യുക്രൈയ്നില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യാക്കാരെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി.
യുദ്ധം തുടങ്ങിയത് മുതല്‍ ആയിരക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മെട്രോ സ്റ്റേഷനുകളുടെയും ഹോസ്റ്റലുകളുടെയും ബങ്കറുകളില്‍ അഭയം തേടിയിരിക്കുകയാണ്. അതില്‍ ഭൂരിഭാഗവും യുക്രൈയ്നിലെ യുദ്ധക്കെടുതിയുള്ള നഗരങ്ങളായ കൈവ്, ഖാര്‍കിവ് എന്നിവിടങ്ങളിലാണ്. ഇവിടങ്ങളിലെ രക്ഷാപ്രവര്‍ത്തനം എത്രയും വേഗം നടത്തണമെന്നും കെ സുധാകരന് കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.
ഭക്ഷണവും വെള്ളവും മരുന്നുകളും ഇല്ലാതെ വിദ്യാര്‍ത്ഥികള്‍ വലയുകയാണ്.സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഏതാണ്ട് കാലിയാണ്. ബാങ്ക് എടിഎമ്മുകളില്‍ പണം ലഭ്യമല്ല. അഭയം തേടിയ ബങ്കറുകളില്‍ പലതിലും ടോയ്ലറ്റ് സൗകര്യമില്ല. ഈ ദുരിതങ്ങള്‍ക്ക് ഇടയില്‍ കവര്‍ച്ച ശ്രമവും വ്യാപകമാണ്. പാസ്പോര്ട്ടുകള് പോലും മോഷ്ടിക്കപ്പെടുന്ന സാഹചര്യമാണ്. ജനവാസ മേഖലകളിലേക്ക് ഓരോ ദിവസവും കനത്ത വെടിവെപ്പും ബോംബാക്രമണവും നടക്കുന്നതായും സമീപത്തെ കെട്ടിടങ്ങളില്‍ തീപടരുന്നതായും വിദ്യാര്‍ഥികള്‍ അറിയിച്ചതായും കെ.സുധാകരന് എംപി വിദേശകാര്യമന്ത്രിക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി.