചയിലൊരിക്കല്‍ ഓഫീസ് മേധാവി വിലയിരുത്തണം. ഓഫീസ് പരിശോധനാ വേളയില്‍ ബന്ധപ്പെട്ട അധികാരികള്‍ രജിസ്റ്റര്‍ നിര്‍ബന്ധമായും പരിശോധിക്കണം.അതാത് കാര്യാലയങ്ങളില്‍ നിന്നും അയക്കുന്ന കത്തിടപാടുകളില്‍ കാര്യാലയത്തിന്റെ ഫോണ്‍ നമ്പര്‍, ഔദ്യോഗിക ഇ-മെയില്‍ ഐ.ഡി. എന്നിവ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം. സ്കൂള്‍/ഓഫീസിലേക്ക് വരുന്ന ഫോണ്‍ കോളുകള്‍ക്ക് കൃത്യമായും സൗമ്യമായ ഭാഷയിലും മറുപടി നല്‍കേണ്ടതാണ്.ഇക്കാര്യങ്ങള്‍ ശരിയായ രീതിയില്‍ നടക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിന് അതാതു സ്ഥാപനങ്ങളുടെ മേല്‍നോട്ട ചുമതലയുള്ള ജില്ലാ – ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍, റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസുകളിലെ സീനിയര്‍ സൂപ്രണ്ട് റാങ്കില്‍ കുറയാത്ത ഒരുദ്യോഗസ്ഥനെ ബന്ധപ്പെട്ട ഓഫീസ് മേധാവികള്‍ ചുമതലപ്പെടുത്തണം. ഈ ഉദ്യോഗസ്ഥന്റെ പേരു വിവരം ഫോണ്‍ നമ്പര്‍ സഹിതം ജില്ലാതലത്തില്‍ ക്രോഡീകരിച്ച് ഒ&എം സെക്ഷനിലേക്ക് നല്‍കണം.ഉത്തരവ് ലഭ്യമായി 10 ദിവസങ്ങള്‍ക്കുളളില്‍ സ്കൂള്‍/ സ്ഥാപനത്തിന്റെ പേര്, ഫോണ്‍ നമ്പര്‍, വിദ്യാഭ്യാസ ജില്ല, റവന്യൂ ജില്ല എന്നിവ ജില്ലാതലത്തില്‍ ക്രോഡീകരിച്ച് എക്സല്‍ ഫോര്‍മാറ്റിലാക്കി പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ഒ&എം സെക്ഷനിലെ വിലാസത്തില്‍ ([email protected]) ലഭ്യമാക്കണമെന്നും ഉത്തരവില്‍ പറയുന്നു.പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഓഫീസുകളുടെ പ്രവര്‍ത്തനം കൂടുതല്‍ സുതാര്യവും കാര്യക്ഷമവുമാക്കാന്‍ ഈ നടപടികള്‍ സഹായിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഈ നടപടികള്‍ ഏറെ ഗുണം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.