മിത്രാസ് ഫെസ്റ്റിവൽ 2022: സോമൻ ജോൺ, ദീത്ത നായർ, അജിത്ത് കൊച്ചുസ്, ലൈസി അലക്സ് ഗുഡ് വിൽ അംബാസിഡർമാർ

Spread the love

ന്യൂജേഴ്‌സി : നോർത്ത് അമേരിക്കൻ മലയാളികളുടെ നിറങ്ങളുടെയും വർണങ്ങളുടെയും ഉത്സവമായ മിത്രാസ് ഫെസ്റ്റിവൽ 2022 ന്റെ ഗുഡ് വിൽ അംബാസ്സിഡർമാരായി നോർത്ത് അമേരിക്കയിലെ പ്രമുഖ മലയാളികളായ സോമൻ ജോൺ(ന്യൂജേഴ്‌സി), ദീത്ത നായർ(ന്യൂജേഴ്‌സി), അജിത്ത് കൊച്ചുസ്(ന്യൂയോർക്), ലൈസി അലക്സ്(ന്യൂയോർക്) എന്നിവരെ നിയമിച്ചതായി മിത്രാസ് ഫെസ്റ്റിവൽന്റെ ഭാരവാഹികൾ അറിയിച്ചു.

കഴിഞ്ഞ ഏതാനും പതീറ്റാണ്ടുകളായി സാമൂഹികസാംസ്കാരിക രംഗത്ത് നിറസാന്നിധ്യമായി ,ഒട്ടനവധി ചാരിറ്റി പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ശ്രീ സോമൻ ജോൺ, റെഡ്ക്രോസ് ഉൾപ്പെടെയുള്ള സന്നദ്ധസംഘടനകളിൽ നിസ്വാർത്ഥമായ സേവനം നടത്തിവരുന്നു . ശ്രീ സോമൻ ജോണിനെ അടുത്തയിടെ അമേരിക്കയിലെ പ്രമുഖ അവാർഡുകളിൽ ഒന്നായ പ്രസിഡൻഷ്യൽ അചീവ്മെന്റ് അവാർഡ് നൽകി ആദരിക്കുകയുണ്ടായി . സേവനരംഗത്തു സജീവമാണെങ്കിലും സംഗീതമാണ് തന്റെ ഏറ്റവും വലിയ ഇഷ്ട്ടങ്ങളിലെന്ന് ശ്രീ സോമൻ അടിവരയിട്ടു പറയുന്നു. നിരവധി കലാസാംസ്കാരിക സഘടനകളിൽ സുപ്രധാന ഭാരവാഹിത്വങ്ങൾ വഹിച്ചിട്ടുള്ള ശ്രീ സോമൻ ജോൺ മിത്രാസ് ഉത്സവവുമായി സഹകരിച്ചു പ്രവർത്തിക്കുവാൻ സാധിക്കുന്നതിൽ അതിയായ സന്തോഷവും , അഭിമാനവും ഉണ്ടെന്നു അറിയിച്ചു. എന്തുകൊണ്ട് മിത്രാസിൽ എന്ന ചോദ്യത്തിന്, താൻ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന നമ്മുടെ തനതായ പാരമ്പര്യത്തെയും കലകളെയും അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുന്നതിന് മിത്രാസ് എന്നും മുൻപന്തിയിലാണെന്നും അതുകൊണ്ടു തന്നെ മിത്രാസിനോടൊപ്പം ചേർന്ന് പ്രവർത്തിക്കുന്നതിൽ താനൊരുപാട് സന്തോഷം കണ്ടെത്തുന്നുണ്ടെന്നും ശ്രീ സോമൻ പറഞ്ഞു .

ദീത്ത നായർ: നിരാലംബരോട് എന്നും കരുണയും അനുകമ്പയും കാണിക്കുന്ന ഒരു സാധാരണ വീട്ടമ്മ. സുനാമിയിൽ വീടുകൾ നഷ്ട്ടപെട്ട ശ്രീലങ്കയിലെ പാവപ്പെട്ട ആളുകൾക്കുവേണ്ടി മുൻകൈയെടുത്തു പൈസ സ്വരൂപിച്ചു വീടുകൾ പണിതു നൽകി മാതൃകയായ ശ്രീമതി ദീത്ത നിരവധി സന്നദ്ധസംഘടനകളുടെ നേതൃത്വനിരയിൽ സേവനമനുഷ്ഠിച്ചു വരുന്നു. കേരളത്തിലെ പാവപ്പെട്ട സ്ത്രീകളുടെയും പെൺകുട്ടികളുടെയും ഉന്നമനത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി സേവനമനുഷ്ഠിച്ചു വരുന്ന എംപവർ ഫൌണ്ടേഷൻ എന്ന ചാരിറ്റബിൾ സംഘടനയുടെ സ്ഥാപക മെമ്പർമാരിൽ ഒരാളായ ശ്രീമതി ദീത്ത ന്യൂ ജേഴ്സിയിൽ തന്റെ കുടുബത്തോടൊപ്പം താമസിച്ചു വരുന്നു. മിത്രാസിനെപോലെ കലയേയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുന്ന കലാകാരന്മാരുടെ കൂട്ടത്തോട് ഒരുമിച്ചു പ്രവർത്തിക്കുന്നതിൽ തനിക്കു ഒരുപാട് സന്തോഷമുണ്ടെന്ന് ശ്രീമതി ദീത്ത പറഞ്ഞു.

അമേരിക്കൻ മലയാളികൾക്കിടയിലെ നിറസാന്നിധ്യമായ ശ്രീമതി ലൈസി അലക്സ് തന്റെ ജീവിതം തന്നെ പ്രവാസി മലയാളികളുടെ ഉന്നമനത്തിനു വേണ്ടി മാറ്റിവച്ചിട്ടുള്ള ഒരു വ്യക്തിത്വമാണ് . സീറോ മലബാർ കാത്തോലിക് കോൺഗ്രസ് ചെയർപേഴ്സൺ, ഫൊക്കാന വിമെൻസ് ഫോറം സെക്രട്ടറി,ഫൊക്കാന വിമെൻസ് ഫോറം ചെയർപേഴ്സൺ തുടങ്ങി നിരവധി സംഘടനകളുടെ ഭാരവാഹിയായി പ്രവർത്തിച്ചിട്ടുള്ള ശ്രീമതി ലൈസി അലക്സ് നിലവിൽ ന്യൂയോർക്ക് നേഴ്സസ് അസോസിയേഷന്റെ ട്രഷറർ ആയി സേവനമനുഷ്ഠിച്ചു വരുന്നു. ഓരോ വ്യക്തിക്കും സമൂഹത്തിനു വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യാനുണ്ടെന്നും അതുകൊണ്ടുതന്നെ താനുൾപ്പെടെയുള്ള എല്ലാവരും സാമൂഹിക നന്മക്കു ഉതകും വിധം പ്രവർത്തിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നു അടിയുറച്ചു വിശ്വസിക്കുന്ന ശ്രീമതി ലൈസി കോവിഡ് മഹാമാരിയുടെ താണ്ഡവ കാലത്തു ഒരാശ്വാസമായി മലയാളികൾക്കിടയിൽ പ്രവർത്തിക്കുന്നു.തുടർച്ചയായി നാലാം വർഷവും മിത്രാസിന്റെ അംബാസിഡർ ആവാൻ സാധിച്ചതിൽ ഒരുപാട് സന്തോഷമുണ്ടെന്ന് ലൈസി അറിയിച്ചു.

നിസ്വാർത്ഥ സേവനത്തിനു പേരുകേട്ടിട്ടുള്ള അജിത്ത് കൊച്ചുസ് എന്നറിയപ്പെടുന്ന ശ്രീ അജിത്ത് എബ്രഹാം ന്യൂയോർക്കിലെ പ്രസിദ്ധമായ ഒരു കമ്പനിയിലെ ഡയറക്ടർ ആയി സേവനമനുഷ്ഠിച്ചു വരുന്നു. മുഴുവൻ സമയം ജോലിചെയ്യുന്നതിനോടൊപ്പം തന്നെ സാമൂഹിക സേവനത്തിനും സമയം കണ്ടെത്തുന്ന ശ്രീ അജിത്ത്, എൻ യൂ എം സിയുടെ ബോർഡ് മെമ്പറായും, ഫോമാ, കേരള കൾച്ചറൽ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക തുടങ്ങി നിരവധി സംഘടനകളുടെ ഭാരവാഹിയായി പ്രവർത്തിച്ചു വരുന്നു. ന്യൂയോർക്കിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന ശ്രീ അജിത്ത് തന്റെ സാമൂഹിക ജീവിതത്തോടൊപ്പം കുടുംബ ജീവിതത്തിനും തുല്യ പ്രാധാന്യം കൊടുത്തുവരുന്നു. മിത്രാസിനെ പോലെ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്ന സംഘടനയുമായി തോളോട് തോൾചേർന്നു പ്രവർത്തിക്കാൻ ലഭിക്കുന്ന അവസരം താൻ ഒരു അംഗീകാരമായി കണക്കാക്കുന്നതായും, എന്നും കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാൻ വേണ്ടി തന്റേതായ എല്ലാ സഹായവും അമേരിക്കൻ മലയാളി സമൂഹത്തിനുണ്ടാവും എന്നും അദ്ദേഹം പറഞ്ഞു.

ഈ വർഷത്തെ മിത്രാസ് ഫെസ്റ്റിവൽ ഇതുവരെ കണ്ട സ്റ്റേജ് ഷോകളിൽ നിന്നും തികച്ചും വ്യത്യസ്തമായ കലാവിരുന്നായിരിക്കുമെന്നു ഷോ ഡയറക്ടർമാരായ ജെംസൺ കുര്യാക്കോസ്, ശോഭ ജേക്കബ്, ശാലിനി രാജേന്ദ്രൻ, പ്രവീണ മേനോൻ, സ്മിത ഹരിദാസ് എന്നിവർ അറിയിച്ചു

ജാതിമതസംഘടനാ വ്യത്യാസങ്ങൾ ഇല്ലാതെ കലയെയും കലാകാരന്മാരെയും സ്നേഹിക്കുന്ന എല്ലാവരെയും ഉൾകൊള്ളിച്ചുകൊണ്ട് അമേരിക്കയിലുള്ള കഴിവുറ്റ കലാകാരന്മാരെ വളർത്തി കൊണ്ടുവരുന്നതിന് വേണ്ടി 2011-ൽ സ്ഥാപിതമായ മിത്രാസ് ആർട്സ് ചുരുങ്ങിയ കാലംകൊണ്ട് തന്നെ നല്ലൊരു കലാ സംഘടനയായി അമേരിക്കയിൽ പേരെടുത്തു കഴിഞ്ഞു . തുടർന്നും മിത്രാസ് അമേരിക്കൻ കലാകാരന്മാരുടെ വളർച്ചക്ക് വേണ്ടി തങ്ങളാൽ ആവുന്നതെല്ലാം ചെയ്യുമെന്നു അറിയിച്ചു.

ഈ കലാ സംരംഭത്തിന്റെ തയ്യാറെടുപ്പുകൾ തുടങ്ങി അവസാനം വരെ ഒരു കുടുംബം പോലെ മിത്രാസിനോടൊപ്പം പ്രവർത്തിക്കുന്ന എല്ലാ മാധ്യമങ്ങളോടും, കല,സാംസ്ക്കാരിക, സാമൂഹിക സംഘടനകളോടും ഉള്ള നന്ദിയും കടപ്പാടും പറഞ്ഞാൽ തീരാത്തതാണെന്നു മിത്രാസ് അറിയിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *