ജേക്കബ് ചെറിയാന്‍ (ജോയിസ്, 62) അറ്റ്‌ലാന്റയില്‍ അന്തരിച്ചു

Spread the love

അറ്റ്‌ലാന്റ (ജോര്‍ജിയ): കോട്ടയം കണ്ണോത്ര ഒരപ്പാന്‍കുഴിയില്‍ കുടുംബാംഗം (അരീപ്പറമ്പ്) ജേക്കബ് ചെറിയാന്‍ ജോര്‍ജിയയിലെ അറ്റ്‌ലാന്റയില്‍ അന്തരിച്ചു. പൊതുദര്‍ശനം 29-ന് ചൊവ്വാഴ്ചയും, സംസ്‌കാരം 30-നു ബുധനാഴ്ചയും നടക്കും.

ആര്‍പ്പൂക്കര ചാലിശേരി കുടുംബാംഗം സജി ജേക്കബാണ് ഭാര്യ. അമല്‍ ജേക്കബ്, അതുല്‍ ജേക്കബ് എന്നിവര്‍ മക്കളാണ്. പരേതരായ ഒ.കെ. ചെറിയാന്‍, കുഞ്ഞമ്മ ചെറിയാന്‍ ദമ്പതികളുടെ പുത്രനാണ്. അച്ചന്‍കുഞ്ഞ്, ജോസുകുട്ടി, ജെസി, ആലീസ് എന്നിവര്‍ സഹോദരങ്ങളാണ്. അറ്റ്‌ലാന്റാ മാര്‍ത്തോമാ ചര്‍ച്ച് ഇടവകാംഗമാണ് പരേതന്‍. കോട്ടയം മാങ്ങാനം സെന്റ് പീറ്റേഴ്‌സ് മാര്‍ത്തോമാ ദേവാവലയം മാതൃ ഇടവകയാണ്.

കോട്ടയം അരീപ്പറമ്പില്‍ ദീര്‍ഘകാലമായി താമസിച്ചിരുന്ന അദ്ദേഹം വിദ്യാഭ്യാസത്തിനുശേഷം പാരഗണ്‍ പോളിമര്‍ ലിമിറ്റഡ് കമ്പനിയില്‍ ഉദ്യോഗസ്ഥനായിരുന്നു. ദീര്‍ഘകാലം ക്വാളിറ്റി സൂപ്പര്‍വൈസര്‍ എന്ന നിലയില്‍ കമ്പനിയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കും സ്തുത്യര്‍ഹമായ സേവനവുമനുഷ്ഠിച്ചു. മത-സാമുദായിക വ്യത്യാസം കൂടാതെ ഏവരോടും സൗഹാര്‍ദമായ സ്‌നേഹബന്ധം പുലര്‍ത്തിയിരുന്ന അദ്ദേഹം അരീപ്പറമ്പ് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെ ആധ്യാത്മിക സംഘടനകളുമായി ചേര്‍ന്ന് സാധുജന സംരക്ഷണത്തിനും ഭവനരഹിതര്‍ക്ക് സുരക്ഷിതമായ വാസസ്ഥലം ഒരുക്കുന്നതിനുമുള്‍പ്പടെയുള്ള നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃനിരയില്‍ നിന്ന് പ്രവര്‍ത്തിച്ചു.

2010-ല്‍ കുടുംബ സമേതം അമേരിക്കയിലെത്തിയ അദ്ദേഹം ജോര്‍ജിയയിലെ ലോറന്‍സ് വില്ലില്‍ താമസം ആരംഭിച്ചു. ഹില്‍ ഫീനിക്‌സ് എന്ന സ്ഥാപനത്തില്‍ ഇലക്ട്രീഷ്യനായിരുന്നു. മാര്‍ത്തോമാ ചര്‍ച്ച് അക്കൗണ്ടന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒഴിവ് സമയങ്ങളില്‍ കൃഷിയിലും കേരളീയ പാചകത്തിലും മികവ് തെളിയിച്ച അദ്ദേഹം കുടുംബത്തിലും ഇടവകയിലും സമൂഹത്തിലും ഏറെ പ്രിയങ്കരനായിരുന്നു.

റാന്നി തേക്കുംകാട്ടില്‍ കുടുംബാംഗം റൂബി ഏബ്രഹാം ജാമാതാവും, കാഞ്ഞിരപ്പള്ളില്‍ ചൂണ്ടശേരില്‍ കുടുംബാംഗം ഷാരണ്‍ പ്രതിശ്രുത ജാമാതാവുമാണ്. മാത്തുക്കുട്ടി വര്‍ഗീസ് (അറ്റ്‌ലാന്റ) സഹോദരീഭര്‍ത്താവാണ്. കവിത കുര്യന്‍, റീന ജോസ്, വിജു വര്‍ഗീസ് എന്നിവര്‍ ഇതര സഹോദര പങ്കാളികളാണ്.

29-ന് ചൊവ്വാഴ്ച വൈകിട്ട് 5 മുതല്‍ 9 വരെ പൊതുദര്‍ശനവും, 30-ന് ബുധനാഴ്ച രാവിലെ 10 -ന് സംസ്‌കാര ശുശ്രൂഷകളും മാര്‍ത്തോമാ ദേവാലയത്തില്‍ വച്ച് (6015 ഓള്‍ഡ് സ്റ്റോണ്‍ മൗണ്ടന്‍ റോഡ്, സ്റ്റോണ്‍ മൗണ്ടന്‍, ജി.എ 30087) നടക്കും. തുടര്‍ന്ന് സംസ്‌കാരം എറ്റേണല്‍ ഹില്‍സ് മെമ്മേറി ഗാര്‍ഡന്‍സില്‍.

Author

Leave a Reply

Your email address will not be published. Required fields are marked *