പദ്ധതിക്ക് അംഗീകാരമായില്ലെന്ന ധനകാര്യ വകുപ്പിൻ്റെയും കേന്ദ്ര സർക്കാരിൻ്റെയും പ്ലാനിങ്ങ് ബോർഡിൻ്റെയും കുറിപ്പുകൾ ഉൾപ്പെടെയുള്ള രേഖകൾ നിയമസഭയിൽ ഉയർത്തിക്കാട്ടിയാണു പദ്ധതിക്കെതിരെ ചെന്നിത്തല ആഞ്ഞടിച്ചത്.
( ഉത്തരവുകളുo കുറിപ്പുകളും ഇതോടൊപ്പം ചേർക്കുന്നു )
തിരു: ഏകദേശം ഒരു ലക്ഷം കോടി രൂപ പൊതുജനത്തിന് ബാധ്യത ഉണ്ടാക്കുന്ന ഒരു മെഗാപദ്ധതി വളരെ ഉദാസീനമായാണ് സർക്കാർ കൈകാര്യം ചെയ്തിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുള്ള തത്വത്തിലുള്ള ഭരണാനുമതി കെ.റെയില്‍ പ്രോജക്ടിന്റെ പ്രീഇന്‍വെസ്റ്റ്‌മെന്റ് ആക്റ്റിവിറ്റിക്ക് മാത്രമാണ്. സാമൂഹികആഘാതപഠനം, സോയില്‍ സര്‍വ്വേയ്ക്കുവേണ്ടിയുള്ള പഠനം, എന്‍വയൺമെന്റ് മാനേജ്‌മെന്റ് പ്ലാന്‍ തയ്യാറാക്കല്‍, റീസെറ്റില്‍മെന്റ് – റീഹാബിലിറ്റേഷന്‍ പ്ലാന്‍ തയ്യാറാക്കല്‍, ലാൻഡ് അക്വിസിഷന്‍ സെല്ലിന്റെ രൂപീകരണം, കണ്ടിജന്‍സി ചാര്‍ജ്ജ് എന്നീ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രം. എന്നാല്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള യാതൊരു അനുമതിയും നല്‍കിയിട്ടില്ലെന്നിരിക്കെ ഈ ഉത്തരവിൻ്റെ മറവിലാണ് ഇപ്പോള്‍ കല്ല് സ്ഥാപിക്കുന്നതിനുളള പ്രവര്‍ത്തനം നടത്തുന്നത്. ഇക്കാര്യം കോടതിയില്‍ ചോദ്യം ചെയ്തപ്പോള്‍ ഇത് ഭൂമി ഏറ്റെടുക്കലിനുവേണ്ടിയുള്ള സര്‍വ്വേ അല്ലെന്നും സാമൂഹിക ആഘാതപഠനത്തിന് വേണ്ടിയുള്ള വെറും അതിര് വേര്‍തിരിക്കല്‍ മാത്രമാണെന്നുമാണ് സര്‍ക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചത്. എന്നാൽ കോടതിയിൽ പറഞ്ഞതിനു വിരുദ്ധമായി റവന്യൂ വകുപ്പ് പുറപ്പെടുവിച്ച 18/08/2021 ലെ 163/ജിഒ(എംഎസ്)/2021/ആര്‍ഡി ഉത്തരവും, 30/10/2021 ലെ ജിഒ(ആര്‍ടി) 3642/2021/ആര്‍ഡി ഉത്തരവും പ്രകാരം ഏറ്റെടുക്കേണ്ട സ്ഥലത്തിന്റെ സര്‍വേ നമ്പരുകള്‍ വ്യക്തമാക്കിക്കൊണ്ടും ഭൂമി ഏറ്റെടുക്കുന്നതിനുമുള്ള വിശദമായ
ഉത്തരവാണ് സര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. ഇത് തികച്ചും നിയമവിരുദ്ധമാണ്. വിദേശ ഫണ്ടിംഗിനായി സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ എന്തെല്ലാമാണ് എന്നത് സംബന്ധിച്ച് യാതൊരു പ്രാഥമിക ധാരണപോലും ഇല്ലാതെയാണ് സില്‍വര്‍ ലൈന്‍ പദ്ധതിയുടെ വിശദമായ രേഖ അംഗീകരിച്ചുകൊണ്ടുള്ള 11/06/2020 ലെ ജിഒ (എംഎസ്) 18/2020/ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
ഈ സെക്രട്ടറിയാണു സെക്രട്ടേറിയറ്റിൽ സ്വകാര്യ കമ്പനിയായ പ്രൈസ് വാട്ടർ കൂപ്പറിന് ഓഫീസ് തുറക്കാൻ കുറിപ്പ് എഴുതിയത് .അതുകൊണ്ട് സെക്രട്ടറി നിയമവിരുദ്ധ ഉത്തരവ് ഇറക്കിയതിൽ അൽഭുതമില്ല .
ഈ ഉത്തരവ് സംബന്ധിച്ച് അന്നത്തെ ചീഫ് സെക്രട്ടറി ഫയലില്‍ നിരവധി സംശയങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് 33700 കോടി രൂപ വിദേശത്തെ വിവിധ ഫണ്ടിംഗ് ഏജന്‍സികളില്‍നിന്നും കണ്ടെത്തുന്നതിനുവേണ്ടി കേന്ദ്ര ധനകാര്യ വകുപ്പിന്റെ ഇക്കണോമിക് അഫയേഴ്‌സ് വകുപ്പിനെ സമീപിക്കുകയും പ്രസ്തുത വകുപ്പിന്റെ ഉന്നതതല സ്‌ക്രീനിംഗ് കമ്മിറ്റി 18/08/2020 ല്‍ മീറ്റിംഗ് നടത്തി പ്രസ്തുത പദ്ധതി വിലയിരുത്തിയതിൻ്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് നിലവില്‍ നിര്‍വ്വഹണത്തിലുള്ള 5900 കോടി രൂപവരുന്ന 12 പ്രോജക്ടുകളുടെയും , നടപടിക്രമങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നതും 37300 കോടി രൂപ അടങ്കല്‍ കണക്കാക്കിയിട്ടുള്ളതുമായ 8 പ്രോജ ക്ടുകളുടേയും നിര്‍വ്വഹണം ആദ്യം പൂര്‍ത്തിയാക്കിനുശേഷം പുതിയ പ്രൊപ്പോസലുകള്‍ ഏറ്റെടുത്താന്‍ മതിയെന്നും , ഈ പ്രൊപ്പോസല്‍ ഡ്രോപ്പ് ചെയ്യുന്നു എന്നുമാണ് തീരുമാനിച്ചത്. തുടർന്നു ഏകദേശം ഒരു വര്‍ഷത്തിനുശേഷം സർക്കാരിൻ്റെ ആവശ്യപ്രകാരം 22/06/2021 ന് വീണ്ടും ചേര്‍ന്ന സ്‌ക്രീനിംഗ് കമ്മിറ്റി മീറ്റിംഗ് ഈ പ്രൊപ്പോസല്‍ പരിശോധിച്ചതിനുശേഷം സില്‍വര്‍ലൈന്‍ പദ്ധതി മാറ്റിവയ്ക്കുന്നതാണു ഉചിതമെന്നു തീരുമാനിച്ചു .കൂടാതെ കടബാധ്യതയുമായി ബന്ധപ്പെട്ട് ധനകാര്യവകുപ്പിന്റെ അനുമതിയോടെ സംസ്ഥാനസര്‍ക്കാര്‍ അണ്ടര്‍ടേക്കിംഗ് നല്‍കണമെന്നും നിഷ്‌കര്‍ഷിച്ചിരുന്നു. ഈ മിനിസ്ട്‌സിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഗ്യാരന്റി നല്‍കുന്നത് സംബന്ധിച്ച അഭിപ്രായത്തിനായി 12.10.2021 ല്‍ ധനകാര്യവകുപ്പിനെ സമീപിച്ചപ്പോള്‍ ഗ്യാരന്റി നല്‍കുന്നതിനായി സംസ്ഥാനസര്‍ക്കാരിന് നിലവില്‍ അനുവദനീയമായിട്ടുളള പരിധികഴിഞ്ഞെന്നും (ജിഡിപിയുടെ 5 ശതമാനം) ഇനി ഗ്യാരന്റി പരിധി വര്‍ദ്ധിപ്പിക്കുന്നതിന് നിയമത്തില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്നും, കേന്ദ്രസര്‍ക്കാര്‍ പ്രോജക്ട് അംഗീകരിക്കുന്ന അവസരത്തില്‍ നിയമത്തില്‍മാറ്റം വരുത്തി ഗ്യാരന്റിപരിധി വര്‍ദ്ധിപ്പിക്കാവുന്നതാണെന്നുമാണ് ധനകാര്യവകുപ്പ് നിര്‍ദേശിച്ചിരുന്നത്. അതിനുശേഷം 27/10/2021 ല്‍ ചീഫ് സെക്രട്ടറിയുടെ ഇടപെടലിനെത്തുടര്‍ന്ന് ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ധനകാര്യവകുപ്പിന്റെ അഭിപ്രായം പുതുക്കി നല്‍കി. ഇത് പ്രകാരം കേന്ദ്രഗവണ്‍മെന്റിന്റെ അംഗീകാരം ലഭിക്കുന്ന മുറയ്ക്കും, നിയമപരമായ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തീകരിച്ചുകൊണ്ടും, കൊച്ചി മെട്രോ റെയില്‍വേ പ്രോജക്ടിന്റെ രീതിയില്‍ സില്‍വര്‍ ലൈന്‍ പ്രോജക്ടിന്റെ Debt Liabiltiy തത്വത്തില്‍ അംഗീകരിക്കാമെന്നാണ് ധനകാര്യവകുപ്പ് നല്‍കിയിരിക്കുന്ന നിര്‍ദേശം. എന്നാല്‍ ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറിയുടെ 09/11/2021 ലെ കേന്ദ്രസര്‍ക്കാരിന് അയച്ച കത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഇക്കാര്യത്തില്‍ ധനകാര്യവകുപ്പിന്റെ തത്വത്തിലുള്ള അംഗീകാരം ലഭിച്ചു എന്ന തരത്തിലാണ് . ധനകാര്യവകുപ്പിന്റെ നിര്‍ദേശത്തിന് കടകവിരുദ്ധമായ അഭിപ്രായമാണ് അദ്ദഹം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചത്. ദൈനം ദിന ചെലവിന് വകയില്ലാതെ ,കെ.റെയിലിലെ ജീവനക്കാർക്ക് ശമ്പളം കൊടുക്കാന്‍ കഴിയാത്ത അവസ്ഥയില്‍ മെഗാഇന്‍ഫ്രാസ്ട്രക്ച്ചര്‍ പ്രോജക്ട് ഫണ്ടില്‍ നിന്നും 300 കോടി ആവശ്യപ്പെട്ട കെ.റെയിലിന്, പ്രസ്തുത ഫണ്ടില്‍ ഇപ്പോള്‍ തുകയൊന്നും ഇല്ലെന്ന് പ്ലാനിംഗ് വകുപ്പും, കേന്ദ്രസര്‍ക്കാരില്‍ നിന്നും അന്തിമ അനുമതി ലഭിക്കുന്ന മുറയ്ക്ക് ഇക്കാര്യം പരിഗണിക്കാവുന്നതാണെന്നു ധനകാര്യവകുപ്പും അറിയിക്കുകയാണ് ചെയ്തത്. ഇത്തരത്തില്‍
കേന്ദ്രസര്‍ക്കാരിന്റേയോ, സംസ്ഥാന സര്‍ക്കാരിന്റേയോ വിദേശ ഫണ്ടിംഗ് ഏജന്‍സികളുടേയോ ഒരു രൂപ പോലും ലഭിച്ചിട്ടില്ലെന്നുള്ള യാഥാര്‍ത്ഥ്യം മറച്ച് വച്ച് പ്രചണ്ഡമായ പ്രചരണ കോലാഹലമാണ് സംസ്ഥാനസര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ജനങ്ങളെ ഇരുട്ടില്‍ നിറുത്തി പിആര്‍ ഏജന്‍സികള്‍ വഴി കോടിക്കണക്കിന് രൂപ ചെലവഴിച്ച് കിട്ടാത്ത അനുമതിയുടെ പേരില്‍ ഇല്ലാത്ത പദ്ധതി നടപ്പില്‍ വരുത്തുമെന്നാണ് സര്‍ക്കാര്‍ പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി. ഇത് സംബന്ധിച്ച രേഖകള്‍ അടങ്ങുന്ന രണ്ട് ഫയലുകളുടെ പകര്‍പ്പുകളും തന്റെ കൈവശം ഉണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.പദ്ധതിക്ക് വേണ്ടി
അഞ്ച് കോടി ചെലവഴിച്ച് ലീഫ് ലെറ്റ് അടിച്ച സർക്കാർ ഈ തുക ഒരു വർഷമായി ശമ്പളം നൽകാത്ത പാവപ്പെട്ട ജീവനക്കാർക്ക് നൽകിയെങ്കിൽ എത്ര നന്നായിരുന്നു എന്ന് ചെന്നിത്തല പറഞ്ഞു