ഇന്ത്യന്‍ റേസിംഗ് ലീഗില്‍ ഗോഡ്‌സ്പീഡ് കൊച്ചി ചാമ്പ്യന്മാരായി

Spread the love

കൊച്ചി :  ഇന്ത്യന്‍ റേസിംഗ് ലീഗിന്റെ ഉദ്ഘാടനപതിപ്പില്‍ ഗോഡ്‌സ്പീഡ് കൊച്ചി ഓവറോള്‍ ചാമ്പ്യന്മാരായി. പോയിന്റെ നിലയില്‍ രണ്ടാമതായി ഫൈനല്‍ ലെഗിലേക്കു പ്രവേശിച്ച ഗോഡ്‌സ്പീഡ് കൊച്ചി ഫൈനല്‍ ദിവസം മൂന്നു തുടര്‍ച്ചയായ വിജയങ്ങളിലൂടെ ഹൈദരാബാദ് ബ്ലാക്ക് ബേഡ്‌സില്‍ നിന്നു കീരീടം കൈയടക്കുകയായിരുന്നു.

ഇന്ത്യന്‍ റേസിംഗ് ലീഗിന്റെ നാലാമത്തെയും അവസാനത്തെയുമായ ലെഗ് ഹൈദരാബാദ് സ്ട്രീറ്റ് സര്‍ക്യൂട്ടിലാണ് നടന്നത്. ചെന്നൈ ടര്‍ബോ റൈഡേഴ്‌സ്, ബാംഗ്ലൂര്‍ സ്പീഡ്‌സ്റ്റേഴ്‌സ്. ഗോവ ഏയ്‌സെസ്, ഹൈദരാബാദ് ബ്ലാക്ക്‌ബേഡ്‌സ്, സ്പീഡ് ഡെമണ്‍സ് ഡെല്‍ഹി, ഗോഡ്‌സ്പീഡ് കൊച്ചി എന്നിവയാണ് രംഗത്തുണ്ടായിരുന്ന ടീമുകള്‍.

മദ്രാസിലും ഹൈദരാബാദിലുമായി നടന്ന സീരീസിന്റെ പ്രമോട്ടര്‍മാര്‍ ആര്‍പിപിഎല്‍ ആയിരുന്നു. ഇറ്റാലിയന്‍ കാര്‍ നിര്‍മ്മാതാക്കളായ വുള്‍ഫ് റേസിംഗ് പിന്തുണ നല്‍കി. ഇറ്റാലിയന്‍ സ്‌പോര്‍ട് പ്രോട്ടോടൈപ് ചാമ്പ്യന്‍ഷിപ്പില്‍ ഉപയോഗിക്കപ്പെട്ട വുള്‍ഫ് ജിബി08 തണ്ടര്‍ പ്രോട്ടോടൈപ്പുകളാണ് ഇവിടെ ഉപയോഗിച്ച കാറുകള്‍. സ്റ്റാര്‍ സ്‌പോര്‍ട്‌സ് ടു ചാനലില്‍ ഈ ലീഗ് സംപ്രേഷണം ചെയ്തിരുന്നു.

ഗോഡ്‌സ്പീഡ് കൊച്ചിയ്ക്കു പിന്നാലെ ഹൈദരാബാദ് ബ്ലാക്ക്‌ബേഡ്‌സ്, ഗോവ ഏയ്‌സസ്, ചെന്നൈ ടര്‍ബോ റൈഡേഴ്‌സ്, ബംഗ്ലൂര്‍ സ്പീഡ്‌സ്റ്റേഴ്‌സ്, സ്പീഡ് ഡെമണ്‍സ് ഡെല്‍ഹി എന്നീ ടീമുകളാണ് യഥാക്രമം രണ്ടു മുതല്‍ 6 വരെയുള്ള സ്ഥാനങ്ങള്‍ നേടിയത്. നിഖില്‍ ബോറ, റുഹാന്‍ ആല്‍വ, അലിസ്റ്റര്‍ യൂംഗ്, ഫാബിയന്‍ വോള്‍വെന്‍ഡ് എന്നിവരാണ് ഗോഡ്‌സ്പീഡ് കൊച്ചിയ്ക്കു വേണ്ടി മത്സരിച്ചത്.

ഇന്ത്യയില്‍ മോട്ടോര്‍ സ്‌പോര്‍ട്‌സിനു കൂടുതല്‍ പ്രചാരം കൊടുക്കാന്‍ മുന്നോട്ടു വന്നിരിക്കുകയാണ് ഇന്ത്യന്‍ റേസിംഗ് ലീഗ്. നാലു ഡ്രൈവര്‍മാരും രണ്ടു കാറുകളുമാണ് ഓരോ ടീമിനും ഉണ്ടായിരുന്നത്. ഒരു വനിതാ ഡ്രൈവറും ഉള്‍പ്പെടെ 24 ഡ്രൈര്‍മാരും 12 കാറുകളും ആകെ പങ്കെടുത്തു. വുള്‍ഫ് റേസിംഗ് ടീമാണ് മത്സരിച്ച കാറുകളെല്ലാം പ്രവര്‍ത്തിപ്പിച്ചത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുമിച്ചു മത്സരിക്കുകയും തുല്യജയസാദ്ധ്യത നല്‍കുകയും ചെയ്യുന്ന ആര്‍ പി പി എല്ലിന്റെ നവീനമായ ആശയം അവര്‍ക്കും പ്രചോദനം പകരുകയുമുണ്ടായി.

Report : aishwarya

Author