അഭ്രപാളിയില്‍ വിക്രമിനെ വീണ്ടും കാണാന്‍ പ്രേക്ഷകരെപ്പോലെ ഞാനും ആകാംക്ഷയോടെ കാത്തിരിക്കുന്നു” എന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ പറഞ്ഞപ്പോള്‍ നടന്‍ ജഗതീ ശ്രീകുമാറിന്റെ മുഖത്ത് ചെറുപുഞ്ചിരി. എട്ടുവര്‍ഷമായി വിഷു ദിനത്തില്‍ വിഷുകോടിയും കണിക്കിറ്റുമായി സഹപാഠിയും സുഹൃത്തുമായ ജഗതിശ്രീകുമാറിനെ കാണാന്‍ എംഎം ഹസനെത്തും.പുണ്യ റമദ്ദാന്‍ വ്രതശുദ്ധിയുടെ നിറവില്‍ ഇത്തവണെയും ആ പതിവ് ഹസ്സന്‍ തെറ്റിച്ചില്ല.കോവിഡ് കാലത്ത് മാത്രമാണ് ഈ സന്ദര്‍ശത്തിന് ഭംഗമുണ്ടായത്. ഇടവേളക്ക് ശേഷമുള്ള ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച കണ്ടുനിന്ന ജഗതിയുടെ കുടുംബാംഗങ്ങള്‍ക്ക് ഹൃദ്യാനുഭവമായി മാറി.
വിദ്യാര്‍ത്ഥി ജീവിതകാലം മുതല്‍ തുടങ്ങിയ സൗഹൃദമാണ് ഇരുവരും തമ്മില്‍. അതിന് നാളിതുവരെ ഉലച്ചില്‍ തട്ടിയിട്ടില്ല.തിരുവനന്തപുരം മാര്‍ ഇവാനിയസ് കോളേജില്‍ ജഗതി ശ്രീകുമാര്‍ ആട്‌സ് ക്ലബ് സെക്രട്ടറി ആയിരിക്കുമ്പോള്‍ കെഎസ്‌യു പ്രസിഡന്റാണ് എംഎം ഹസന്‍.കെഎസ് യു നേതാവായിരുന്ന എംഎം ഹസ്സന്‍ അക്കാലത്ത് യൂണിവേഴ്‌സിറ്റി കലോത്സവ വിജയികളായ ജഗതി ശ്രീകുമാര്‍, നെടുമുടി വേണു തുടങ്ങിയ കലാപ്രതിഭകളെ പങ്കെടുപ്പിച്ച് നടത്തിയ ഒരുമാസം നീണ്ടുനിന്ന അഖിലേന്ത്യ പര്യടനമാണ് ഇരുവരും തമ്മിലുള്ള സൗഹൃദം കൂടുതല്‍ ദൃഢത കൈവരിക്കുന്നത്. കലാലയ ജീവിതത്തിന് ശേഷം ഇരുവരും വ്യത്യസ്ത മേഖലകളില്‍ വ്യാപൃതരായി. അപ്രതീക്ഷിത അപകടത്തെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന ജഗതിയെ അദ്ദേഹത്തിന്റെ ജന്മദിനത്തിലും മറ്റുവിശേഷാല്‍ ദിനങ്ങളിലും എത്ര തിരക്കുകള്‍ക്ക് ഇടയിലും കാണാന്‍ ഹസനെത്തും.
മുന്‍പത്തേക്കാള്‍ ഏറെ സന്തോഷവാനും ഊര്‍ജസ്വലനുമായിരുന്നു ജഗതിയെന്ന് ഹസ്സന്‍ പറഞ്ഞു.സനിമിയെ പ്രാണവായു പോലെ കൊണ്ടുനടക്കുന്ന അദ്ദേഹത്തിന് വീണ്ടും മുഖത്ത് ഛായം തേയ്ക്കാന്‍ ഭാഗ്യം ലഭിച്ചതിന്റെ സന്തോഷമായിരിക്കും അദ്ദേഹത്തിന്റെ മുഖത്ത് മിന്നിമറഞ്ഞതെന്ന് ഹസന്‍ പറഞ്ഞു. താന്‍ അദ്ദേഹത്തെ കാണാന്‍ എത്തിയപ്പോള്‍ പ്രേംനസീര്‍ ഫൗണ്ടേഷന്റെ ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു.ജഗതിയുടെ ഭാര്യയും മക്കളും പേരക്കുട്ടികളും അവിടെ ഉണ്ടായിരുന്നു. കയ്യില്‍ കരുതിയിരുന്ന വിഷുക്കോടി ജഗതിയെ പുതപ്പിച്ചു. വിഷുകൈനീട്ടം അദ്ദേഹത്തിന്റെ ഇടംകയ്യിലേക്ക് വച്ചുകൊടുത്തു. അല്‍പ്പം കൗതകത്തോടെ താന്‍ നല്‍കിയ കൈനീട്ടത്തിലെ തിളങ്ങുന്ന വെള്ളിനാണയത്തില്‍ ഏറെനേരം നോക്കിയ ശേഷം ഹൃദ്യമായ ഒരു പുഞ്ചിരി സമ്മാനിച്ചു.ചുണ്ടുകള്‍ ചലിപ്പിച്ച് എന്തോ പറയാന്‍ ശ്രമിക്കുന്നത് പോലെ എനിക്ക് അനുഭവപ്പെട്ടു.ഞങ്ങളുടെ പഴയ അമ്പിളിയെ എനിക്ക് അപ്പോള്‍ അവിടെ കാണാന്‍ സാധിച്ചു. ഞാന്‍ ജഗതിയുടെ കൈകള്‍ മുറുകെ പിടിച്ച് കൊണ്ട് പറഞ്ഞു, ‘നിങ്ങള്‍ ഭാഗ്യവാനാണ്, നിങ്ങളുടെ മടങ്ങിവരവിനായി കേരളക്കര ഒന്നാകെ കാത്തിരിക്കുന്നു. ഉറപ്പായും നിങ്ങള്‍ ഞങ്ങളുടെ അമ്പിളിയായി,മലയാളികളുടെ ജഗതിയായി സനിമാലോകത്തേക്ക് മടങ്ങിവരും ഞാനും പ്രാര്‍ത്ഥിക്കുന്നുണ്ട്”. അടുത്ത വിഷുവിനും കാണുമല്ലോ എന്ന ചോദ്യത്തിന് തലയാട്ടിക്കൊണ്ട് ഉണ്ടാകുമെന്ന് അദ്ദേഹം മറുപടി പറഞ്ഞു.
ജഗതിയിലെ ഈശ്വരവിലാസം റോഡില്‍ എകെ ആന്റണിയുടെയും എംഎം ഹസന്റെയും അയല്‍ക്കാരനായി ഏറെക്കാലം ജഗതി ശ്രീകുമാര്‍ താമസിച്ചിട്ടുണ്ട്. അന്ന് തിരിഞ്ഞെടുപ്പിന് വോട്ട് രേഖപ്പെടുത്താന്‍ മൂവരും ഒരുമിച്ചാണ് പോളിംഗ് ബൂത്തില്‍ പോകാറുള്ളത്. അപകടത്തെ തുടര്‍ന്നാണ് ജഗതി ശ്രീകുമാര്‍ പേയാടേക്ക് താമസം മാറ്റിയത്. ജഗതി ശ്രീകുമാറിന്റെ കുടുംബസുഹൃത്തുകൂടിയായ ഹസന്‍ അപകടവാര്‍ത്ത അറിഞ്ഞ് വെല്ലൂര്‍ ആശുപത്രിയില്‍ അദ്ദഹത്തെ സന്ദര്‍ശിപ്പോള്‍ ഉണ്ടായ ആത്മവേദനയും വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ജഗതിയിലുണ്ടായ മാറ്റത്തിന്റെ സന്തോഷവും കുടുംബാംഗങ്ങളുമായി പങ്കുവെച്ച ശേഷമാണ് അവിടെ നിന്ന് ഇറങ്ങിയത്.