ഞാറക്കല്‍ താലൂക്ക് ആശുപത്രി ഉന്നത നിലവാരത്തിലേക്ക്

Spread the love

ഉദ്ഘാടനത്തിനൊരുങ്ങി പുതിയ ഒ.പി ബ്ലോക്കും ഐസോലേഷന്‍ വാര്‍ഡും
ഞാറക്കല്‍ താലൂക്ക് ആശുപത്രിയില്‍ പുതിയ ഒ.പി ബ്ലോക്കും ഐസോലേഷന്‍ വാര്‍ഡും ഒരുങ്ങുന്നു. ഒ.പി കെട്ടിടത്തിന്റെ സിവില്‍ പ്രവൃത്തികള്‍ 80 ശതമാനം പൂര്‍ത്തിയായി. പുതിയ കെട്ടിടം ഉടന്‍ പ്രവര്‍ത്തനസജ്ജമാകും.

ഗോശ്രീ ഐലന്‍ഡ് ഡെവലപ്പ്‌മെന്റ് അതോറിറ്റി (ജിഡ)യാണ് ഇതിന്റെ നിര്‍മാണ ചെലവ് വഹിക്കുന്നത്. 5 കോടി 95 ലക്ഷം രൂപയുടെ പ്രോജക്ടിന്റെ നിര്‍മാണച്ചുമതല പൊതുമരാമത്ത് വകുപ്പിനാണ്. ആരോഗ്യ വകുപ്പിന്റെ മേല്‍നോട്ടത്തിലാണ് നിര്‍മാണം പുരോഗമിക്കുന്നത്.
രണ്ടുനില കെട്ടിടത്തില്‍ ഒ.പി റൂം, മേജര്‍ ഓപ്പറേഷന്‍ തീയേറ്റര്‍, മൈനര്‍ ഓപ്പറേഷന്‍ തീയേറ്റര്‍, ഫാര്‍മസി, സ്റ്റോര്‍ റൂം, ചില്‍ഡ്രന്‍സ് വാര്‍ഡ്, അത്യാഹിത വിഭാഗം എന്നിവ അടങ്ങിയിട്ടുണ്ട്. ഇതില്‍ മുകളിലെ നിലയിലാണ് ചില്‍ഡ്രന്‍സ് വാര്‍ഡും മേജര്‍ ഒ.ടിയും ഒരുക്കുന്നത്.
ആശുപത്രി കോമ്പൗണ്ടില്‍ തന്നെയാണ് ഐസോലേഷന്‍ വാര്‍ഡും നിര്‍മിക്കുന്നത്. ഇതിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കും. കെ.എന്‍ ഉണ്ണികൃഷ്ണന്‍ എംഎല്‍എയുടെ ഫണ്ടും കിഫ്ബി ഫണ്ടും സംയുക്തമായി ഉപയോഗിച്ചാണ് കെട്ടിടം നിര്‍മിക്കുന്നത്. 1 കോടി 75 ലക്ഷം രൂപയാണ് പദ്ധതി തുക. അവശേഷിക്കുന്ന ജോലികള്‍ എത്രയും വേഗം തീര്‍ക്കാനാവശ്യപ്പെട്ട് കരാറുകാരന് കത്ത് നല്‍കാന്‍ മട്ടാഞ്ചേരി കെട്ടിട വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ക്ക് എംഎല്‍എ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഗോശ്രീ ഐലന്‍ഡ് ഡെവലപ്പ്‌മെന്റ് അതോറിറ്റിയുടെ അടിസ്ഥാനസൗകര്യ വികസന പദ്ധതി പ്രകാരമാണ് പുതിയ ഒ.പി ബ്ലോക്കിന് ഫണ്ട് അനുവദിച്ചിട്ടുള്ളത്. ജനസാന്ദ്രത കൂടിയ പ്രദേശത്തെ നാളുകളായുള്ള ആവശ്യമാണ് സൗകര്യങ്ങളോടുകൂടിയ ഒ.പി ബ്ലോക്ക്. നിരവധി പേരാണ് ദിവസവും ചികിത്സയ്ക്കായി താലൂക്ക് ആശുപത്രിയില്‍ എത്തുന്നത്. എല്ലാ സജ്ജീകരണങ്ങളോടും കൂടിയ പുതിയ കെട്ടിടം പൂര്‍ത്തിയാകുന്നതോടെ തീരദേശ മേഖലയിലെ ജനങ്ങള്‍ക്ക് വലിയ ആശ്വാസമാകും. ഒരു കോടി രൂപ ചെലവഴിച്ച് പുതിയ വനിതാ വാര്‍ഡും ആശുപത്രിയില്‍ നിര്‍മിച്ചിട്ടുണ്ട്. ഇതിന്റെ ഉദ്ഘാടനവും ഉടനുണ്ടാകും.

Author

Leave a Reply

Your email address will not be published. Required fields are marked *