കൊളറാഡോ : തിങ്കളാഴ്ച വൈകീട്ട് ഡെന്‍വര്‍ കൊളറാഡോയില്‍ അഞ്ചു പേരെ വെടിവച്ചു കൊലപ്പെടുത്തിയ പ്രതിയെ വെടിവച്ചു വീഴ്ത്തിയ ലേക്ക് വുഡ് പോലീസ് ഏജന്റ് ആഷ്ലി ഫെറിസിന് (28) അഭിനന്ദനങ്ങളുടെ പ്രവാഹം . ഇവരെ കുറിച്ചുള്ള വിവരം പോലീസ് ഇന്നലെയാണ് വെളിപ്പെടുത്തിയത് .
വിവിധ സ്ഥലങ്ങളില്‍ നാല് പേരെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം ഹെയറ്റ് ഹൌസ് ഹോട്ടല്‍ ക്ലര്‍ക്ക് സാറാ സ്റ്റിക്കിനെ (28) വെടിവച്ചു പുറത്തേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയോട് (ലിന്‍ഡന്‍ മെക്ക് ലിയോഡ് (47) തോക്ക് താഴെയിടാന്‍ അവിടെ എത്തിയ പോലീസ് ഏജന്റ് ആഷ്ലി ആവശ്യപ്പെട്ടു . പ്രതി മറുപടി നല്‍കിയത് ഏജന്റിന്റെ ഉദരത്തെ ലക്ഷ്യമാക്കി കാഞ്ചി വലിച്ചാണ് . വെടിയേറ്റ ഏജന്റ് സ്ഥലകാല ബോധം വീണ്ടെടുത്ത് പ്രതിക്ക് നേരെ നിറയൊഴിച്ചു , ദേഹത്തൂടെ പ്രതിയുടെ നരഹത്യക്ക് വിരാമമിട്ടു .
കൃത്യസമയത്ത് ഓഫീസര്‍ അവിടെ എത്തിയില്ലായിരുന്നുവെങ്കില്‍ ഇയാളുടെ തോക്കിനു എത്ര പേര് ഇരയാകും എന്ന് പറയുക അസാധ്യമായിരുന്നുവെന്നാണ് ലേക്ക് വുഡ് പോലീസ് വക്താവ് ജോണ്‍ റൊമിറോ പറയുന്നത് . പ്രതി നേരത്തെ രണ്ടു തവണ പോലീസിന്റെ നിരീക്ഷണവലയത്തിലായിരുന്നു , കേസ് ചാര്‍ജ് ചെയ്തിരുന്നില്ല . അഞ്ചു പേരെ വെടിവച്ചു വീഴ്ത്തിയ പ്രതി ലക്ഷ്യമിട്ടിരുന്നത് ടാറ്റൂ പാര്ലേഴ്സിലെ ജീവനക്കാരെയായിരുന്നു . കൊല്ലപ്പെട്ട നാലുപേരും ടാറ്റുമായി ബന്ധപ്പെട്ടവരായിരുന്നു . ഹോട്ടല്‍ ജീവനക്കാരിയെ പ്രതിക്ക് നേരത്തെ അറിയാമായിരുന്നുവെന്നാണ് പോലീസ് വിശ്വസിക്കുന്നത് .
ബുള്ളറ്റ് പ്രൂഫ് വെസ്റ്റ് ധരിച്ചിരുന്നുവെങ്കിലും ഉദരത്തില്‍ വെടിയേറ്റ ഓഫീസറെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയരാക്കി , സുഖം പ്രാപിച്ചു വരുന്നുവെന്നാണ് പോലീസ് അറിയിച്ചത് .