അമേരിക്കന്‍ അതിഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ ദ്വിദിന സുവിശേഷ കണ്‍വന്‍ഷന്‍ – ജോര്‍ജ് കറുത്തേടത്ത്

Spread the love

മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ നോര്‍ത്ത് അമേരിക്കന്‍ അതിഭദ്രാസനത്തിലെ സെന്റ് മേരീസ് വിമന്‍സ് ലീഗിന്റേയും, സെന്റ് പോള്‍സ് മെന്‍സ് ഫെല്ലോഷിപ്പിന്റേയും സംയുക്താഭിമുഖ്യത്തില്‍ 2022 ജൂണ്‍ 3,4 (വെള്ളി, ശനി) തീയതികളില്‍ സുവിശേഷ കണ്‍വന്‍ഷന്‍ നടത്തപ്പെടുന്നു.

ഭദ്രാസനാസ്ഥാന ദേവാലയമായ സെന്റ് എഫ്രേം കത്തീഡല്‍, ന്യൂജേഴ്‌സിയില്‍ വച്ചു നടത്തപ്പെടുന്ന ഈ കണ്‍വന്‍ഷന് ഭദ്രാസനാധിപന്‍ അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്ത നേതൃത്വം നല്കും.

‘ആത്മാവില്‍ എരിവുള്ളവരായി കര്‍ത്താവിനെ സേവിപ്പിന്‍’ (റോമര്‍ 12:11) എന്നതായിരിക്കും കണ്‍വന്‍ഷന്റെ പ്രധാന ചിന്താവിഷയം. വിശ്വാസികളുടെ ആത്മീയ വളര്‍ച്ചയ്ക്കും, ഇടവകകളുടെ പരസ്പര സഹകരണത്തിനും പ്രചോദനമേകുകയെന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തി ഭദ്രാസനാടിസ്ഥാനത്തില്‍ നടത്തപ്പെടുന്ന ഈ ആത്മീയവിരുന്നില്‍ വിവിധ ദേവാലയങ്ങളില്‍ നിന്നുമായി ഒട്ടനവധി വിശ്വാസികള്‍ പങ്കുചേരും.

ജൂണ്‍ മൂന്നാം തീയതി വെള്ളിയാഴ്ച രാവിലെ 9.15-ന് പ്രഭാത പ്രാര്‍ത്ഥനയോടെ യോഗ നടപടികള്‍ക്ക് തുടക്കമാകും. റവ.ഫാ. കുര്യാക്കോസ് പുതുപ്പാടി (വൈസ് പ്രസിഡന്റ്, സെന്റ് മേരീസ് വിമന്‍സ് ലീഗ്) സ്വാഗതം ആശംസിക്കും. തുടര്‍ന്ന് അഭി. ഇടവക മെത്രാപ്പോലീത്ത തിരുമനസുകൊണ്ട് അധ്യക്ഷ പ്രസംഗം നടത്തും. അഭി. ആയൂബ് മോര്‍ സില്‍വാനോസ് മെത്രാപ്പോലീത്ത (ക്‌നാനായ ഭദ്രസനം) മുഖ്യ പ്രഭാഷണം നടത്തും. ഉച്ച നമസ്‌കാരത്തിനുശേഷം ഉച്ചഭക്ഷണത്തോടെ സെക്ഷന്‍ അവസാനിക്കും. ഉച്ചയ്ക്കുശേഷം കപ്പൂച്ചിന്‍ സഭയിലെ മികച്ച വചന പ്രഘോഷകന്‍ റവ.ഫാ. റോയ്‌സണ്‍ മേനോലിക്കലിന്റെ വചന പ്രഘോഷണവും തുടര്‍ന്ന് അംഗങ്ങളുടെ അനുഭവസാക്ഷ്യം പങ്കുവയ്ക്കലും നടക്കും. വിമന്‍സ് ലീഗിനെ പ്രതിനിധീകരിച്ച് മിസ്സിസ് ഷാനാ ജോഷ്വായുടെ (സെന്റ് പീറ്റേഴ്‌സ് ചര്‍ച്ച് ഫിലാഡല്‍ഫിയ) പ്രഭാഷണത്തിനുശേഷം സന്ധ്യാപ്രാര്‍ത്ഥനയോടെ അന്നത്തെ യോഗ നടപടികള്‍ സമാപിക്കും.

ജൂണ്‍ നാലാം തീയതി ശനിയാഴ്ച രാവിലെ 8.15-ന് പ്രഭാത നമസ്‌കാരത്തെ തുടര്‍ന്ന് അഭി. ഇടവക മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മികത്വത്തില്‍ വി. ബലിയര്‍പ്പണം നടക്കും. അതിനുശേഷം നടത്തപ്പെടുന്ന പൊതുയോഗത്തില്‍ റവ.ഫാ. അഭിലാഷ് ഏലിയാസ് (വൈസ് പ്രസിഡന്റ് സെന്റ് പോള്‍സ് മെന്‍സ് ഫെല്ലോഷിപ്പ്) സ്വാഗതം ആശംസിക്കും. റവ.ഫാ. മാത്യൂസ് മണലേല്‍ചിറ (വികാരി, സെന്റ് ഇഗ്‌നേഷ്യസ് കത്തീഡ്രല്‍, ഡാളസ്) മുഖ്യ പ്രഭാഷണം നടത്തും. ഉച്ചയ്ക്കുശേഷമുള്ള സെഷനില്‍ റവ.ഫാ. സാം ടി. മാത്യു (സെന്റ് പീറ്റേഴ്‌സ് മാര്‍ത്തോമാ ചര്‍ച്ച്, ന്യൂജേഴ്‌സി) വചനപ്രഘോഷണം നടത്തും. തുടര്‍ന്ന് സെന്റ് പോള്‍സ് മെന്‍സ് ഫെല്ലോഷിപ്പിനെ പ്രതിനിധീകരിച്ച് വര്‍ഗീസ് ആഴംതറ (സെന്റ് മേരീസ് ചര്‍ച്ച്, വെസ്റ്റ് നയാക്, ന്യൂയോര്‍ക്ക്) പ്രസംഗിക്കും.

ഷീജാ വര്‍ഗീസ് (സെക്രട്ടറി, സെന്റ് മേരീസ് വിമന്‍സ് ലീഗ്), ജയിംസ് ജോര്‍ജ് (സെക്രട്ടറി സെന്റ് പോള്‍സ് മെന്‍സ് ഫെല്ലോഷിപ്പ്) എന്നിവര്‍ നന്ദി രേഖപ്പെടുത്തും.

യോഗത്തോടനുബന്ധിച്ച് വിവിധ ദേവാലയങ്ങളെ പ്രതിനിധീകരിച്ച് നടത്തുന്ന വി. ബൈബിള്‍ പാരായണവും, ഭക്തിസാന്ദ്രമായ ഗാനാലാപനവും ചടങ്ങുകള്‍ക്ക് കൊഴുപ്പേകും. വൈകിട്ട് അഞ്ചുമണിക്ക് സന്ധ്യാ പ്രാര്‍ത്ഥനയോടുകൂടി രണ്ട് ദിവസങ്ങളിലായി നടത്തപ്പെടുന്ന ഈ ആത്മീയ സംഗമത്തിന് സമാപനമാകും.

അമേരിക്കന്‍ അതിഭദ്രാസന പി.ആര്‍.ഒ കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

Author