എന്റെ കേരളം പ്രദര്‍ശന വിപണനമേള ചരിത്രത്തില്‍ ഇടംപിടിക്കും: മന്ത്രി വീണാ ജോര്‍ജ്

Spread the love

ജില്ലയിലെ എന്റെ കേരളം പ്രദര്‍ശന വിപണനമേള ചരിത്രത്തില്‍ ഇടംപിടിക്കുമെന്ന് ആരോഗ്യ-കുടുംബക്ഷേമ-വനിത-ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനത്തിനു മുന്നോടിയായി നടത്തിയ വിളംബര ഘോഷയാത്ര പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷനില്‍ ഫ്ളാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

അടച്ചിടപ്പെട്ട കോവിഡ് കാലത്തിനു ശേഷം ജില്ല ഒന്നടങ്കം ഉയര്‍ത്തെഴുന്നേറ്റിരിക്കുന്നു. ജനങ്ങള്‍ക്ക് ഒന്നിക്കാന്‍ എന്റെ കേരളം പ്രദര്‍ശന വിപണന മേള വേദിയാകും. ജില്ലയുടെ സംസ്‌കാരം വിളിച്ചോതുന്നതും സര്‍ക്കാര്‍ സേവനങ്ങള്‍ എല്ലാം ജനങ്ങള്‍ക്ക് ലഭ്യമാകുന്ന മേളയായിരിക്കും ഇത്. ജില്ലയിലെ എല്ലാ വകുപ്പുകളുടേയും സേവനം മേളയില്‍ ഉണ്ടായിരിക്കും. ജില്ലയിലെ മുഴുവന്‍ ആളുകളുടേയും സഹകരണം മേളയില്‍ ഉണ്ടാവണമെന്നും മന്ത്രി പറഞ്ഞു.

ജനങ്ങളാണ് ഏത് ഉത്സവത്തേയും ചരിത്രമാക്കുന്നതെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. പ്രദര്‍ശന സന്ദേശം നാടിന്റെ നാനാ ഭാഗത്തേക്കും എത്തിക്കുന്നതിനായി നടത്തിയ വിളംബര ഘോഷയാത്ര അക്ഷരാര്‍ഥത്തില്‍ ഉത്സവമായിരുന്നു. വലിയ ജനപങ്കാളിത്തം തന്നെയാണ് മേളയുടെ വിജയമെന്നും എംഎല്‍എ പറഞ്ഞു.

സെന്റ് പീറ്റേഴ്സ് ജംഗ്ഷനില്‍ നിന്നു തുടങ്ങിയ ഘോഷയാത്ര ജനറല്‍ ആശുപത്രിക്കു മുന്നിലൂടെ ഗാന്ധി സ്‌ക്വയര്‍ വഴി അബാന്‍ ജംഗ്ഷനിലെത്തി നഗരസഭ ബസ് സ്റ്റാന്‍ഡില്‍ സമാപിച്ചു. ജില്ലാതല വാര്‍ഷികാഘോഷത്തിന്റെ ഭാഗമായ എന്റെ കേരളം പ്രദര്‍ശന വിപണന മേള മേയ് 11 മുതല്‍ 17 വരെ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടക്കും.

അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ ഡോ ദിവ്യ എസ് അയ്യര്‍, നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍, ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ്, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍ പിള്ള, എംപ്ലോയീസ് വെല്‍ഫെയര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ അഡ്വ. ആര്‍. സനല്‍കുമാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം പ്രൊഫ.ടി.കെ.ജി നായര്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍, കേരള കോണ്‍ഗ്രസ് ബി ജില്ലാ പ്രസിഡന്റ് പി.കെ. ജേക്കബ്, ജനതാദള്‍ എസ് ജില്ലാ സെക്രട്ടറി സുമേഷ് ഐശ്വര്യ, ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രാജു നെടുവംപുറം, എം. മുഹമ്മദ് സാലി, ബി.ഷാഹുല്‍ ഹമീദ്, സത്യന്‍ കണ്ണങ്കര, നൗഷാദ് കണ്ണങ്കര, ജോസ് മാടപ്പള്ളില്‍, ഐആന്‍ഡ് പി ആര്‍ ഡി മേഖല ഉപഡയറക്ടര്‍ കെ.ആര്‍. പ്രമോദ് കുമാര്‍, എഡിഎം അലക്‌സ് പി തോമസ്, പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍ കെ.ആര്‍. സുമേഷ്, വിവിധ ജില്ലാതല ഉദ്യോഗസ്ഥര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *