വാഴയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് മന്ത്രി കെ.രാജന്‍ നാടിന് സമര്‍പ്പിച്ചു

Spread the love

സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി വാഴയൂര്‍ പഞ്ചായത്തിലെ കക്കോവില്‍ നിര്‍മിച്ച വാഴയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ നാടിന് സമര്‍പ്പിച്ചു. റീ ബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി 44 ലക്ഷം രൂപ ചെലവില്‍ വാഴയൂര്‍ ഗ്രാമ പഞ്ചായത്തിലെ കക്കോവിലാണ് പുതിയ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. വില്ലേജ് ഓഫീസര്‍ക്ക് പ്രത്യേക റൂം, മറ്റു ജീവനക്കാര്‍ക്ക് പ്രത്യേകം ഡെസ്‌ക്, റൂം, ഫ്രണ്ട് ഓഫീസ്, ഭിന്ന ശേഷി സൗഹൃദ ടോയ് ലെറ്റ്, കമ്പ്യൂട്ടര്‍ അനുബന്ധ സൗകര്യങ്ങള്‍ കോണ്‍ഫറന്‍സ് ഹാള്‍ എന്നിവയോട് കൂടിയ ഇരുനില കെട്ടിടത്തിന്റെ നിര്‍മാണ ചുമതല സംസ്ഥാന നിര്‍മിതി കേന്ദ്രത്തിനായിരുന്നു. ഇതോടെ കൊണ്ടോട്ടി താലൂക്കിലെ ആദ്യ സ്മാര്‍ട്ട് വില്ലേജ് ഓഫീസായി വാഴയൂര്‍ വില്ലേജ് ഓഫീസ്. ചടങ്ങില്‍ കെട്ടിടം പണിയാന്‍ ഭൂമി സൗജന്യമായി വിട്ടു നല്‍കിയ കളത്തിങ്ങല്‍ കുടുംബാംഗമായ അബ്ദുള്‍ അലിയെ ആദരിച്ചു.വില്ലേജ് ഓഫീസ് പരിസരത്ത് നടന്ന ചടങ്ങില്‍ ടി.വി ഇബ്രാഹിം എം.എല്‍.എ അധ്യക്ഷനായി. കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ഷെജിനി ഉണ്ണി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി വാസുദേവന്‍ മാസ്റ്റര്‍, ചെറുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ അബ്ദുള്ള കോയ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സുഭദ്ര ശിവദാസന്‍, ജില്ലാ കലക്ടര്‍ വി.ആര്‍. പ്രേം കുമാര്‍, എ.ഡി.എം എന്‍.എം മെഹറലി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ റസീന ടീച്ചര്‍, കെ. ബാലകൃഷ്ണന്‍, നിര്‍മ്മിതി കേന്ദ്ര റീജിണല്‍ ഡയറക്ടര്‍ സതീദേവി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Author