ചന്ദ്രശേഖരനെതിരേ റിപ്പോര്‍ട്ട് ലഭിക്കുംവരെ പരസ്യപ്രസ്താവന പാടില്ലെന്ന് കെ സുധാകരന്‍ എംപി

Spread the love

കേരള കാഷ്യു ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാനായിരുന്ന ആര്‍ ചന്ദ്രശേഖരനെതിരേ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ കെപിസിസി നിയോഗിച്ച മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ റിപ്പോര്‍ട്ട് ആകുന്നതുവരെ പരസ്യപ്രസ്താവനകളോ, ആക്ഷേപങ്ങളോ പാടില്ലെന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ഇതിനു വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ അതു കടുത്ത അച്ചടക്കലംഘനമായി കരുതും.

ചന്ദ്രശേഖരനെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ രാജ്യത്തെ എല്ലാ പരിശോധനാ സംവിധാനങ്ങളും അന്വേഷിച്ച് ഒരു തെളിവുമില്ലാതെ ഒഴിവാക്കിയതാണ്. ചിലര്‍ ഈ വിഷയം വീണ്ടും ചര്‍ച്ചയ്ക്ക് വിധേയമാക്കുന്നതുകൊണ്ടാണ് ഇതിനൊരു പൂര്‍ണ്ണവിരാമമിടാന്‍ പാര്‍ട്ടി തലത്തില്‍ അന്വേഷണത്തിനു തീരുമാനിച്ചത്.

ആര്‍. ചന്ദ്രശേഖരന്‍ മുന്‍കാല കെ.പി. സി.സി. അദ്ധ്യക്ഷന്മാരോട് പാര്‍ട്ടി അന്വേഷണം നടത്തണമെന്നു ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പാര്‍ട്ടി ഇതുവരെ അന്വേഷിച്ചില്ലെന്ന ചന്ദ്രശേഖരന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി തലത്തില്‍ അന്വേഷിക്കാന്‍ തീരുമാനിച്ചത്. സത്യസന്ധമായ വ്യക്തിത്വം സംരക്ഷിക്കേണ്ടത് പാര്‍ട്ടിയുടെ കടമയാണ്. ചന്ദ്രശേഖരന് പാര്‍ട്ടിയില്‍ നിന്നും നീതി ലഭിക്കുന്നതിന് വേണ്ടിയാണ് അന്വേഷണം നടത്തുന്നത്. ഇത് ആര്‍ക്കും നല്ല സര്‍ട്ടിഫിക്കറ്റ് നല്കുന്നതിനുള്ള അന്വേഷണമല്ല. സത്യസന്ധമായ അന്വേഷണത്തിനാണ് നിയമരംഗത്ത് നല്ല പ്രാഗത്ഭ്യമുള്ള മാത്യു കുഴനാടനെ ചുമതലപ്പെടുത്തിയതെന്നും കെ സുധാകരന്‍ അറിയിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *