വികസന പദ്ധതികളിൽ പുനരധിവാസത്തിനും ജീവനോപാധികളുടെ സംരക്ഷണത്തിനും മുന്തിയ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതുവരെയുള്ള എല്ലാ വികസന പദ്ധതികളിലും സര്‍ക്കാര്‍ ഇക്കാര്യം ഉറപ്പുവരുത്തിയിട്ടുമുണ്ട്. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ കാര്യത്തിലും ഈ സമീപനം തന്നെയാണ് സര്‍ക്കാരിനുള്ളതെന്ന് ചട്ടം 300 അനുസരിച്ച് നിയമസഭയിൽ നടത്തിയ പ്രസ്താവനയിൽ മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ വികസനരംഗത്ത് നിര്‍ണ്ണായകമായ കാല്‍വയ്പ്പുകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. കേരളത്തിന്റെ സ്ഥായിയായ സാമ്പത്തികവളര്‍ച്ചയ്ക്ക് അടിത്തറ പാകുന്ന ഭൗതിക, സാമൂഹിക പശ്ചാത്തലസൗകര്യ വികസനത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. എന്നാല്‍ വികസന പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ അവ മാനുഷികമുഖത്തോടെയാകണമെന്ന കാര്യത്തിലും സര്‍ക്കാരിന് നിഷ്ക്കര്‍ഷയുണ്ട് – മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ സാമ്പത്തിക-വാണിജ്യ രംഗങ്ങളില്‍ വലിയ മുന്നേറ്റത്തിന് വഴിയൊരുക്കാന്‍ സാധ്യതയുള്ളതാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി. ഭൂമിശാസ്ത്രപരമായ സവിശേഷതകളും വ്യാപാരബന്ധങ്ങള്‍ സ്ഥാപിക്കാനുള്ള അനുയോജ്യതയുമാണ് ഈ തുറമുഖ പദ്ധതിയെ അനന്യമാക്കുന്നത്. വിഴിഞ്ഞം തീരത്തുനിന്നും 10 നോട്ടിക്കല്‍ മൈല്‍ അകലത്തിലൂടെയാണ് അന്താരാഷ്ട്ര കപ്പല്‍ പാത കടന്നുപോകുന്നത്. തീരത്തുനിന്നും ഒരു നോട്ടിക്കല്‍ മൈല്‍ അകലം വരെ 24 മീറ്റര്‍ പ്രകൃതിദത്ത ആഴം ഉണ്ട് എന്നുള്ളത് വിഴിഞ്ഞം തുറമുഖത്തിന്റെ സവിശേഷതയാണ്. ചരിത്രപരമായിത്തന്നെ, അന്താരാഷ്ട്ര പ്രസിദ്ധി ലഭിച്ച തുറമുഖം എന്ന പ്രത്യേകതയും വിഴിഞ്ഞത്തിനുണ്ട്.