ഘട്ടംഘട്ടമായി എല്ലാ ജില്ലകളിലും മോഡൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എന്ന് മന്ത്രി വി ശിവൻകുട്ടി.
സംസ്ഥാനത്തെ ആദ്യ മോഡൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ പ്രവർത്തനോദ്ഘാടനം നാളെ നടക്കും. കടകംപള്ളി സിവിൽസ്റ്റേഷനിൽ ഉച്ചയ്ക്ക് 2.30 ന് തൊഴിലും പൊതുവിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി പ്രവർത്തനോദ്ഘാടനം നിർവഹിക്കും.
സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനെ മാതൃക എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ആയി മാറ്റുമെന്ന് പ്രഖ്യാപിച്ചിരുന്നു. രജിസ്ട്രേഷനായി എത്തുന്ന ഉദ്യോഗാർഥികൾക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ എൻക്വയറി കൗണ്ടർ സേവനം, കുട്ടികൾക്ക് ഇരിപ്പിട സൗകര്യം , കുടിവെള്ളത്തിനുള്ള സൗകര്യം എന്നിവ ലഭ്യമാക്കിയിട്ടുണ്ട്. ആശയക്കുഴപ്പമില്ലാതെ രജിസ്ട്രേഷൻ നടപടി പൂർത്തിയാക്കാൻ ഉതകുന്ന രീതിയിൽ രജിസ്ട്രേഷൻ ഹാൾ ക്രമീകരിച്ചിട്ടുണ്ട്. രജിസ്ട്രേഷന് ആവശ്യമായ കമ്പ്യൂട്ടറുകൾ, പരിചയസമ്പന്നരായ സ്റ്റാഫുകൾ എന്നീ സേവനം യഥാസമയം ലഭിക്കും.
വെരിഫിക്കേഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾ ഒരേസമയം ഏകജാലക സംവിധാനം മുഖേന പൂർത്തീകരിക്കുന്നതിന് ക്യു ആർ കോഡോട് കൂടിയ ഡിജിറ്റൽ ഒപ്പ് രേഖപ്പെടുത്തിയ സ്മാർട്ട് കാർഡ് രജിസ്ട്രേഷൻ സമയത്തുതന്നെ ലഭ്യമാക്കും. ഉദ്യോഗാർത്ഥികൾക്ക് തങ്ങളുടെ രജിസ്ട്രേഷൻ വിവരങ്ങൾ രജിസ്ട്രേഷൻ പൂർത്തിയായ ഉടൻ തന്നെ മനസ്സിലാക്കുന്നതിനായി ക്യു ആർ കോഡ് സ്കാനർ രജിസ്ട്രേഷൻ ഹാളിൽ ക്രമീകരിച്ചിട്ടുണ്ട്.
വൊക്കേഷണൽ ഗൈഡൻസ് യൂണിറ്റ് പ്രവർത്തനം കൂടുതൽ ഡിജിറ്റലൈസ് ചെയ്തിട്ടുണ്ട്. രജിസ്ട്രേഷൻ ഹാളിൽ ഉദ്യോഗാർഥികൾക്ക് ഗൈഡൻസ് നൽകുന്നതിന് ആവശ്യമായ തരത്തിൽ എൽസിഡി ഡിസ്പ്ലേ സംവിധാനം ഒരുക്കിയിട്ടുണ്ട്. ജില്ലാതലത്തിൽ പരാതികൾ യഥാസമയം തീർപ്പുകൽപ്പിക്കാൻ ഉതകുന്ന തരത്തിൽ ജില്ലാ എംപ്ലോയ്മെന്റ് ഓഫീസറുടെ അധ്യക്ഷതയിൽ ഒരു പരാതി പരിഹാര സെൽ പ്രവർത്തിക്കും.
ഘട്ടംഘട്ടമായി എല്ലാ ജില്ലകളിലും മോഡൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സ്ഥാപിക്കുമെന്ന് തൊഴിലും പൊതു വിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. പുതിയ തലമുറയ്ക്ക് ഉന്നത വിദ്യാഭ്യാസം നേടുന്നതിനും മികച്ച തൊഴിൽ കണ്ടെത്തുന്നതിനുമായി കരിയർ ഡെവലപ്മെന്റ് സെന്ററുകളുടെ പ്രവർത്തനം വിപുലീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.