നൂറ് ദിന കര്‍മ്മ പദ്ധതി: ലൈഫ് മിഷനിലൂടെ ജില്ലയില്‍ പൂര്‍ത്തിയാകുന്നത് 2000 വീടുകള്‍

Spread the love

എറണാകുളം: ലൈഫ് മിഷന്‍ ഭവനപദ്ധതി വഴി എറണാകുളം ജില്ലയില്‍ 2000 കുടുംബങ്ങളുടെ അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം പൂര്‍ത്തീകരണത്തിലേക്ക് അടുക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 2000 വീടുകളുടെ നിര്‍മാണമാണു പൂര്‍ത്തീകരിക്കുന്നത്. സ്വന്തമായി ഭൂമിയുള്ളവര്‍ക്കു പുറമെ ഭൂവുടമകള്‍ അല്ലാത്തവര്‍ക്കും വീടെന്ന ഉറപ്പാണ് ലൈഫ് മിഷന്‍ നല്‍കുന്നത്.

ആദ്യ രണ്ടു ഘട്ടങ്ങളിലായി ജില്ലയില്‍ ഭൂവുടമകളായ 18,918 പേര്‍ സുരക്ഷിത ഭവനങ്ങളുടെ ഉടമകളായി. ഭൂരഹിതരായവര്‍ക്കുള്ള ഭവന സമൂച്ചയങ്ങളിലും നിരവധി പേര്‍ താമസമാരംഭിച്ചു. കൂടുതല്‍ ഭവന സമുച്ചയങ്ങളുടെ നിര്‍മാണം ജില്ലയില്‍ പുരോഗമിച്ചു വരികയാണ്. ലൈഫ് ഭവന സുരക്ഷ പദ്ധതി ജനകീയ പങ്കാളിത്തത്തോടെ കൂടുതല്‍ ഗുണഭോക്താക്കളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തില്‍ നടപ്പാക്കുന്ന ‘മനസ്സോടിത്തിരി മണ്ണ്’ പദ്ധതിയും ജില്ലയില്‍ പുരോഗമിക്കുകയാണ്. ഭൂമിയോ ഭൂമിയുടെ വിലയോ ഗുണഭോക്താക്കള്‍ക്കു നേരിട്ട് ലഭ്യമാക്കാനാണ് ‘മനസ്സോടിത്തിരി മണ്ണ്’പദ്ധതി വഴി ലക്ഷ്യമിടുന്നത്.

ഇതിനു പുറമെ അര്‍ഹരായ കൂടുതല്‍ പേര്‍ക്ക് ലൈഫ് മിഷന്‍ പദ്ധതിയുടെ നേട്ടമെത്തിക്കുന്നതിന്റെ ഭാഗമായി പുതിയ അപേക്ഷകളുടെ പരിശോധനയും പുരോഗമിക്കുന്നുണ്ട്. അവസാന പട്ടിക തയ്യാറാക്കുന്നതിനു മുന്നോടിയായുള്ള പരിശോധനകളാണ് ഇപ്പോള്‍ നടക്കുന്നത്. 56000 ത്തോളം പേരാണ് പുതിയ പട്ടികയിലേക്ക് അപേക്ഷിച്ചിട്ടുള്ളത്.

Author

Leave a Reply

Your email address will not be published. Required fields are marked *