ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നൈപുണ്യ പരിശീലന ഏജൻസിയായ അസാപ് കേരളയും അമ്യൂസിയം ആർട് സയൻസും ചേർന്നു നടത്തുന്ന ആർട് അപ്രീസിയേഷൻ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. 14 വയസിനു മുകളിൽ പ്രായമുള്ളവർക്കു പങ്കെടുക്കാം. ചരിത്രാതീത ചിത്രങ്ങൾ മുതൽ മോഡേൺ ആർട്ട് വരെയുള്ള ദൃശ്യകലകളെ ആഴത്തിൽ മനസിലാക്കുന്നതിനും ചിത്ര-ശിൽപ്പങ്ങളെ അനായാസമായി വായിച്ചെടുക്കേണ്ട രീതികൾ അറിയുവാനും സഹായിക്കുന്നതാണു കോഴ്സ്.
പ്രമുഖമായി കണക്കാക്കപ്പെടുന്ന ചിത്ര- ശില്പങ്ങളെ വീഡിയോകൾ, സ്ലൈഡുകൾ തുടങ്ങിയവയിലൂടെ അവതരിപ്പിച്ചാണു പരിശീലനം. ശിൽപ, ചിത്ര, കലാചരിത്ര മേഖലകളിലെ പ്രമുഖരാണു കോഴ്‌സ് നയിക്കുന്നത്. മലയാളത്തിലും ഇംഗ്ലീഷിലും ക്ലാസുകളുണ്ടായിരിക്കും. ശനി, ഞായർ ദിവസങ്ങളിൽ വൈകിട്ട് ഏഴു മുതൽ 8.30 വരെ ഓൺലൈനായാണ് ക്ലാസ്. മൂന്നു മാസം ദൈർഘ്യമുള്ള കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്കു സർട്ടിഫിക്കറ്റ് ലഭിക്കും.
ചിത്രകല, ഡിസൈൻ, ആർക്കിടെക്ചർ, അനിമേഷൻ തുടങ്ങിയ പഠനമേഖലകളിൽ കോഴ്‌സ് സഹായകമാകും. ഗ്യാലറി, മ്യൂസിയം സന്ദർശനങ്ങൾ, സാഹിത്യ- കലാസംബന്ധമായ രചനകൾ, പഠനങ്ങൾ, റിപ്പോർട്ടിംഗ് എന്നിവയ്ക്കും അടിസ്ഥാന കലാപരിചയം മുതൽക്കൂട്ടായിരിക്കും. 4,000 രൂപയാണ് കോഴ്‌സ് ഫീസ്. വിദ്യാർഥികൾക്ക് 1,500 രൂപ. ഓഗസ്റ്റ് 25 ന് ആരംഭിക്കുന്ന ആദ്യ ബാച്ചിലേക്ക് ഓഗസ്റ്റ് 15ന് മുൻപ് അസാപ് കേരളയുടെ വെബ്സൈറ്റിൽ പേരു രജിസ്റ്റർ ചെയ്യണം. ലിങ്ക്: https://asapkerala.gov.in/course/introduction-to-art-appreciation-course/. കൂടുതൽ വിവരങ്ങൾക്ക്: 8589061461, 9495999623, 9495999709.