നീലേശ്വരം മുനിസിപ്പാലിറ്റിയില്‍ ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കു ബഡ്‌സ് സ്‌കൂള്‍ നിര്‍മ്മിക്കാന്‍ കാസര്‍കോട് വികസന പാക്കേജ് ജില്ലാതല കമ്മിറ്റി ഭരണാനുമതി നല്‍കി. 1.90 കോടി രൂപയാണ് നിര്‍മ്മാണച്ചെലവ്. മാനസിക ശാരീരിക വെല്ലുവിളി നേരിടുന്ന 1 നും 18 വയസ്സിനും ഇടയിലുള്ള 50 ലധികം കുട്ടികള്‍ മുനിസിപ്പാലിറ്റിയില്‍ ഉണ്ട്. നിലവില്‍ താത്കാലിക കെട്ടിടത്തില്‍ പരിമിത സൗകര്യങ്ങളോടെയാണ് ബഡ്‌സ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. ബഡ്‌സ് സ്‌കൂള്‍ സാധ്യമാക്കുന്നതിനായി എം.രാജഗോപാലന്‍ എം.എല്‍.എ നിവേദനം നല്‍കിയിരുന്നു. ഇതിന്റെ നിര്‍മ്മാണത്തിനായി മുനിസിപ്പാലിറ്റി സ്ഥലം വിട്ടു നല്‍കിയിട്ടുണ്ട്.ചിറപ്പുറത്ത് 35 സെന്റ് ഭൂമിയില്‍ നിര്‍മ്മിക്കുന്ന സ്‌കൂളിന് 5 ക്ലാസ്സ് റൂം, ഒരു സ്റ്റാഫ് റൂം, ഓഫീസ് റൂം, അടുക്കള, ഭക്ഷണ ശാല, തൊഴില്‍ പരിശീലനത്തിനുള്ള പ്രത്യേകം റൂമുകള്‍, കമ്പ്യൂട്ടര്‍ റൂം, സ്പീച്ച് തെറാപ്പി റൂം, കുടുംബാംഗങ്ങള്‍ക്ക് പരിശീലനം നല്‍കുന്നതിനുളള റൂം, ചുറ്റുമതില്‍ എന്നിവയും നിര്‍മ്മിക്കുന്നുണ്ട്. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. ബഡ്‌സ് സ്‌കൂള്‍ നിര്‍മ്മാണം ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് ജില്ലാ വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ ഇ.പി.രാജമോഹന്‍ അറിയിച്ചു.