ബ്യൂബറി അനുവദിക്കുന്നതില്‍ അഴിമതി ആരോപിച്ച് വിജിലന്‍സ് കോടതിയില്‍ രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജിയില്‍ വഞ്ചിയൂരിലെ വിജിലന്‍സ് കോടതിയില്‍ ഹാജരായി മോഴി നല്‍കിയ ശേഷം മാധ്യമങ്ങള്‍ക്ക് നല്‍കിയ ബൈറ്റ്.
കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണ് മൂന്ന് ബ്രൂവറിയും ഒരു ഡിസ്റ്റിലറിയും അനുവദിക്കുവാന്‍ തീരുമാനിച്ചത്. ശക്തമായ ജനവികാരമുയര്‍ന്നപ്പോള്‍
നിവൃത്തിയില്ലാതെയാണ് അന്നത്തെ എക്‌സൈസ് മന്ത്രി ടി .പി.രാമകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയക്കും അത് പിന്‍വലിക്കേണ്ടതായി വന്നത്.
എന്നാല്‍ ഇതില്‍ അഴിമതി നടന്നു എന്നത് വ്യക്തമാണ്. കോടതിമേല്‍നോട്ടത്തിലുളള അന്വേഷണം നടക്കണമെന്നാണ് എന്റെ ആവശ്യം. ഇപ്പോള്‍ 202 എന്‍ക്വയറിക്കാണ് ഉത്തരവിട്ടിരിക്കുന്നത്. അന്നത്തെ രണ്ട് മന്ത്രിമാരായ ഇ.പി. ജയരാജനെയും വി.എസ്. സുനില്‍കുമാറിനെയും സാക്ഷികളായി വിളിക്കുവാനും
തീരുമാനിച്ചിട്ടുണ്ട്. ഈ നിയമപോരാട്ടവുമായി മുന്നോട്ടുപോകും .എനിക്കുവേണ്ടി ഹാജരായത് അഡ്വ.വക്കം ശശീന്ദ്രന്‍ ആണ്. ഈ നിയമപോരാട്ടം നടത്തുന്നതിന് കാരണം കേരളത്തില്‍ ഇനിയും ഡിസ്റ്റിലറിയും ബ്രൂവെറികളും അനുവദിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറായി നില്‍ക്കുന്നു എന്നതുകൊണ്ടുകൂടിയാണ്. കഴിഞ്ഞതില്‍ നിന്ന് പാഠം പഠിക്കാതെ വീണ്ടും കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലുവാനുളള തീരുമാനവുമായിട്ടാണ് ഈ സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. വീണ്ടും സര്‍ക്കാര്‍
ഈ തീരുമാനം എടുത്ത സാഹചര്യത്തില്‍ എന്റെ കേസിന് ഏറെ പ്രാധാന്യമുണ്ട്. കേസുമായി മുന്നോട്ട് പോകും. ഇന്ന് എന്റെ മൊഴി എടുത്തു. സര്‍ക്കാര്‍ എടുത്ത തീരുമാനം റദ്ദാക്കി എന്ന് പറയുമ്പോള്‍ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന് വന്നിരിക്കുകയാണ്. ആ തീരുമാനം അഴിമതിയാണ്. അഴിമതിയും പരസ്പര സാമ്പത്തികനേട്ടമുണ്ടാക്കുവാനുളള ഒരു പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. റദ്ദ് ചെയ്തത് കൊണ്ട് മാത്രം അവസാനിക്കുന്നില്ല.അഴിമതി തന്നെയാണ്.സ്വജനപക്ഷപാതമാണ്.
നിലവിലെ അബ്കാരി ചട്ടങ്ങള്‍ മറികടന്നുകൊണ്ടും 1999ലെ ക്യാബിനറ്റ് തീരുമാനം മറികടന്നുകൊണ്ടും വെളളക്കടലാസില്‍ അപേക്ഷ വാങ്ങി ബ്രൂവെറിയും ഡിസ്റ്റിലറിയും അനുവദിക്കുവാനുളള തീരുമാനം അഴിമതിതന്നെയാണ്. അതുകൊണ്ടാണ് ഞാന്‍ വിജിലന്‍സ് കോടതിയെ സമീപിച്ചത്. കേസ് ഏഴിന് വെച്ചിരിക്കുകയാണ്. ഇ.പി.ജയരാജനും വി.എസ്. സുനില്‍ കുമാറിനും സമന്‍സ് അയക്കുവാന്‍ കോടതി ഉത്തരവിട്ടു.
പൊലീസ് അതിക്രമം അവസാനിപ്പിക്കണം
സംസ്ഥാനത്ത് ഇപ്പോള്‍ കെ റെയിലിന്റെ പേരില്‍ ഉണ്ടാകുന്ന പോലീസ് അതിക്രമങ്ങള്‍ അവസാനിപ്പിക്കണം. വ്യാപകമായി പോലീസ് അതിക്രമങ്ങള്‍
അഴിച്ചുവിടുകയാണ് .ഇന്നലെ കഴക്കൂട്ടത്ത് നടന്ന സംഭവം മനുഷ്യന്റെ മനസാക്ഷിക്ക് നിരക്കാത്ത കാര്യമാണ്. ബൂട്ടിട്ട് ചവിട്ടുക , പ്രവര്‍ത്തകരെ ഭീകരമായി മര്‍ദ്ദിക്കുക, കൊടി തകര്‍ക്കുക. ഒരു ജനാധിപത്യ സംവിധാനത്തില്‍ ഒരിക്കലും പോലീസ് സ്വീകരിക്കുവാന്‍ പാടില്ലാത്ത ക്രൂരമായ നടപടിയാണുണ്ടായത്. ഇതിനു നേതൃത്വം കൊടുത്ത പോലീസുദ്യോഗസ്ഥര്‍ക്ക് എതിരെ ശക്തമായ നടപടി ഉണ്ടാകണം.
ലീഗ് യു.ഡി.എഫിന്റെ അവിഭാജ്യഘടകം
യുഡിഎഫ് ശക്തമാണ്. മുസ്ലീം ലീഗ് ഉള്‍പ്പടെയുളള എല്ലാകക്ഷികളും യുഡിഎഫിന്റെ അഭിവാജ്യഘടകങ്ങളാണ്. ഒറ്റക്കെട്ടായി മുന്നോട്ട് പോകും.യുഡിഎഫില്‍ ഒരു പ്രശ്‌നവുമില്ല.കൂടുതല്‍ ജനപിന്തുണ ആര്‍ജിച്ച് കൊണ്ട് യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ട് പോകും.