മത്സ്യത്തൊഴിലാളികളുടെ അപകട മരണം: ആറു മാസത്തിനകം ആനുകൂല്യം ഉറപ്പാക്കുമെന്നു മന്ത്രി സജി ചെറിയാന്‍

Spread the love

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികള്‍ കടലില്‍ അപകടത്തില്‍പ്പെട്ടു മരണം സംഭവിച്ചാല്‍ ബന്ധുക്കള്‍ക്ക് ആറു മാസത്തിനകം ആനുകൂല്യം ഉറപ്പാക്കുമെന്നു ഫിഷറീസ് മന്ത്രി സജി ചെറിയാന്‍. ധനസഹായം അടക്കമുള്ള ആനുകൂല്യങ്ങള്‍ സമയബന്ധിതമായി ലഭ്യമാക്കുന്നതിനുള്ള പൂര്‍ണ ഉത്തരവാദിത്തം ബന്ധപ്പെട്ട ഫിഷറീസ് ഓഫിസര്‍ക്കായിരിക്കുമെന്നും ഇക്കാര്യം ഉറപ്പാക്കുന്നതിനു ഫിഷറീസ് വകുപ്പിലും മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലും നോഡല്‍ ഓഫിസര്‍മാരെ നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ അപകട ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് പദ്ധതി അദാലത്തും ആനുകൂല്യ വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കടലില്‍ പോകുന്ന മുഴുവന്‍ മത്സ്യത്തൊഴിലാളികള്‍ക്കും ഇന്‍ഷ്വറന്‍സ് പരിരക്ഷ കര്‍ശനമാക്കുമെന്നു മന്ത്രി പറഞ്ഞു. കടലില്‍ പോകുന്നവരുടെ പൂര്‍ണ വിവരങ്ങള്‍ ബന്ധപ്പെട്ട അധികൃതരെ നിര്‍ബന്ധമായും അറിയിക്കണം. അപകടമുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് ഇത് അനിവാര്യമാണ്. ഇക്കാര്യത്തില്‍ വീഴ്ചവരുത്തരുത്. മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ പരിമിതികള്‍ മനസിലാക്കി പ്രവര്‍ത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കു കഴിയണം. അപകടത്തില്‍ മരണപ്പെടുന്നവരുടെ ബന്ധുക്കള്‍ക്ക് ആനൂകുല്യങ്ങള്‍ വൈകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് അനുവദിക്കാനാകില്ല. യഥാസമയം ആനുകൂല്യങ്ങള്‍ ലഭ്യമാക്കേണ്ട ഉത്തരവാദിത്തം ഫിഷറീസ് ഉദ്യോഗസ്ഥര്‍ക്കായിരിക്കും. ആറു മാസത്തിനകം ആനുകൂല്യം നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ വിശദീകരണം നല്‍കണം. തുടര്‍ന്ന് മന്ത്രിതലത്തില്‍ ഇടപെടലുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.അപകടത്തില്‍പ്പെട്ടു കാണാതാകുന്ന മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കള്‍ക്ക് ഏഴു വര്‍ഷം കഴിഞ്ഞാണ് നിലവില്‍ ധനസഹായം ലഭിക്കുന്നത്. കേന്ദ്ര നിയമപ്രകാരമാണ് ഏഴു വര്‍ഷമെന്ന കാലയളവ് നിശ്ചയിച്ചിരിക്കുന്നത്. പലപ്പോഴും ഇതു മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കു വലിയ ബുദ്ധിമുട്ടു സൃഷ്ടിക്കുന്നുണ്ട്. ഈ നിബന്ധന മറികടന്ന് ആറു മാസത്തികം ഈ കുടുംബങ്ങള്‍ക്കും ഇന്‍ഷ്വറന്‍സ് ധനസഹായം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാരും ഇന്‍ഷ്വറന്‍സ് കമ്പനികളും തമ്മില്‍ ധാരണയുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.വിവിധ കാരണങ്ങളാല്‍ ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യം ലഭിക്കുന്നതില്‍ കാലതാമസം വന്നവരില്‍ 52 പേര്‍ക്ക് ധനസഹായം നല്‍കാന്‍ തീരുമാനമെടുത്തതായി മന്ത്രി അറിയിച്ചു. അപകടത്തില്‍പ്പെട്ടു മരണമടഞ്ഞ 50 പേരുടെ ബന്ധുക്കള്‍ക്കും പൂര്‍ണ അവശതയിലായ രണ്ടു പേരുടെ ബന്ധുക്കള്‍ക്കുമാണു ധനസഹായം നല്‍കുന്നത്. 4.92 കോടി രൂപ ഈ ഇനത്തില്‍ നല്‍കും. ഇതില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിലുള്ളവരുടെ ആനുകൂല്യ വിതരണം മന്ത്രി ചടങ്ങില്‍ നിര്‍വഹിച്ചു. ഈ ജില്ലകളില്‍ ഇനിയും ആനുകൂല്യം ലഭിക്കാനുള്ളവരുടെ അപേക്ഷകള്‍ മന്ത്രി അദാലത്തില്‍ പരിശോധിച്ചു.മത്സ്യത്തൊഴിലാളി സമൂഹം അഭിമുഖീകരിച്ചിരുന്ന നിരവധി പ്രശ്‌നങ്ങളില്‍ കഴിഞ്ഞ ആറു മാസത്തിനകം പരിഹാരമുണ്ടാക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞതായി ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. അനാവശ്യ തടസവാദങ്ങള്‍ ഉന്നയിച്ച് മത്സ്യത്തൊഴിലാളികള്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യം വൈകിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം പി.ഡബ്ല്യു.ഡി. റെസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ഫിഷറീസ് വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാള്‍, ഡയറക്ടര്‍ ആര്‍. ഗിരിജ, മത്സ്യ ബോര്‍ഡ് ചെയര്‍മാന്‍ സി.പി. കുഞ്ഞിരാമന്‍, അംഗങ്ങളായ സി. പയസ്, എ.കെ. ജബ്ബാര്‍, പി.എ. ഹാരിസ്, സഫര്‍ ഖയാല്‍, ഇന്‍ഷ്വറന്‍സ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഷാജി വിത്സണ്‍, മത്സ്യബോര്‍ഡ് കമ്മിഷണര്‍ ഒ. രേണുകാദേവി, ഇന്‍ഷ്വറന്‍സ് കമ്പനി പ്രതിനിധികളായ സുജിത്ത് പി. കൃഷ്ണന്‍, പി. അഭിലാഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *