സഹകരണം സൗഹൃദം: ഭിന്നശേഷിക്കാർക്ക് 4.1 കോടി വായ്പ; 550 തൊഴിൽ

Spread the love

സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സഹകരണം സൗഹൃദം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ ഭിന്നശേഷിക്കാർക്കായി സഹകരണ ബാങ്കുകൾ മുഖേന വിതരണം ചെയ്തത് 4.1 കോടിയുടെ തൊഴിൽ വായ്പ. ചെറുകിട സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള വായ്പ ലഭ്യമാക്കാൻ കഴിഞ്ഞ ഫെബ്രുവരിയിൽ ആരംഭിച്ച പദ്ധതി വഴി ഇതിനോടകം 550 തൊഴിലവസരങ്ങൾ സൃഷ്ടിച്ചു.
സംസ്ഥാന സർക്കാരിന്റെ രണ്ടാം നൂറുദിന കർമപരിപാടിയുടെ ഭാഗമായാണു സഹകരണം സൗഹൃദം പദ്ധതി തുടങ്ങിയത്. ഒരാൾക്ക് പരമാവധി മൂന്നു ലക്ഷം രൂപ വരെയാണു വായ്പ അനുവദിക്കുന്നത്. 500 ഓളം പേർക്ക് പദ്ധതിയുടെ ഗുണഫലം ഇതിനോടകം ലഭിച്ചു. 309 സഹകരണ സംഘങ്ങൾ പദ്ധതി പ്രകാരം വായ്പകൾ അനുവദിച്ചു. 65 വായ്പകൾ വിതരണം ചെയ്ത കോഴിക്കോട് ജില്ലയാണു വായ്പ നൽകിയതിൽ മുന്നിൽ. 49.5 ലക്ഷം രൂപ ജില്ലയിൽ പദ്ധതി മുഖേന ഭിന്നശേഷിക്കാർക്കായി വിതരണം ചെയ്തു.
ആരംഭിക്കാൻ ഉദ്ദേശിക്കുന്ന ചെറുകിട സംരംഭത്തിന്റെ പ്രൊജക്ട് റിപ്പോർട്ടിൽ പറയുന്ന ചെലവിന്റെ 75 ശതമാനമോ മൂന്നു ലക്ഷം രൂപയോ, ഏതാണോ കുറവ് അത് പരമാവധി വായ്പത്തുകയായി അനുവദിക്കും. അപേക്ഷകന്റെ ശാരീരിക അവസ്ഥ പരിഗണിച്ച് അനുയോജ്യമായ സംരംഭങ്ങൾ ആരംഭിക്കുന്നതിനാണ് വായ്പ. അപേക്ഷയോടൊപ്പം സമർപ്പിക്കുന്ന പ്രൊജക്ട് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അതാതു സഹകരണ സംഘങ്ങളുടെ പ്രസിഡന്റുമാരുടെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് വായ്പ അനുവദിക്കുന്നത്.
പദ്ധതി വിലയിരുത്തി ഗഡുക്കളായാണു വായ്പ നൽകുക. വായ്പ അനുവദിച്ച തീയതി മുതൽ നാലു വർഷമാണ് വായ്പയുടെ കാലാവധി. വായ്പ പലിശ കോസ്റ്റ് ഓഫ് ഫണ്ടിനെക്കാളും കൂടരുത് എന്ന് വകുപ്പ് പുറത്തിറക്കിയ സർക്കുലറിൽ ബാങ്കുകൾക്കു കൃത്യമായി നിർദേശം നൽകിയിട്ടുണ്ട്.

Author