നിയോ ക്രാഡില്‍ പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു
തിരുവനന്തപുരം: നവജാത ശിശു പരിചരണ രംഗത്തെ പ്രധാന ചുവടുവയ്പ്പാണ് നിയോ ക്രാഡില്‍ പദ്ധതിയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് ആദ്യമായി കോഴിക്കോട് ജില്ലയില്‍ സജ്ജമായ സമഗ്ര നവജാതശിശു പരിചരണ പദ്ധതിയാണ് നിയോ ക്രാഡില്‍. വളരെ ശക്തമായ പ്രവര്‍ത്തനങ്ങളിലൂടെ നവജാത ശിശുക്കള്‍ക്ക് ഏറ്റവും വിദഗ്ധ ചികിത്സ ഉറപ്പാക്കുകയാണ് ലക്ഷ്യം. സംസ്ഥാന ആരോഗ്യ വകുപ്പും ജില്ലാ ഭരണ കൂടവും ചേര്‍ന്നുള്ള ഈ പദ്ധതി മറ്റ് ജില്ലകള്‍ക്കും മാതൃകയാക്കാവുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. നിയോ ക്രാഡില്‍ പദ്ധതിയുടെ ഉദ്ഘാടനം ഓണ്‍ലൈന്‍ വഴി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സങ്കീര്‍ണമായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് ഏറ്റവും ഫലപ്രദമായി വിദഗ്ധ ചികിത്സ ലഭ്യമാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. നവജാത ശിശുക്കള്‍ക്ക് ഉണ്ടാകുന്ന സങ്കീര്‍ണങ്ങളായ ശരീരോഷ്മാവ് കുറയുന്ന അവസ്ഥ, രക്തത്തിലെ ഗ്ലൂക്കോസ് കുറയുന്ന അവസ്ഥ, ഓക്‌സിജന്‍ കുറയുന്ന അവസ്ഥ എന്നിവയെ കൃത്യസമയത്ത് ഇടപ്പെട്ട് വിദഗ്ധ ചികിത്സ നല്‍കുന്നതാണ് നിയോ ക്രാഡില്‍ പദ്ധതി. 1000 കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ 5 ശിശുമരണം മാത്രമാണ് സംസ്ഥാനത്ത് സംഭവിക്കുന്നത്. അത് വികസിത രാജ്യങ്ങള്‍ക്ക് ഒപ്പമാണ്. നവജാത ശിശുമരണം വീണ്ടും കുറച്ച് കൊണ്ട് വരുന്നതിന് ഈ പദ്ധതി വളരെയേറെ സഹായിക്കും.
ആശുപത്രികള്‍ ശിശു സൗഹൃദമായി നടപ്പിലാക്കുന്നതിന് ഫലപ്രദമായ ഇടപെടലുകളാണ് സര്‍ക്കാര്‍ നടത്തി വരുന്നത്. ഒരുമിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ മാതൃശിശു സൗഹൃദമായി മാറ്റാനുള്ള പരിശ്രമത്തിലാണ് സര്‍ക്കാര്‍. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ മാതൃശിശു സൗഹൃദം ആക്കുന്നതോടൊപ്പം പൊതുയിടങ്ങളും മാതൃശിശു സൗഹൃദമാക്കാന്‍ കര്‍മ്മ പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുണ്ട്.
കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃകാ മെഡിക്കല്‍ കോളേജാക്കി മാറ്റാന്‍ ശ്രമിക്കും. എയിംസ് കിനാലൂരില്‍ യാഥാര്‍ത്ഥ്യമാക്കാനാണ് പരിശ്രമിക്കുന്നത്. എയിംസ് തുടങ്ങാന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് കരുതുന്നത്. ജീവിതശൈലീ രോഗങ്ങള്‍ കുറച്ച് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ 140 നിയോജക മണ്ഡലങ്ങളിലും ജീവിതശൈലീ രോഗ നിര്‍ണയ കാമ്പയിന്‍ ആരംഭിക്കും. കാന്‍സര്‍ ഡേറ്റ രജിസ്ട്രി തയ്യാറാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് മുഖ്യാതിഥി ആയ ചടങ്ങില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. നിയോ ക്രാഡില്‍ ലോഗോ പ്രകാശനം എംകെ രാഘവന്‍ എംപി നിര്‍വഹിച്ചു. നിയോ ക്രാഡില്‍ വെബ്‌സൈറ്റ് പ്രകാശനം കോഴിക്കോട് മേയര്‍ ഡോ ബീന ഫിലിപ്പ് നിര്‍വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷീജ ശശി, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖോബ്രഗഡെ, എന്‍എച്ച്എം സ്‌റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. വി.ആര്‍. രാജു, ജില്ലാ കലക്ടര്‍ ഡോ. നരസിംഗരി ടിഎല്‍ റെഡ്ഡി, കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ വിആര്‍ രാജേന്ദ്രന്‍, ഡി.എം.ഒ. ഉമ്മര്‍ ഫറൂക്ക്, ഡിപിഎം ഡോ നവീന്‍ എന്നിവര്‍ പങ്കെടുത്തു.
—