രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് സെൽ പ്രവർത്തനമാരംഭിച്ചു. ഡെലിഗേറ്റ് സെൽ ഉദ്ഘാടനവും ആദ്യ പാസിന്റെ വിതരണോദ്ഘാടനവും സാംസ്‌കാരിക വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവഹിച്ചു. നടി ആനി ആദ്യ പാസ് ഏറ്റുവാങ്ങി. ലഹരി വിരുദ്ധ സന്ദേശം പതിപ്പിച്ച ആദ്യ ഡെലിഗേറ്റ് കിറ്റ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നടൻ ഗോകുൽ സുരേഷിന് കൈമാറി. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത് അധ്യക്ഷനായി.മേളയുടെ മുഖ്യവേദിയായ ടാഗോർ തിയേറ്ററിൽ ക്രമീകരിച്ചിട്ടുള്ള ഡെലിഗേറ്റ് സെൽ വഴിയാണ് പാസുകൾ വിതരണം ചെയ്യുന്നത്. ബുധനാഴ്ച രാവിലെ ഒൻപത് മുതൽ പാസ് വിതരണം ആരംഭിക്കും. 14 കൗണ്ടറുകളിലൂടെയാണ് ഡെലിഗേറ്റ് കിറ്റുകൾ വിതരണം ചെയ്യുന്നത്. പ്രതിനിധികൾ ഐ ഡി പ്രൂഫുമായെത്തി വേണം പാസുകൾ ഏറ്റുവാങ്ങേണ്ടത്. വിദ്യാർത്ഥികൾക്കും പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക കൗണ്ടർ ഏർപ്പെടുത്തിയിട്ടുണ്ട്.