കോവിഡ് ഒന്നാം തരംഗവും രണ്ടാം തരംഗവും സാമ്പത്തിക മേഖലയ്ക്ക് ഏൽപ്പിച്ചിട്ടുള്ള ആഘാതം വളരെ വലുതാണ്. മിക്കവാറും എല്ലാ മേഖലകളിലും സംസ്ഥാന സർക്കാർ സാധ്യമായ എല്ലാ ഇടപെടലുകളും നടത്തി വരികയാണ്.
ഫോട്ടോഗ്രാഫി അനുബന്ധ മേഖല അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങളെക്കുറിച്ച് സർക്കാരിനു ബോദ്ധ്യമുണ്ട്. ടി മേഖലയിൽ ജോലി ചെയ്തു വരുന്ന തൊഴിലാളികൾക്ക് കേരള ഷോപ്സ് & കമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്‍റ്സ് തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വത്തിന് അർഹതയുണ്ട്. പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികൾ ബോർഡിൽ നിന്നും ലഭിക്കുന്ന വിവിധ ആനുകൂല്യങ്ങൾക്ക് അർഹരാണ്. 2020 ൽ കോവിഡ് ആശ്വാസമായി 1000 രൂപ, ക്വാറന്‍റൈനിൽ കഴിഞ്ഞവർക്ക് 500 രൂപ, കോവിഡ് ബാധിതർക്ക് 10000 രൂപ എന്നിവയും അനുവദിച്ചു നൽകിയിരുന്നു. തുടർന്ന് 2021 ലും സാമ്പത്തിക സഹായമായി 1000/- രൂപ വീതം അനുവദിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ സ്വീകരിച്ചു വരികയാണ്.
കോവിഡ് രോഗികളുടെ എണ്ണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എന്നിവ കുറയുന്നതിന്‍റെ അടിസ്ഥാനത്തിലാണ് സർക്കാർ വിവിധ മേഖലകൾക്ക് നിയന്ത്രണങ്ങളോടെ ഇളവ് നൽകി വരുന്നത്. സ്ഥിതി മെച്ചപ്പെടുന്ന മുറയ്ക്ക് പ്രസ്തുത മേഖലയ്ക്കും തുറന്നു പ്രവർത്തിക്കുന്നതിനുള്ള ഇളവ് അനുവദിക്കുന്ന വിഷയം പരിഗണിക്കുന്നതാണ്.
2020-21 ൽ കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട് ലോക്ക്ഡൌൺ ഏർപ്പെടുത്തിയത് മൂലം സംസ്ഥാന ത്തൊട്ടാകെ മിക്ക സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കാൻ സാധിക്കാതിരുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്തുകൊണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വികസന അതോറിറ്റികളുടെയും ഉടമസ്ഥതയിലുള്ളതും ലോക്ക്ഡൌൺ കാരണം തുറക്കാൻ സാധിക്കാത്തതുമായ സ്ഥാപനങ്ങൾക്ക് വാടക ഇളവ് നൽകുന്നത് സംബന്ധിച്ച്, നിബന്ധനകൾക്ക് വിധേയമായി, തീരുമാനം എടുക്കുവാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും വികസന അതോറിറ്റികളെയും അനുവദിച്ചുകൊണ്ട് 29.06.2020 ലെ സ.ഉ.(സാധാ)നം. 1278/2020/ത.സ്വ.ഭവ. നമ്പർ ഉത്തരവായിരുന്നു. ഇതിന്‍റെ തുടർച്ചയായി, കോവിഡ് 19 ന്‍റെ രണ്ടാം തരംഗം വ്യാപകമായ സാഹചര്യം പരിഗണിച്ച്, മേൽ ഉത്തരവിലെ നിബന്ധനകൾക്ക് വിധേയമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വികസന അതോറിറ്റികളുടെയും ഉടമസ്ഥതയിലുള്ളതും ലോക്ക്ഡൌൺ കാരണം തുറക്കാൻ സാധിക്കാത്തതുമായ സ്ഥാപനങ്ങൾക്ക് വാടക ഇളവ് നൽകുന്നതിന് തീരുമാനം എടുക്കുവാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും വികസന അതോറിറ്റികളെയും അനുവദിച്ചുകൊണ്ട് 19.05.2021 ലെ സ.ഉ.(സാധാ) നം.1015/2021/ത.സ്വ.ഭ.വ. നമ്പർ പ്രകാരം ഉത്തരവായിട്ടുണ്ട്.
ഫോട്ടോഗ്രാഫി മേഖലയിലുള്ളവർക്ക് കോവിഡ് വാക്സിനേഷന് മുൻഗണന നൽകുന്ന വിഷയം ആരോഗ്യവകുപ്പിന്‍റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതാണ്.