എന്റെ കേരളം സ്റ്റാളിലൂടെ അറിവ് പകര്‍ന്ന് വനിതാ ശിശു വികസന സംരക്ഷണ വകുപ്പ്

Spread the love

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായ ജില്ലാതല പ്രദര്‍ശന വിപണന മേളയില്‍ വനിതകള്‍ക്കും കുട്ടികള്‍ക്കുമായുള്ള സേവനങ്ങളും പദ്ധതികളും വിശദീകരിച്ച് വനിതാ ശിശു വികസന സംരക്ഷണ വകുപ്പിന്റെ സ്റ്റാള്‍ ശ്രദ്ധേയമാകുന്നു. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങളില്‍ പ്രതികരിക്കാന്‍ സഹായിക്കുന്ന നിയമവശങ്ങളെ കുറിച്ചുള്ള പുസ്തകങ്ങളും ലഘുലേഖകളും വിതരണം ചെയ്യുന്നുണ്ട്. സ്ത്രീകളുടെ തൊഴില്‍ അവകാശങ്ങള്‍, അവയുടെ നിയമപരിരക്ഷ, പോരായ്മകള്‍, തുടങ്ങിയവയെ കുറിച്ച് സ്റ്റാളില്‍ ഐസിഡിഎസ് പ്രതിനിധികള്‍ വിശദീകരിച്ചു നല്‍കുന്നു.

പിഎംഎംവിവൈ, മാതൃവന്ദനയോജന, മംഗല്യ സ്‌കീം, പടവുകള്‍, വനിത ഗൃഹനാഥയായുള്ള കുടുംബത്തിനുള്ള ധനസഹായം, ശിഖ,ന്യൂട്രീഷന്‍ മിഷന്റെ ഭാഗമായുള്ള ന്യൂട്രീഷന്‍ ക്ലിനിക്, അനീമിയ ക്ലിനിക്, പൊന്‍വാക്ക് മുതലായ സേവനങ്ങളെ കുറിച്ച് സ്റ്റാളില്‍ എത്തുന്നവര്‍ക്ക് വിശദീകരിച്ചു നല്‍കുന്നു. പ്രീ സ്‌കൂള്‍ കുട്ടികള്‍ വരച്ച ചിത്രങ്ങളും പോസ്റ്ററുകളും ക്രാഫ്റ്റ്സും സ്റ്റാളിലേക്ക് ജനങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കുന്നു. കുട്ടികള്‍ക്കായി പ്രത്യേകം കളിമൂലയും സജ്ജീകരിച്ചിട്ടുണ്ട്.