വയനാട് : ഭാരതീയ ചികിത്സാ വകുപ്പ് സത്യസായി സേവ സംഘടനയുമായി സഹകരിച്ച് സുല്‍ത്താന്‍ബത്തേരി മണല്‍വയല്‍ കാട്ടുനായ്ക്ക കോളനികളില്‍ കോവിഡ് പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്തു. കോളനിയിലെ ആരോഗ്യസ്ഥിതി വിവരങ്ങള്‍ പഠിച്ച് ആവശ്യമുളളവര്‍ക്ക് ചികിത്സയും മരുന്നും സൗജന്യമായി നല്‍കി. ആയുര്‍വ്വേദ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എസ്.ആര്‍.ബിന്ദു ഉദ്ഘാടനം ചെയ്തു. നഗരസഭ കൗണ്‍സിലര്‍ കെ.ഷൗക്കത്ത്, സത്യസായി സേവാ ഓര്‍ഗനൈസേഷന്‍ ജില്ലാ പ്രസിഡണ്ട് ബാബു കട്ടയാട്, ഡോ.മാനസി നമ്പ്യാര്‍, എം.എസ്.വിനോദ്, കെ.ജി.സുധാകരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
കോളനിവാസികളുടെ ആരോഗ്യനിലവാരം ഉറപ്പുവരുത്തുന്നതിനായി ഭാരതീയ ചികിത്സാ വകുപ്പ് നാഷണല്‍ ആയുഷ് മിഷന്‍ ട്രൈബല്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ എല്ലാ മാസവും കോളനി സന്ദര്‍ശനം നടത്തി ആവശ്യമുളളവര്‍ക്ക് ചികിത്സയും മരുന്നും ഉറപ്പാക്കും. ജില്ലയിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലും പ്രവര്‍ത്തിച്ചുവരുന്ന ആയുര്‍വ്വേദ സ്ഥാപനങ്ങള്‍ വഴി കോവിഡ് പ്രതിരോധ ഔഷധവും കോവിഡ് പോസിറ്റീവായവര്‍ക്കും നെഗറ്റീവായവര്‍ക്കുളള ഔഷധവും നല്‍കി വരുന്നുണ്ട്.