ഫസ്റ്റ്‌ബെൽ 2.0 ഡിജിറ്റൽ ക്ലാസുകൾ സംപ്രേഷണം പൂർത്തിയാക്കുന്നു

Spread the love

കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്‌ബെൽ 2.0 ഡിജിറ്റൽ ക്ലാസുകളുടെ സംപ്രേഷണം ഇന്ന് (ഏപ്രിൽ 30) പൂർത്തിയാകും. കോവിഡിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ മുൻവർഷത്തെപ്പോലെ ജൂൺ ഒന്നു മുതൽ അംഗനവാടി തൊട്ട് പന്ത്രണ്ടുവരെയുള്ള ക്ലാസുകൾക്കായി ആരംഭിച്ച ഫസ്റ്റ്‌ബെല്ലിന്റെ പത്ത്, പന്ത്രണ്ട് ക്ലാസുകളും പരീക്ഷാ അനുബന്ധമായിട്ടുള്ള റിവിഷൻ, ലൈവ് ക്ലാസുകളും നേരത്തെ തന്നെ പൂർത്തിയായിരുന്നു. ഒന്നു മുതൽ ഒമ്പതുവരെ ക്ലാസുകളുടെ സംപ്രേഷണം വർഷാവസാന പരീക്ഷയ്ക്ക് മുമ്പ് തന്നെ പൂർത്തിയാക്കി. ഇപ്പോൾ പ്ലസ് വൺ ക്ലാസുകളുടെ സംപ്രേഷണമാണ് പൂർത്തിയാകുന്നത്.

ജനറൽ, തമിഴ്, കന്നട മീഡിയങ്ങളുടെയും ഭാഷാവിഷയങ്ങളുടെയും ക്ലാസുകളും ഉൾപ്പെടെ 9500ലധികം ഡിജിറ്റൽ ക്ലാസുകളാണ് ഫസ്റ്റ്‌ബെല്ലിന്റെ ഭാഗമായി ഈ വർഷം സംപ്രേഷണം ചെയ്തത്. എല്ലാ ക്ലാസുകളും ഏതു സമയത്തും കാണാവുന്ന തരത്തിൽ firstbell.kite.kerala.gov.in പോർട്ടലിൽ ലഭ്യമാക്കിയിട്ടുണ്ട്. സാധാരണ ക്ലാസുകൾക്ക് പുറമെ ഫോക്കസ് ഏരിയ അധിഷ്ടിതമായ റിവിഷൻ ക്ലാസുകൾ കാഴ്ച പരിമിതിയുള്ളവർക്കും പ്രയോജനപ്പെടുന്ന ഓഡിയോ ബുക്കുകൾ, ശ്രവണ പരിമിതർക്കുള്ള സൈൻ അഡാപ്റ്റ് ക്ലാസുകൾ ഉൾപ്പെടെ തയ്യാറാക്കി സംപ്രേഷണം ചെയ്തിട്ടുണ്ട്. ഇതോടൊപ്പം ആരോഗ്യം, കല, കായിക, മാനസികാരോഗ്യ, വിനോദ പരിപാടികളും ഒപ്പം ഐസിടി അനുബന്ധമായ പ്രത്യേക ക്ലാസുകളും പ്രത്യേകമായി നിർമ്മിച്ച് സംപ്രേഷണം ചെയ്തിട്ടുണ്ട്.
ഇക്യുബ് സ്റ്റോറീസ്, ശാസ്ത്രവും ചിന്തയും, മഹാമാരികൾ, ജീവന്റെ തുടിപ്പ്, ശാസ്ത്രവിചാരം, മഞ്ചാടി, എങ്ങനെ എങ്ങനെ എങ്ങനെ, കളിയും കാര്യവും, ചരിത്രം തിരുത്തിയ തൻമാത്രകൾ, കേരളം – മണ്ണും മനുഷ്യനും, ഞാൻ സംരംഭകൻ തുടങ്ങിയവ ഉൾപ്പെടെയുള്ള വിനോദ വിജ്ഞാന പരിപാടികളുടെ സംപ്രേഷണവും പ്ലസ് വൺ പരീക്ഷയ്ക്കായി മെയ് രണ്ടാംവാരത്തിൽ റിവിഷൻ, ലൈവ് ക്ലാസുകളും ഓഡിയോ ബുക്കുകളും ആരംഭിക്കുമെന്നും കൈറ്റ് സി.ഇ.ഒ കെ അൻവർ സാദത്ത് അറിയിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *