പാഴ് വസ്തുക്കളില്‍ നിന്ന് അലങ്കാര ഉത്പങ്ങൾ

Spread the love

എന്റെ കേരളം പ്രദര്‍ശന മേളയുടെ ഭാഗമായി കുമളി ഗ്രാമപഞ്ചായത്തൊരുക്കിയിട്ടുള്ള പ്രദര്‍ശന സ്റ്റാള്‍ സന്ദര്‍ശിച്ചാല്‍ ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പി, ചിരട്ട, പേപ്പര്‍, ടയര്‍, ചെരുപ്പുകള്‍ ഇവയൊന്നും പിന്നെ വലിച്ചെറിയാന്‍ തോന്നില്ല. കാരണം ഉപയോഗ ശൂന്യമായ ഈ വസ്തുക്കള്‍ ഉപയോഗിച്ച് ആരെയും അതിശയിപ്പിക്കും വിധമാണ് മനോഹരമായ അലങ്കാര വസ്തുക്കള്‍ തീര്‍ത്തിട്ടുള്ളത്.ഉപയോഗ ശൂന്യമായ ചിരട്ടയില്‍ നിറങ്ങള്‍ ചാലിച്ച് മനോഹരമാക്കി ചെടികള്‍ നട്ടിരിക്കുന്നു. ടയറുകള്‍ കൊണ്ട് കരകൗശല വസ്തുക്കള്‍ തീര്‍ത്തിട്ടുള്ളതിനൊപ്പം ഏറെ ഭംഗിയുള്ള ചെടി ചട്ടികളും തീര്‍ത്തിട്ടുണ്ട്. കുപ്പികള്‍ വര്‍ണ്ണനൂലുകള്‍ കൊണ്ട് പൊതിഞ്ഞ് ആരെയും ആകര്‍ഷിക്കും വിധമാക്കി. കടലാസുകള്‍ കൊണ്ട് പേപ്പര്‍ പേനകളും വീടുകളുടെ കൊച്ചു രൂപങ്ങളും തയ്യാറാക്കിയിരിക്കുന്നു. തെങ്ങോലകള്‍ കൊണ്ടും വിവിധ അലങ്കാര വസ്തുക്കള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഉപയോഗ ശൂന്യമായതോടെ ഈ വസ്തുക്കളൊക്കെ പുറത്തേക്ക് വലിച്ചെറിയപ്പെട്ടിരുന്നെങ്കില്‍ അവ മാലിന്യപ്രശ്‌നങ്ങള്‍ക്ക് ഇടവരുത്തുമായിരുന്നു. ഇത്തരം വസ്തുക്കളുടെ പുനരുപയോഗം ഏതുവിധം സാധ്യമാക്കാമെന്ന് ഓര്‍മ്മപ്പെടുത്തുകയാണ് പാഴ് വസ്തുക്കളില്‍ നിന്ന് പുനര്‍ സൃഷ്ടിച്ചെടുത്ത വിവിധ വസ്തുക്കള്‍ക്ക് ഇടം നല്‍കിയിട്ടുള്ള കുമളി ഗ്രാമപഞ്ചായത്തിന്റെ പ്രദര്‍ശന സ്റ്റാള്‍.ശുചിത്വത്തിനും മാലിന്യ സംസ്‌ക്കരണത്തിനും പ്രാധാന്യം നല്‍കിയുള്ള സര്‍ക്കാരിന്റെ നവകേരള മിഷന്റെ ഭാഗമായാണ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഇത്തരത്തില്‍ അലങ്കാര വസ്തുക്കള്‍ നിര്‍മ്മിച്ചിട്ടുള്ളതെന്ന് ഗ്രീന്‍ കുമളി ക്ലീന്‍ കുമളി സൂപ്പര്‍വൈസര്‍ ജെയിസണ്‍ പറഞ്ഞു. പഞ്ചായത്ത് ജീവനക്കാരുടെ സഹകരണത്തോടെയാണ് അലങ്കാര വസ്തുക്കള്‍ നിര്‍മ്മിച്ചെടുത്തിട്ടുള്ളത്. കുമളി പഞ്ചായത്തിന് പുറമെ ശാന്തന്‍പാറ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വാതില്‍പ്പടി സേവനങ്ങളെകുറിച്ച് വിവരിക്കുന്ന സ്റ്റാളും കുമളി പഞ്ചായത്തിലെ തന്നെ പ്രിയദര്‍ശിനി ബഡ്സ് സ്‌കൂളിലെ കുട്ടികള്‍ നിര്‍മിച്ച വിവിധ കരകൗശല വസ്തുക്കള്‍ പ്രദര്‍ശിപ്പിക്കുന്ന സ്റ്റാളും മേളയില്‍ വ്യത്യസ്ഥത തീര്‍ത്ത് ക്രമീകരിച്ചിട്ടുണ്ട്.

Author