കോഴിക്കോട്: ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റിന്റെ രണ്ടാം ദിനവും ആകാശത്ത് വര്‍ണ്ണങ്ങള്‍ വാരി വിതറി പട്ടങ്ങള്‍. നൂറ് കണക്കിന് ആളുകളെ ആവേശത്തിലാക്കിയാണ് ഓരോ പട്ടവും വാനില്‍ ഉയര്‍ന്നു പറന്നത്. കൈറ്റ് ഫെസ്റ്റിവല്‍ കാണാന്‍ ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസും, ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഢിയും എത്തി. വിദേശിയും ഗോവയില്‍ സ്ഥിരതാമസക്കാരനുമായ കൈറ്റ് ബോര്‍ഡിംഗ് വിദഗ്ദ്ധന്‍ ഫിലിപ്പിനെ ജില്ലാ കലക്ടര്‍ ആദരിച്ചു.
ദുബായ് ഫെസ്റ്റില്‍ ഒന്നാം സമ്മാനം നേടിയ സോസര്‍ കൈറ്റ്, ഗുജറാത്ത് കൈറ്റ് ഫെസ്റ്റില്‍ ഒന്നാം സ്ഥാനം നേടിയ യെല്ലോ ഫ്‌ലയിങ് സോസര്‍ കൈറ്റ് എന്നിവ കാഴ്ച്ചക്കാര്‍ക്ക് മനോഹര കാഴ്ച്ചയൊരുക്കി.
ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റില്‍ നാഷണല്‍ കൈറ്റ് ഫെസ്റ്റിവലിലാണ് വണ്‍ ഇന്ത്യ ടീമിന്റെ നേതൃത്വത്തില്‍ 12 സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ എത്തിയത്. ഇന്ത്യന്‍ മിലിട്ടറിക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് മിലിട്ടറി കൈറ്റും ആകാശത്ത് വിസ്മയം തീര്‍ത്തു.
250ലധികം കുഞ്ഞുപട്ടങ്ങള്‍ ഉള്‍പ്പെടുത്തിയ ട്രെയിന്‍ കൈറ്റും, എല്‍.ഇ.ഡി കൈറ്റും, ലോക പട്ടം പറത്തലില്‍ ഇന്ത്യക്ക് ആദ്യമായി സമ്മാനം ലഭിച്ച കഥകളി പട്ടവും വാനില്‍ ഉയര്‍ന്നു പൊങ്ങി. 120 മീറ്ററാണ് കഥകളി പട്ടത്തിന്റെ നീളം.