ജനങ്ങളുമായി കാര്യങ്ങൾ പങ്കുവയ്ക്കാനാണ് സർക്കാർ മുൻതൂക്കം നൽകുന്നത് : മുഖ്യമന്ത്രി

Spread the love

ജനങ്ങളിൽ നിന്ന് കാര്യങ്ങൾ മറച്ചു വയ്ക്കാനല്ല, പകരം പങ്കുവയ്ക്കാനാണ് സർക്കാർ മുൻതൂക്കം നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എല്ലാ കാര്യങ്ങളും അറിയാൻ അവകാശം ഉള്ളവരാണ് ജനം. സാങ്കേതിക വിദ്യയുടെ സഹായത്തോടെ കാര്യങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തുന്നത് പദ്ധതി നടത്തിപ്പിൽ സുതാര്യത കൈവരിക്കാൻ സഹായിക്കും. ജനങ്ങൾ അത് ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. പൊതുമരാമത്ത് വകുപ്പിന്റെ തൊട്ടറിയാം പി. ഡബ്‌ള്യു. ഡി പ്രോജക്ട് മാനേജ്‌മെന്റ് സൊല്യൂഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. പല പ്രവൃത്തികൾ നടക്കുമ്പോഴും പലതരം ആക്ഷേപങ്ങൾ നാട്ടിൽ ഉയർന്നു വരും. അത് ഒഴിവാക്കാനും ജനങ്ങൾ ആഗ്രഹിക്കുന്ന വിധത്തിൽ പദ്ധതികൾ പൂർത്തിയാക്കാനും ഇത്തരം നടപടികളിലൂടെ കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എല്ലാ മേഖലകളിലും ഇതുപോലെയുള്ള സംവിധാനം സർക്കാർ ഉറപ്പാക്കിവരികയാണ്. ഓഫീസുകൾ കയറിയിറങ്ങി വല്ലാതെ മനം മടുത്ത് നിൽക്കുന്ന നല്ലൊരു വിഭാഗം കേരളത്തിലുണ്ട്. അത്തരം പരാതികൾ ഒഴിവാക്കാനാണ് ഫലപ്രദമായ ഓൺലൈൻ സംവിധാനം നടപ്പാക്കി വരുന്നത്. ഇത്തരം നടപടി സ്വാഭാവികമായും ജനം പ്രതീക്ഷിക്കുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാങ്കേതിക രംഗത്തെ പുരോഗതി വകുപ്പിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും ഏതൊരു കാര്യവും ജനങ്ങൾ കൃത്യമായി അറിയുന്നതിനും ഉപകരിക്കും. സംസ്ഥാനത്താകെ വിവിധ രൂപത്തിലുള്ള പദ്ധതികൾ പൊതുമരാമത്ത് വകുപ്പിന്റേതായി നടക്കുന്നുണ്ട്. നിർമാണം നടക്കുമ്പോൾ തന്നെ അതേക്കുറിച്ച് മനസിലാക്കാൻ താത്പര്യമുള്ള ധാരാളം പേർ നാട്ടിലുണ്ട്. പ്രവൃത്തി എത്രത്തോളമായി എന്നറിയാൻ സംവിധാനമില്ലായിരുന്നു. ഇതിനാണ് മാറ്റം വരുന്നതെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. പരിപാലന കാലയളവിൽ തന്നെ റോഡുകളിൽ അറ്റകുറ്റപ്പണി വരുന്നതിന് ഒരു കാരണം നിർമാണത്തിലെ അപാകത തന്നെയാണെന്ന് അധ്യക്ഷത വഹിച്ച പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് പറഞ്ഞു. വിവിധ സാങ്കേതിക സംവിധാനങ്ങളിലൂടെ ജനങ്ങൾക്ക് വിവരം ലഭ്യമാകുന്നതിനാൽ നിർമാണ സമയത്ത് ജാഗ്രത പുലർത്താൻ എല്ലാവരും തയ്യാറാകും. ഇതിനെ പോസിറ്റീവായാണ് വകുപ്പ് കാണുന്നത്. സുതാര്യമായും കൃത്യമായും പദ്ധതി നടപ്പാക്കാനും ഇത്തരം സംവിധാനത്തിലൂടെ സാധിക്കും. പൊതുമരാമത്ത് പ്രവൃത്തികൾ ജനങ്ങൾ മനസിലാക്കാനും നിർദ്ദേശങ്ങൾ മുന്നോട്ടു വയ്ക്കാനും പരാതി അറിയിക്കാനും സഹായിക്കുന്ന സംവിധാനമായി തൊട്ടറിയാം പി. ഡബ്‌ള്യു. ഡി മാറുമെന്ന് മന്ത്രി പറഞ്ഞു. മേയർ ആര്യാ രാജേന്ദ്രൻ, വി. കെ. പ്രശാന്ത് എം. എൽ. എ, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി അജിത്ത്കുമാർ, ജോ. സെക്രട്ടറി സാംബശിവറാവു, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *