ഫൊക്കാന തെഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി മെയ് 23 ന്, തിങ്കളാഴ്ച്ച – ഫ്രാന്‍സിസ് തടത്തില്‍

Spread the love

ജൂലൈ 8ന് ഒര്‍ലാണ്ടോയില്‍ നടക്കാനിരിക്കുന്ന ഫൊക്കാന തെരഞ്ഞെടുപ്പിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി മുന്‍കൂട്ടി അറിയിച്ച പ്രകാരം 2022, മെയ് 23 നു തിങ്കളാഴ്ച്ച ആയിരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. മാമ്മന്‍ സി. ജേക്കബ്, അംഗങ്ങളായ മറിയാമ്മ പിള്ള, സജി എം. പോത്തന്‍ എന്നിവര്‍ അറിയിച്ചു. മെയ് 23 നു ശേഷം ലഭിക്കുന്ന പത്രികകള്‍ സ്വീകരിക്കുന്നതല്ലെന്നും സമിതി അംഗങ്ങള്‍ കൂട്ടിച്ചേര്‍ത്തു. 2022 മെയ് 23 നു പോസ്റ്റ് ചെയ്തതായി പോസ്റ്റല്‍ സീലില്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അവ വൈകിയെത്തിയാലും സ്വീകരിക്കുന്നതായിരിക്കും.

ഏതെങ്കിലും സാഹചര്യത്തില്‍ പത്രികകള്‍ നഷ്ട്ടപ്പെടുകയോ വൈകിപോവുകയോ ചെയ്താല്‍ തെരെഞ്ഞെടുപ്പ് കമ്മിറ്റി ഉത്തരവാദികളയിരിക്കില്ല. ഈ പ്രതിസന്ധി ഒഴിവാക്കാന്‍ പത്രികയുടെ ഒരു കോപ്പി ഇമെയില്‍ വഴി തെരെഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന് സമര്‍പ്പിക്കേണ്ടതാണെന്ന് തെഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ ഡോ മാമ്മന്‍ സി. ജേക്കബ് അറിയിച്ചു. ഇമെയില്‍ വിലാസം : [email protected]

ഫൊക്കാന തെരെഞ്ഞെടുപ്പ് കമ്മിറ്റി പ്രസിദ്ധീകരിച്ച ഔദ്യോഗിക നാമനിര്‍ദേശ പത്രികയില്‍ ആയിരിക്കണം പത്രിക സമര്‍പ്പിക്കേണ്ടത്.

നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി 2022 ജൂണ്‍ 6 നാണ്. പത്രിക പിന്‍വലിക്കാന്‍ രേഖാമൂലം എഴുതി അറിയിക്കേണ്ടതാണ്.അവ അയക്കാനുള്ള മാനദന്ധവും പത്രിക സമര്‍പ്പിക്കുന്നപോലെ ജൂണ്‍ 6 നു പോസ്റ്റ് ചെയ്തതായി പോസ്റ്റല്‍ സീലില്‍ രേഖപ്പെടുത്തിയാല്‍ മതിയാകും. പത്രിക പിന്‍വലിക്കുന്ന വിവരം കമ്മിറ്റി ചെയര്മാന് ഇമെയില്‍ ആയി അറിയിക്കുന്നതും ഉചിതമാണ്.

ജൂലൈ 7 മുതല്‍ 10 വരെ ഒര്‍ലാണ്ടോയിലെ ഹില്‍ട്ടണ്‍ ഡബിള്‍ ട്രീ ഹോട്ടലില്‍ വച്ച് നടക്കുന്ന ഫൊക്കാന ഒര്‍ലാണ്ടോ ഡിസ്നി ഫാമിലി കണ്‍വെന്‍ഷനോടനുബന്ധിച്ചായിരിക്കും തരെഞ്ഞെടുപ്പ് നടക്കുക. ജൂലൈ 8 നു രാവിലെ നടക്കുന്ന ഫൊക്കാനയുടെ പൊതുയോഗത്തിനു ശേഷമായിരിക്കും തെരെഞ്ഞെടുപ്പ് നടക്കുക. വോട്ടെടുപ്പ് രാവിലെ 8 മുതല്‍ ആരംഭിക്കും. അഡ്രസ്: Double Tree by Hilton,5780 Major Blvd, Orlando, FL, 32819.

ഒരാള്‍ക്ക് ഒരു സ്ഥാനത്തേക്ക് മാത്രമേ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാന്‍ പാടുള്ളുവെന്ന് വ്യക്തമാക്കിയ സമിതി അംഗങ്ങള്‍ ഫൊക്കാനയുടെ അംഗസംഘടനകളുടെ ഭാഗമായവര്‍ (അംഗങ്ങള്‍) മാത്രമേ നാമനിര്‍ദ്ദേശ പത്രിക നല്‍കാനുള്ള അര്‍ഹതയുള്ളൂവെന്നും വ്യക്തമാക്കി.

നാമനിര്‍ദ്ദേശ പത്രികയ്ക്കൊപ്പം പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയാകുന്നവര്‍ 1000 ഡോളറും ജനറല്‍ സെക്രട്ടറി , ട്രഷറര്‍, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട്, വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നവര്‍ 750 ഡോളര്‍ വീതവും വൈസ് പ്രസിഡണ്ട്, അസോസിയേറ്റ് സെക്രട്ടറി, അസോസിയേറ്റ് ട്രഷറര്‍, അഡിഷണല്‍ അസോസിയേറ്റ് സെക്രട്ടറി, അഡിഷണല്‍ അസോസിയേറ്റ് ട്രഷറര്‍, ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍മാര്‍ എന്നീ സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്നവര്‍ 500 ഡോളര്‍ വീതവും റീജിയണല്‍ വൈസ് പ്രസിഡണ്ടുമാര്‍, നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ 250 ഡോളര്‍ വീതവും യൂത്ത് കമ്മിറ്റി അംഗങ്ങള്‍ 150 ഡോളര്‍ വീതവും തെരെഞ്ഞെടുപ്പ് ഫീസ് ആയി കെട്ടേണ്ടതാണ്.

അതാതു സംഘടനകളുടെ പ്രസിഡണ്ട്, സെക്രെട്ടറി, ട്രഷറര്‍ എന്നിവര്‍ ചേര്‍ന്നായിരിക്കണം ഓരോ സ്ഥാനാര്‍ഥികളെയും നാമനിര്‍ദ്ദേശം ചെയ്യേണ്ടത്. ഇവരില്‍ മൂന്നില്‍ രണ്ടുപേരുടെയെങ്കിലും ഒപ്പ് നാമനിര്‍ദ്ദേശപത്രികയിലുണ്ടായിരിക്കണം.

റീജിയണല്‍ വൈസ് പ്രസിഡണ്ട് (ആര്‍,വി.പി) സ്ഥാനാര്‍ത്ഥികള്‍ക്കുന്നവര്‍ അതാതു റീജിയനുകളില്‍ നിന്നുള്ള ഏതെങ്കിലും അംഗസംഘസംഘനകളില്‍ അംഗത്വമുള്ളവരായിരിക്കണം. റീജിയണല്‍ വൈസ് പ്രസിഡണ്ടുമാരെ തെരെഞ്ഞെടുക്കുന്നത് അതാത് റീജിയണുകളിലെ ഡെലിഗേറ്റുമാരുടെയും അംഗസംഘടനകളുടെ നിലവിലുള്ള പ്രസിഡണ്ടുമാരുടെയും മുന്‍ പ്രസിഡണ്ടുമാരുടെയും മാത്രം വോട്ടുകളെ ആശ്രയിച്ചായിരിക്കും.

രഹസ്യ ബാലറ്റിലൂടെയായിരിക്കും തെരെഞ്ഞെടുപ്പ് നടത്തുക. അംഗത്വ ഫീസ് അടച്ച് അംഗത്വം പുതുക്കിയ അംഗസംഘടകളുടെ പ്രതിനിധികള്‍ക്ക് മാത്രമേ ജനറല്‍ ബോഡിയിലും തെരെഞ്ഞെടുപ്പ് പ്രക്രീയയുടെ ഭാഗമായി വോട്ടെടുപ്പിലും പങ്കെടുക്കാന്‍ അനുവദിക്കുകയുള്ളു. അര്‍ഹതയുള്ള എല്ലാ പ്രതിനിധികളും ജനറല്‍ കൗണ്‍സില്‍ യോഗത്തിലും വോട്ടവകാശം രേഖപ്പെടുത്താനും നേരിട്ട് ഹാജരാക്കേണ്ടതാണ്. കണ്‍വെന്‍ഷനോടനുബന്ധിച്ച് തെരെഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ പോസ്റ്റല്‍ വോട്ടുകള്‍, പ്രോക്‌സി വോട്ടുകള്‍ എന്നിവ അനുവദനീയമല്ല. ഡെലിഗേറ്റുമാര്‍ ജനറല്‍ ബോഡിയില്‍ പങ്കെടുക്കാനും വോട്ടു ചെയ്യാനും എത്തുമ്പോള്‍ ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ രേഖകള്‍ വിശദമായ പരിശോധനയ്ക്കു വിധേയമാക്കേണ്ടതാണ്.

2022 ജൂണ്‍ 15 നു ശേഷം പ്രതിനിധികളെ മാറ്റുവാന്‍ സാധിക്കുന്നതല്ല. ഒരു അംഗ സംഘടനയില്‍ നിന്ന് രണ്ടില്‍ കൂടുതല്‍ സ്ഥാനാര്‍ത്ഥികളെ നാഷണല്‍ കമ്മിറ്റിയിലേക്കോ ട്രസ്റ്റി ബോര്‍ഡിലേക്കോ നാമനിര്‍ദ്ദേശം ചെയ്യാന്‍ പാടില്ല. ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലോ, ട്രസ്റ്റി ബോര്‍ഡിലോ കുറഞ്ഞത് ഒരു തവണയെങ്കിലും പ്രവര്‍ത്തന പരിചയമില്ലാത്തവര്‍ക്ക് പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി, ബോര്‍ഡ് ഓഫ് ട്രസ്റ്റി സ്ഥാനങ്ങളിലേക്ക് മത്സരിക്കാന്‍ യോഗ്യത ഉണ്ടായിരിക്കുകയില്ല.

മറ്റേതങ്കിലും സമാന്തര സംഘടനകളുടെ ഔദ്യോഗിക ഭാരവാഹികള്‍ ആയിട്ടുള്ളവര്‍ക്ക് ഫൊക്കാനയുടെ ഒരു സ്ഥാനത്തേക്കും മത്സരിക്കാന്‍ യോഗ്യത ഉണ്ടാകില്ല.

തെരെഞ്ഞെടുപ്പ് സംബന്ധിച്ച് തെരഞ്ഞടുപ്പ് കമ്മിറ്റി പുറത്തിറക്കിയ പൊതു വിജ്ഞ്ജാപനം എല്ലാ അംഗ സംഘടനകള്‍ക്കും അയച്ചു നല്‍കിയതായി ഫൊക്കാന ജനറല്‍ സെക്രെട്ടറി സജിമോന്‍ ആന്റണി അറിയിച്ചു.

അംഗ സംഘടനകളുടെ അംഗത്വം പുതുക്കാനുള്ള അവസാന തിയതി 2022, മെയ് 6 നായിരുന്നു. പുതുക്കിയ അംഗസംഘടനകളുടെ ലിസ്റ്റ് ട്രസ്റ്റി ബോര്‍ഡിന് അയച്ചു നല്‍കിയതായും സെക്രട്ടറി അറിയിച്ചു. അംഗത്വം പുതുക്കാത്ത അംഗസംഘടനകളില്‍ നിന്ന് ലഭിക്കുന്ന നാമനിദ്ദേശ പത്രികകള്‍ക്ക് അയോഗ്യത കല്‍പ്പിക്കുന്നതായിരിക്കും.

 

Author