സോമനാഥിന്റെ വിയോഗത്തില്‍ കെപിസിസി പ്രസിഡന്റ് അനുശോചിച്ചു

Spread the love

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മലയാള മനോരമ മുന്‍ സീനിയര്‍ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റുമായ ഇ. സോമനാഥിന്റെ മരണവാര്‍ത്ത വല്ലാത്ത വേദനയോടെ മാത്രമെ ഉള്‍ക്കൊള്ളാന്‍ കഴിയുകയുള്ളൂയെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.

തിരുവനന്തപുരത്ത് എത്തിയ നാള്‍ മുതല്‍ സോമനാഥുമായി തനിക്ക് ഏറ്റവും അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. പലപ്പോഴും തന്റെ വഴികാട്ടിയും നിരൂപകനുമായി സോമനാഥ് മാറിയിട്ടുണ്ട്.നിയമസഭയില്‍ ആദ്യമായി എത്തിയപ്പോള്‍ സഭാനടപടികളെ കുറിച്ച് അത്രയൊന്നും ഞാന്‍ പരിണിത പ്രജ്ഞനായിരുന്നില്ല. അക്കാലത്ത് തനിക്ക് ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയതിലും ജനകീയ വിഷയങ്ങള്‍ തന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിലും സോമനാഥ് വഹിച്ച പങ്ക് വളരെ വലുതായിരുന്നു.ഹൃദ്യമായ പുഞ്ചിരിയോടെയും സൗമ്യതയോടുള്ള പെരുമാറ്റ ശൈലിയാണ് സോമനാഥിന്റെ പ്രത്യേകത.സൗഹൃദങ്ങള്‍ക്കപ്പുറം തന്റെ നിലപാട് തുറന്ന് പറയാന്‍ ആര്‍ജ്ജവം കാട്ടിയിട്ടുള്ള മാധ്യമപ്രവര്‍ത്തകനാണ് സോമനാഥ്. ചാട്ടുളിപോലുള്ള പദപ്രയോഗവും അസാമാന്യമായ നര്‍മ്മബോധവും സോമനാഥിന്റെ സവിശേഷതയായിരുന്നു. രാഷ്ട്രീയം, പരിസ്ഥിതി തുടങ്ങിയ മേഖലകളില്‍ തന്റെ കഴിവ് തെളിയിച്ച വ്യക്തിയായിരുന്നു അദ്ദേഹം.’ആഴ്ചക്കുറിപ്പ്’ എന്ന പേരില്‍ എഴുതിയ പ്രതിവാര രാഷ്ട്രീയപംക്തിയും ‘നടുത്തളം’ എന്ന നിയമസഭാവലോകനവും ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്. രാഷ്ട്രീയത്തിലെ ഓരോ ചലനവും സൂക്ഷമമായി നിരീക്ഷിക്കുന്നത് കൊണ്ടാണ് അദ്ദേഹം എഴുതിയ ആക്ഷേപഹാസ്യരൂപേണയുള്ള നിയമസഭാതല വാര്‍ത്തകള്‍ ഏറെ പ്രചാരം നേടിയത്. സോമനാഥിന്റെ വിയോഗം മാധ്യമലോകത്തിന് വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും മാധ്യമപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു. സോമനാഥിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *