വയനാടന്‍ രുചി പെരുമയില്‍ എന്റെ കേരളം ഭക്ഷ്യമേളയ്ക്ക് തിരക്കേറി. കാന്താരി ചിക്കനും ചാക്കോത്തിയുമാണ് ഭക്ഷ്യമേളയിലെ താരം. പേര് പോലെ തന്നെ വൈവിധ്യമാര്‍ന്ന തനത് രുചിയുടെ അടുക്കളയില്‍ തിരക്കോട് തിരക്ക്. കാന്താരി മല്ലിയില മത്തനില ചുള്ളിചപ്പ് എന്നിവ അരച്ചെടുത്ത് പ്രത്യേക രീതിയില്‍ വറുത്തെടുത്ത് കാന്താരി ചിക്കൻ റെഡി. വെളുത്തുള്ളി ഇഞ്ചി വറ്റല്‍ മുളക് കുരുമുളക് നാരങ്ങാനീര് എന്നിവ കൂട്ടിന് ചേര്‍ത്ത് കനൽ ചൂടിൽ ചുട്ടെടുക്കുന്നതാണ് ചാക്കോത്തി ചിക്കന്‍. ഇതിനകം ഹിറ്റായ ചിക്കന്‍ ചാക്കോത്തിയും കാന്താരി ചിക്കനും കഴിക്കാന്‍ ഫുഡ് കോര്‍ട്ടില്‍ വന്‍ തിരക്കാണ്. വൈവിധ്യമായ വിഭവങ്ങളുമായി ഏഴു യൂണിറ്റുകളായി ഇരുപതോളം കുടുംബശ്രീ അംഗങ്ങളാണ് മുഴുവന്‍ സമയം ഭക്ഷ്യ സ്റ്റാളുകളില്‍ സജീവമാകുന്നത്.
കുടുംബശ്രീയുടെ കീഴിലുളള പ്രൊഡ്യൂസര്‍ കമ്പനിയായ ബാവ്കോ യുടെ വിവിധയിനം ഐസ് ക്രീമുകള്‍, സിപ് അപ്പുകള്‍, ശുദ്ധമായ നെയ്യ്, ചക്ക, ഗോതമ്പ്, ക്യാരറ്റ്, മത്തന്‍ ചേന എന്നിവ കൊണ്ടുള്ള വിവിധ തരം പായസങ്ങള്‍, ചായ,ചെറുകടികള്‍, നാടന്‍ ഊണ്, ബിരിയാണി, നെയ്ച്ചോര്‍, പത്തിരി, പൂരി വിത്യസ്തയിനം ദോശകള്‍, കഞ്ഞി, കൂട്ട് പുഴുക്ക്, കപ്പ, ബീഫ് ഫ്രൈ, ചിക്കന്‍ ചുക്ക എന്നിങ്ങനെ നീളുന്നു ഫുഡ് കോര്‍ട്ടിലെ രുചിയുടെ വൈവിധ്യങ്ങള്‍. ആദ്യ മൂന്ന് ദിനങ്ങളില്‍ കുടുംബശ്രീ ഭക്ഷ്യമേളയില്‍ മൂന്നു ലക്ഷത്തോളം രൂപയാണ് വരുമാനം. പ്രധാന വേദിയിൽ സെമിനാറുകളും കലാ സാംസ്കാരിക പരിപാടികളും ആസ്വാദിച്ചു ഭക്ഷണം കഴിക്കാന്‍ കഴിയുന്ന വിധത്തിലാണ് മേളയിലെ ഫുഡ് കോര്‍ട്ടും സജ്ജീകരിച്ചിരികുന്നത്. ഓര്‍ഡര്‍ നല്‍കുന്നതിനനുസരിച്ച് തത്സമയം വിഭവങ്ങള്‍ തയ്യാറാക്കി നല്‍കും. ഇരുന്ന് ഭക്ഷണം കഴിക്കാന്‍ റൗണ്ട് ടേബിളും ഇവിടെ ധാരാളമായി ഒരുക്കിയിട്ടുണ്ട്.
ഫുഡ് കോര്‍ട്ടില്‍ സജ്ജീകരിച്ച കൗണ്ടറില്‍ നിന്ന് കൂപ്പണ്‍ കൈപ്പറ്റി ഇഷ്ടാനുസരണം ഭക്ഷണം കഴിക്കാം. 500, 200, 100, 50, 20, 10, 5എന്നിങ്ങനെയാണ് ഭക്ഷണ കൂപ്പണിന്റെ നിരക്കുകള്‍. തുകയ്ക്ക് അനുസരിച്ചുള്ള കൂപ്പണുമായി ഇഷ്ടാനുസരണം വിഭവങ്ങള്‍ തെരഞ്ഞെടുക്കാം. രാവിലെ പത്ത് മുതല്‍ രാത്രിയില്‍ സാംസ്കാരിക പരിപാടികള്‍ക്ക് ശേഷം മേള അവസാനിക്കുന്നത് വരെ ഭക്ഷ്യമേളയും തുടരും. മേളയില്‍ തിരക്കേറിയതിനാല്‍ ഇതിനനുസരിച്ച് സൗകര്യങ്ങളും വിപുലപ്പെടുത്തുന്ന തിരക്കിലാണ് കുടുംബശ്രീയും. വരും ദിനങ്ങളിലെ തിരക്ക് കണക്കിലെടുത്ത് കൂടുതല്‍ വിഭവങ്ങളുമായി ഇവിടുത്തെ അടുക്കളകളും കൂടുതൽ തിരക്കിലാവും.