കണ്ണൂർ : സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവത്തിന്റെ കായിക മത്സരങ്ങൾക്ക് തുടക്കമായി. ജില്ലാതല ഉദ്ഘാടനം കെ സുധാകരൻ എം പി നിർവഹിച്ചു. കായികതാരങ്ങൾക്ക് വളർന്നുവരാൻ ജില്ലയിൽ ആധുനിക രീതിയിലുള്ള കളിസ്ഥലങ്ങളും സ്റ്റേഡിയങ്ങളും അനിവാര്യമാണെന്നും അതിനായി എല്ലാവരും ഒരുമിച്ച് നിന്ന് പദ്ധതികൾ യാഥാർഥ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ചെസ് മത്സരത്തോടെയാണ് കായിക മത്സരം തുടങ്ങിയത്. ജില്ലയിലെ വിവിധയിടങ്ങളിലാണ് മത്സരങ്ങൾ നടക്കുക. ആറിന് പേരാവൂർ തുണ്ടി എച്ച് എസ് ഗ്രൗണ്ടിൽ ആർച്ചറി, കണ്ണൂർ സ്പോർട്സ് കൗൺസിൽ ഹാളിൽ പഞ്ചഗുസ്തി, ഏഴ്, എട്ട് തീയ്യതികളിൽ തലശ്ശേരി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ക്രിക്കറ്റ്, എട്ടിന് കണ്ണൂർ ജി വി എച്ച് എസ് എസിൽ ബാസ്ക്കറ്റ്ബോൾ, ഇരിണാവ് മിനി സ്റ്റേഡിയത്തിൽ വടംവലി, എട്ട്, ഒമ്പത് തീയ്യതികളിൽ മാടായി ഇൻഡോർ സ്റ്റേഡിയത്തിൽ ബാഡ്മിന്റൻ, കണ്ണൂർ പൊലീസ് പരേഡ് ഗ്രൗണ്ടിൽ ഫുട്ബോൾ, ഒമ്പത്, 10 തീയ്യതികളിൽ പിണറായിയിൽ നീന്തൽ, കളരി, 10ന് മാങ്ങാട്ടുപറമ്പ് സർവകലാശാല കാംപസിൽ അത് ലറ്റിക്സ്, കതിരൂരിൽ കബഡി, 11ന് പാണപ്പുഴ പഞ്ചായത്ത് വോളിബോൾ ഇൻഡോർ സ്റ്റേഡിയത്തിൽ വോളിബോൾ എന്നിവ നടക്കും.ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നു തെരഞ്ഞെടുക്കപ്പെട്ട രണ്ടായിരത്തോളം കായിക പ്രതിഭകൾ മാറ്റുരക്കും. കലാ മത്സരങ്ങൾ ഡിസംബർ ഒമ്പത് മുതൽ 11 വര മുഴപ്പിലങ്ങാട് നടക്കും.